Latest NewsArticle

ഇടത് ആക്രമണങ്ങളില്‍ കൂടുതല്‍ ശക്തനായി എന്‍കെ പ്രേമചന്ദ്രന്‍; മാറ്റി നിര്‍ത്താനാകില്ല കൊല്ലത്തിന് ഈ സൗമ്യസാന്നിധ്യത്തെ

രാഷ്ട്രീയത്തേക്കാള്‍ ഉപരി കഴിവിലും ജനസമ്മതിയിലും മുന്നില്‍ നില്‍ക്കുന്ന എന്‍കെ പ്രേമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ ആശങ്കയില്ലാതെ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്

കഴിഞ്ഞ തവണ എന്‍.കെ. പ്രേമചന്ദ്രനെതിരെ സിപിഎം നടത്തിയ പരനാറി പരാമര്‍ശമായിരുന്നു വിവാദമായതെങ്കില്‍ ഇക്കുറി സംഘിവത്ക്കരണത്തിലൂടെയാണ് സിപിഎം പ്രേമചന്ദ്രനെ ആക്രമിച്ചത്. പക്ഷേ എന്തായാലും എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തള്ളിപ്പറയാന്‍ കഴിയാത്തവിധം ജനങ്ങളിലെത്തിയതിനാല്‍ സിപിഎമ്മിന്റെ കുപ്രചാരണങ്ങളൊക്കെ ഫലത്തില്‍ എന്‍കെ പ്രേമചന്ദ്രന് അനുകൂലമാകുകയാണ്. എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയായിരിക്കും ഇക്കുറിയും കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെന്ന് തീരുമാനമായപ്പോള്‍തന്നെ പ്രചാരണവും തുടങ്ങിക്കഴിഞ്ഞിരുന്നു. എംപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് അനുമോദനചടങ്ങ് നടത്തിയായിരുന്നു യുഡിഎഫ് പ്രചാരണത്തിന് തുടക്കമിട്ടത് തന്നെ. ഇലക്ഷന്‍ വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി പ്രേമചന്ദ്രനെ തന്നെ നിശ്ചയിക്കുകയായിരുന്നു.എല്‍ഡിഎഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ പ്രേമചന്ദ്രന്‍ പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു.

20014 ല്‍ ആര്‍എസ്പിക്ക് സീറ്റ് നിഷേധിച്ച് എം എ ബേബിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇടത് ചേരി വിട്ട് യുഡിഎഫ് മുന്നണിയിലെത്തുകയുമായിരുന്നു ആര്‍എസ്പി . കുണ്ടറ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എംഎ ബേബിയെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തി. അതിന് ശേഷം നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ ഏകപക്ഷീയ വിജയമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രതീക്ഷ. ഇടതുപക്ഷത്തിന്റെ ഇരുക്കു കോട്ടയാണ് കൊല്ലം ജില്ല. ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണിയാണ്. ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂര്‍, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം. കയര്‍, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരുമാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. പക്ഷേ എല്‍ഡിഎഫിന്റെ ഉരുക്കുകോട്ട ഒരിക്കല്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്. രാഷ്ട്രീയത്തേക്കാള്‍ വലുതായ വ്യക്തിപ്രഭാവം പ്രേമചന്ദ്രനെ തുണയ്ക്കുമെന്ന വിശ്വാസമുണ്ട് യുഡിഎഫിനും.

മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏര്‍പ്പെടുത്തിയ പുരസ്‌കാരം നേടിയ വ്യക്തിയാണ് എന്‍ കെ പ്രേമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹരായ രണ്ടുപേരില്‍ ഒരാളാണ് അദ്ദേഹം. ബഹുജനസമ്മതി, ലോക്സഭയിലെ പങ്കാളിത്തം. സ്വകാര്യ ബില്ലുകള്‍, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സഹായം, പൊതുപ്രശ്നങ്ങളിലെ ഇടപെടല്‍, മണ്ഡലത്തിലെ വികസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ത മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണ് പ്രേമചന്ദ്രനെ തേടിയെത്തിയത്. മണ്ഡലത്തിലെ വികസനത്തിനായി ചെലവഴിച്ച തുകയുടെ കാര്യത്തിലും അദ്ദേഹം മുന്‍പന്തിയിലാണ്. 20 ലക്ഷം രൂപയാണ് അദ്ദേഹത്തിനനുവദിച്ച എംപി ഫണ്ട്. 41.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 25.17 കോടിരൂപയുടെ വികസപ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ 17.71 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതില്‍ പ്രേമചന്ദ്രനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമായി പകപോക്കുന്നു എന്നായിരുന്നു ആരോപണം. ഇതോടെ പ്രേമചന്ദ്രന്‍ സംഘിയാണെന്നും അദ്ദേഹം താമസിയാതെ ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്നും സിപിഎം പ്രചാരണം നടത്തി.മുഖ്യമന്ത്രി പിമറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ബൈപാസ് ഉദ്ഘാടനം പ്രധാനമന്ത്രി മോദി നടത്തിയത് സിപിഎമ്മിന് ശക്തമായ തിരിച്ചടിയായിരുന്നു. പ്രേമചന്ദ്രന് സിപിഎം ചാര്‍ത്തിക്കൊടുത്ത സംഘി ബന്ധം വിവാദമായതോടെ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കൊല്ലത്തെ എല്‍ഡിഎപെ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയറിയിച്ചു. പ്രേമചന്ദ്രനെതിരെ ഇത്തരത്തില്‍ പ്രചാരണം നടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും കൊല്ലം പാര്‍ലമെന്റ് മണ്ഡലം ചെയര്‍മാന്‍ എന്‍ അനിരുദ്ധനും സൈക്രട്ടറി കെ വരദരാജനും വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയപ്പോള്‍ മുതല്‍ പ്രേമചന്ദ്രന്‍ സിപിഎമ്മിന്റെ കണ്ണിലെ കരടാണ്. പിണറായി വിജയന്‍ അദ്ദേഹത്തെ പരനാറി എന്ന് വിശേഷിപ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും അത് ഇടത് കോട്ടയായ കൊല്ലത്ത് നിന്ന്് പ്രേമചന്ദ്രനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ സഹായകമാകുകയും ചെയ്തു. ജനപ്രിയനാണ് അന്നുമിന്നും എന്‍കെ പ്രേമചന്ദ്രന്‍. എംപിയായതിന് ശേഷം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങനെയൊരാളെ ആക്ഷേപിച്ച് ഇടിച്ചുതാഴ്ത്താമെന്ന സിപിഎമ്മിന്റെ തന്ത്രം വിപരീതഫലമാണ് ഉണ്ടാക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് ഒട്ടേറെ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത പ്രേമചന്ദ്രന്‍ എന്ന യുവാവ് കേരളരാഷ്ട്രീയത്തില്‍ ശക്തനായ നേതാവായി അറിയപ്പെട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവും നേതൃപാടവവും കൊണ്ടുമാത്രമാണ്. കൊല്ലത്തിന്റെ അതിര്‍ത്തി ഗ്രാമമായ നാവായിക്കുളമാണ് സ്വദേശം. കൊല്ലം മുഖത്തല സെന്റ് ജൂഡ് സ്‌കൂളില്‍ മിടുക്കനായി പഠിച്ച വിദ്യാര്‍ത്ഥി, കൊല്ലം ഫാത്തിമാ കോളേജില്‍ നിന്ന് ബിഎസ്സി ബിരുദവും, പിന്നെ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം റാങ്കില്‍ ഗോള്‍ഡ് മെഡലോടെ നിയമബിരുദവും പാസായാണ് എന്‍കെ പ്രേമചന്ദ്രന്‍ നിരക്ഷരരുടെ തട്ടകമെന്ന് വിളിപ്പേരുള്ള രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി ചെയ്തുതീര്‍ക്കുന്ന ശൈലിയാണ് എന്‍കെ പ്രേമചന്ദ്രനെ മികച്ച ജനപ്രതിനിധിയാക്കുന്നത്. മികച്ച പഞ്ചായത്ത് അംഗം മുതല്‍ മികച്ച പാര്‍ലമെന്റ് അംഗം വരെയുള്ള അംഗീകാരങ്ങള്‍ പടിപടിയായി ചവിട്ടിക്കയറിയാണ് എന്‍കെ പ്രേമചന്ദ്രന്‍ മുന്നേറുന്നത്. ജനീവയിലും ധാക്കയിലും നടന്ന ലോകഇന്റര്‍ പാര്‍ലമെന്റുകളില്‍ ഇന്ത്യയുടെ പ്രതിനിധി പ്രേമചന്ദ്രനായിരുന്നു. ഐക്യരാഷ്ട്രയ സഭയിലെ ശ്രദ്ധേയമായ പ്രസംഗവും പ്രേമചന്ദ്രന്റെ ഖ്യാതി ഇരട്ടിയാക്കി. ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടിയിരുന്ന കൊല്ലം നഗരത്തിന്റെ സമഗ്ര വികസനത്തിന് തുടക്കമിടുന്ന കൊല്ലം ബൈപ്പാസ്, റെയില്‍വേ വികസനത്തിന് പച്ചക്കൊടിയായ പുനലൂര്‍ ചെങ്കോട്ട ഗേജ്മാറ്റം, കൊല്ലം റെയില്‍വേ ജംഗ്ഷന്‍ രണ്ടാം കവാടം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഇഎസ്ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനം, കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിട സമുച്ചയം, എംപിയുടെ പ്രാദേശിക വികസന ഫണ്ടിന്റെ സമ്പൂര്‍ണ്ണവിനിയോഗം എന്നിവയാണ് എംപി എന്ന നിലയില്‍ എന്‍കേ പ്രേമചന്ദ്രന്റെ നേട്ടങ്ങളില്‍ എണ്ണിപ്പറയാവുന്നവ.

നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന കണക്കെടുപ്പ് എല്‍ഡിഎഫിന് അനുകൂലമാണ്. ആ പ്രതീക്ഷയിലാണ് എതിര്‍സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍. മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 79 ഉം എല്‍ഡിഎഫിനൊപ്പമാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു. ഇത്തവണെ കോട്ട തിരികെ പിടിക്കാനുള്ള അവസാന അടവുകളും പയറ്റുന്നുണ്ട് എല്‍ഡിഎഫ്. സിപിഎം മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ എന്‍ ബാലഗോപാല്‍ ജനകീയനും പൊതുസമ്മതനുമാണ്. മുന്‍ രാജ്യസഭാംഗം കൂടിയാണ് ബാലഗോപാല്‍. കേരളത്തിന്റെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ജനവിധി തേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സാബു വര്‍ഗീസും രംഗത്തുണ്ട്. പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നുണ്ട് മൂന്ന് സ്ഥാനാര്‍ത്ഥികളും. പക്ഷേ രാഷ്ട്രീയത്തേക്കാള്‍ ഉപരി കഴിവിലും ജനസമ്മതിയിലും മുന്നില്‍ നില്‍ക്കുന്ന എന്‍കെ പ്രേമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ ആശങ്കയില്ലാതെ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button