Latest NewsNewsIndia

ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്; അവരെന്ത് വിചാരിക്കുമെന്നാണ് സംശയം; പൊള്ളാച്ചി പീഡനത്തേക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ചില മുറിവുകള്‍ നമ്മെ ഒരുപാട് ആഴത്തില്‍ വേദനിപ്പിക്കും. ചില വേദനകള്‍ കുടുംബത്തോടൊപ്പം ഒരു നാടിനേയും തീരാദുഃഖത്തിലാഴ്ത്തും. എന്നും നമ്മെ വേട്ടയാടും. ശരീരത്തിലെന്നതിനേക്കാള്‍ മനസ്സിനേല്‍ക്കുന്ന മുറിവുകളായിരിക്കും കൂടുതലും. ഇത്തരത്തിലുള്ള മുറിവുകള്‍ വൈദ്യശാസ്ത്രത്തിനും സുഖപ്പെടുത്താനാവാത്തവയാകും. ചിലത് വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇരുട്ടിലേക്കും അപമാനത്തിലേക്കും ഒരു നഗരത്തെയും ഗ്രാമത്തെയുംവരെ കൊണ്ടുപോകാന്‍ ശേഷിയുള്ളവയായിരിക്കും. അത്തരമൊരു അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുകയാണ് ഇപ്പോള്‍ പൊള്ളാച്ചിയെന്ന തമിഴ്‌നാട്ടിലെ ചെറിയ പട്ടണം. വിദ്യാഭ്യാസവും പണവും സ്വാധീനവുമുള്ള ചില ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന ഒരു മാഫിയയുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ വീണതോടെ അപമാന ഭാരത്തിലാണ് പൊള്ളാച്ചി.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 50ലേറെ പെണ്‍കുട്ടികളെയാണ് 8 പ്രതികള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തത്. ശേഷം മോശം വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുകയും വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. വിദ്യാസമ്പന്നരാണ് പ്രതികള്‍ എന്നതാണ് അവിശ്വനീയം. എംബിഎ ബിരുദധാരികള്‍ ഉള്‍പ്പെട്ടവരാണ് പൊള്ളാച്ചിയെ അപമാനത്തിലാഴ്ത്തിയ പീഡനക്കേസിലെ പ്രതികള്‍. പ്രണയം നടിച്ചായിരുന്നു പീഡനം നടത്തിയിരുന്നത്. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു തുല്യമെന്നാണ് മദ്രാസ് ഹൈക്കോടതി പൊള്ളാച്ചി പീഡനക്കസിനെ വിശേഷിപ്പിച്ചത്. പൊള്ളാച്ചി സ്വദേശിനിയായ ഒരു യുവതി നല്‍കിയ പരാതിയാണു പ്രതികളെ കുടുക്കിയത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പ്രധാനമായും ചൂഷണത്തിന് ഇരയായതും. പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഉന്നമിട്ട് നടത്തിയ പീഡനക്കേസില്‍ 8 പ്രതികളെ പിടികൂടിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത് 4 പേര്‍ക്കെതിരെ മാത്രമാണ്. തിരുനാവക്കരശ്, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ സംഭവങ്ങളിലൊന്നായാണ് പൊള്ളാച്ചി പീഡനക്കേസ് വിലയിരുത്തപ്പെടുന്നത്. ചില പ്രമുഖ രാഷ്ട്രീയ കക്ഷി സംഘടനകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുമുണ്ട്. പരാതി നല്‍കിയ ഒരു ഇരയുടെ പേര് പുറത്താകുക കൂടി ചെയ്തതോടെ കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ടുപോകാനുള്ള സാധ്യതയും മങ്ങിയിരിക്കുന്നു. കേസ് സിബിഐ ഏറ്റെടുത്താലും ഇല്ലെങ്കിലും ബാക്കി പ്രതികളും അറസ്റ്റിലായാലും ഇല്ലെങ്കിലും നാടിനെ നടുക്കിയ ഈ ലൈംഗിക ചൂഷണത്തിന്റെ അപമാനം നേരിടേണ്ടിവന്നിരിക്കുകയാണ് പൊള്ളാച്ചിക്ക്.

കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ താന്‍ പൊള്ളാച്ചിയില്‍ നിന്നാണെന്നു പറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല കൂട്ടത്തില്‍ ആണ്‍കുട്ടികളും. വിവാഹത്തിനു പെണ്ണു ചോദിച്ച് പൊള്ളാച്ചിയിലേക്ക് വരുന്നവരുടെ എണ്ണവും കുറഞ്ഞതായും സംസാരമുണ്ട്. കേസുമായി ഒരു ബന്ധവുമില്ലാത്ത അമ്മമാരുടെയും പെണ്‍മക്കളുടെയും കണ്ണുകളില്‍ പോലും കണ്ണുനീര്‍ തോരുന്നില്ല. അപമാനത്തിന്റ ഭാരത്തില്‍ തല താഴ്ത്തി നടക്കുന്ന പെണ്‍കുട്ടികളും വില്ലന്‍ പരിവേഷവുമായി നടക്കേണ്ടിവരുന്ന ആണ്‍കുട്ടികളും അടങ്ങിയ പൊള്ളാച്ചി ചോദിക്കുന്നു: ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത് ??

മറുപടി പറയാനുള്ള ബാധ്യതയുമണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്. ഇന്നലെവരെ പൊള്ളാച്ചി പലരുടെയും പ്രിയപ്പെട്ട നഗരമായിരുന്നു. സന്തോഷവും സംതൃപ്തിയുള്ള മനുഷ്യരാല്‍ നിറഞ്ഞ നഗരം. ഇപ്പോഴിതാ ഇവിടം മാറിപ്പോയിരിക്കുന്നു. മറ്റു പട്ടണങ്ങളിലുള്ളവര്‍ ഇങ്ങോട്ടുവരാറുപോലുമില്ല…. പൊള്ളാച്ചിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുടെ വേദന നിറഞ്ഞ ഈ വാക്കുകളില്‍ ഒരു പ്രദേശത്തിന്റെയാകെ വേദനയുണ്ട്. അടക്കിപിടിച്ച ധാര്‍മികരോഷവും എതിര്‍പ്പും പ്രതിഷേധവുമുണ്ട്. പല വീടുകളിലും പെണ്‍കുട്ടികളോട് പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടികള്‍ പഠിക്കരുതെന്നുള്ള ആഗ്രഹം കൊണ്ടല്ല, അവര്‍ ഏതെങ്കിലും ചതിക്കുഴികളില്‍ പതിക്കുമോ എന്ന പേടിയുള്ളതുകൊണ്ട്. കോളജുകളില്‍ പോകുന്നതു നിര്‍ത്തി വീട്ടിലിരുന്ന് വിദൂരവിദ്യാഭ്യാസ മാര്‍ഗങ്ങള്‍ തേടാന്‍ പലരോടും മാതാപിതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

ആരെയാണ് വിശ്വസിക്കേണ്ടത്, അരെയാണ് ആശ്രയിക്കേണ്ടത് എന്നറിയാത്ത വിചിത്രമായ ഒരു ആശങ്കയിലാണ് ഈ നഗരം. എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്. അവരെന്ത് വിചാരിക്കുമെന്നാണ് സംശയം. ഇവിടെയിപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കാറുപോലുമില്ല. ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ സംശയിക്കാം.. പേടി മാറുന്നില്ല ഞങ്ങള്‍ക്ക്… കഴിഞ്ഞദിവസം വരെ സന്തോഷത്തോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഓടിച്ചാടി നടന്നിരുന്ന ഒരു ആണ്‍കുട്ടിയാണ് പറയുന്നത്. അവന്റെ പരാതിക്ക് അടിസ്ഥാനമുണ്ട്. അവന്റെ ആശങ്ക അസ്ഥാനത്തല്ല. ആരു സമാധാനം പറയും ഇവരുടെ ചോദ്യങ്ങള്‍ക്ക. ഇവിടെ ഇരയാകേണ്ടി വന്നത് ഒരാള്‍ക്കോ രണ്ടു പേര്‍ക്കോ മാത്രമല്ല. ഒരു സമൂഹത്തിനാണ്. അവരുടെ പേടി മാറ്റേണ്ടി വരിക എന്നത് നാം ഓരോരുത്തരുടേയും ബാധ്യതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button