KeralaLatest News

എഴുത്തുകാരി അഷിത അന്തരിച്ചു

തൃശൂര്‍: പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.50 തോടെയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായിരുന്നു. അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകള്‍ മലയാളത്തില്‍ പരിചിതയാക്കിയത്.

1956 ഏപ്രില്‍ 5-നു തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫന്‍സ് റിട്ട. അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായര്‍) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. തൃശൂര്‍ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പര്‍ 13, ലക്ഷ്മി നാരായണ എന്‍ക്ലേവിലെ അന്നപൂര്‍ണയിലായിരുന്നു താമസം.ഡല്‍ഹിയിലും മുംബൈയിലുമായിരുന്നു അഷിതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം . എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദം നേടി.

വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികള്‍. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.കഥ, കവിത, നോവലൈറ്റ്, പരിഭാഷ, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആധുനികതയ്ക്കു ശേഷം വന്ന തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയാണ്. റഷ്യന്‍ കവിതകള്‍ പദവിന്യാസങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അലക്സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയത് അഷിതയാണ്.2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കു ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് പ്രഫ. രാമന്‍കുട്ടി (ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, കേരള സര്‍വകലാശാല). മകള്‍: ഉമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button