Latest NewsTravel

സഞ്ചാര വിശേഷങ്ങള്‍; ഉദയ്പൂര്‍

‘വെണ്ണക്കല്ലില്‍ നിന്നെക്കൊത്തി വെള്ളിപ്പൂന്തിങ്കള്‍’.വെണ്മയുടെ ചാരുതയും ശാലീനതയും പുതച്ച ഉദയ്പൂര്‍ നഗരത്തെ ആകാശക്കാഴ്ചയിലൂടെ കാണുന്ന ഏതൊരു മലയാളിയുടെയും മനസ്സ് ഈ ഗാനശകലമാവും ആദ്യമോര്‍ക്കുക! അവധിക്കാലയാത്രകള്‍ ആഘോഷമാക്കുന്നവര്‍ക്ക് തീര്‍ത്തും ആസ്വാദ്യകരമാവും ഉദയ്പൂരിലേയ്ക്കുള്ള യാത്ര

രാജചരിത്രപരമ്പരകളുടെ ഈറ്റില്ലമായ രാജസ്ഥാനിലെ ഏറ്റവും സുന്ദരമായ നഗരമാണ് ഉദയ്പൂര്‍.നിരവധി കൊട്ടാരസമുച്ചയങ്ങളും മനുഷ്യനിര്‍മ്മിത കൃത്രിമത്തടാകങ്ങളും മനോഹരിയാക്കിയ നാടിനെ ആരവല്ലിമലനിരകള്‍ ഒരു വലയം പോലെ സംരക്ഷിച്ചു നിര്‍ത്തുന്നു.

‘തടാകങ്ങളുടെ നാട്’ എന്നാണ് ഉദയ്പൂര്‍ അറിയപ്പെടുന്നത്.നിരവധി മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ തടാകങ്ങളിലെ ജലവിശുദ്ധി സ്ഫടികസമാനമാണ്!

പ്രകൃതിമനോഹാരിത വഴിഞ്ഞൊഴുകുന്ന ഉദയ്പൂര്‍ ഒരുകാലത്ത് രജപുത്രരാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു.സൂര്യവംശി-സിസോദിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ‘ചിത്തോഢ്ഗഢ്’ അക്ബര്‍ പിടിച്ചടക്കിയപ്പോള്‍ 1558ല്‍ മഹാറാണാ ഉദയ്‌സിംഗ് രണ്ടാമനാണ് ആരവല്ലിയുടെ താഴ് വാര തീരം തങ്ങളുടെ പുതിയ താവളമായി കണ്ടെത്തിയത്.’മേവാട്’എന്നാണ് അന്ന് ഉദയ്പൂര്‍ അറിയപ്പെട്ടിരുന്നത്.1818 ല്‍ ബ്രിട്ടിഷുകാരുടെ ഭരണനിയന്ത്രണത്തിലായപ്പോള്‍ ഉദയ്പൂര്‍ നഗരം രാജസ്ഥാനിലേയ്ക്ക് ലയിപ്പിക്കുകയായിരുന്നു.

ഇന്ന് ഉദയ്പൂരിലെ കൊട്ടാര സമുച്ചയങ്ങള്‍ സമ്പന്നമായ രാജഭരണകാലത്തിന്റെ പ്രൗഢിയും പേറി സഞ്ചാരികള്‍ക്കായി വാതില്‍ തുറന്നിട്ട് കാത്തിരിക്കുകയാണ്.ഓരോ കൊട്ടാരത്തിനും ആശ്ചര്യജനകമായ പിന്നാമ്പുറക്കഥകളുണ്ട്.രണഭൂമിയിലെ വീരഗാഥകളുടെ അഭിമാനമുഖമുണ്ട്.അതിശയിപ്പിക്കുന്ന രാജസ്ഥാനിവാസ്തുവിദ്യയുടെ മാസ്മരികസൗന്ദര്യമുണ്ട്.അകത്തളങ്ങിള്‍ രാജകീയകാലത്തിന്റെ അനശ്വരമായ അവശേഷിപ്പികളുണ്ട്.രണഭൂമിയില്‍ സൈനികര്‍ക്കൊപ്പം അടരാടിയ തലയെടുപ്പുള്ള അസ്സല്‍കുതിരകളുടെ പിന്‍തലമുറകളെ വളര്‍ത്തുന്നുണ്ട്.സമ്പന്നരായ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കൊട്ടാരസദൃശ്യമായ താമസസൗകര്യങ്ങളുള്ള മുറികളുണ്ട്.വിശാലമായ അങ്കണവും പ്രകൃതിരമണീയമായ കാഴ്ചകളും,മനുഷ്യനിര്‍മ്മിത വിനോദോപാധികളുമുണ്ട്. ഒരാഴ്ചയെങ്കിലും നില്ക്കുകയാണെങ്കില്‍ ഉദയ്പൂര്‍ നഗരിയെ ശാന്തമായ മനസ്സോടെ ഹൃദയത്തിലാവാഹിച്ച് തിരിച്ചു പോരാം.

പ്രധാന ആകര്‍ഷണങ്ങള്‍:

സിറ്റി റോയല്‍പാലസ്; 11 കൊട്ടാരങ്ങളിലായി 11ഭരണാധികാരികള്‍ ഒരുമയോടെ ജീവിച്ച വിശാലമായ കൊട്ടാരസമുച്ചയം.

പിച്ചോള ലെയ്ക്ക്: ഈ തടാകത്തിനെ ചുറ്റിപ്പറ്റിയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

മണ്‍സൂണ്‍ പാലസ്; മണ്‍സൂണ്‍ മഴയുടെ സൗന്ദര്യം ആസ്വദിക്കാനായി റാണാ സജ്ജന്‍സിംഗ് പണിത കൊട്ടാരം.

ഫത്തേഹ്‌സാഗര്‍ ലെയ്ക്ക്: സ്ഫടികസമാനമായ ഈ തടാകത്തിലൂടെ ബോട്ട് റൈഡിങ്ങ് ചെയ്‌തെത്തുമ്പോള്‍ മനോഹരമായ രണ്ടു ദ്വീപുകളാവും നമ്മെ കാത്തിരിക്കുന്നത്.

ജഗദീശ് ടെമ്പിള്‍: റോയല്‍പാലസിനോട് തൊട്ടടുത്ത് തന്നെയാണ് ഉദയ്പൂരിലെ ഏറ്റവും വലിയ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ജഗ് മന്ദിര്‍ നിവാസ് ; മനോഹരമായ ദ്വീപിലെ സുന്ദരമായ കാഴ്ച

സഹേലിയോം കി ബാരി; റാണിയുടെയും തോഴിമാരുടെയും വിനോദവേളകള്‍ക്കായി പണിത കൊട്ടാരം.

വിന്റേജ് കാര്‍ ഗ്യാലറി
ബാഗോര്‍ കി ഹവേലി
സ്വരൂപ് സാഗര്‍
രംഗ്‌സാഗര്‍
ദൂധ് തലായ് ലെയ്ക്ക്.. ഇങ്ങനെ നീണ്ടുപോകുന്നു ഉദയ്പൂര്‍ കാഴ്ചകള്‍.
ഇന്ത്യയുടെ ഏത് ദേശത്തു നിന്നും ട്രെയിന്‍,വിമാനസര്‍വീസുകള്‍ ലഭ്യമാണ്.എല്ലാ നിരക്കിലുമുള്ള ഹോട്ടല്‍സര്‍വീസുകളും നല്ല ഭക്ഷണവും പ്ലസ്‌പോയിന്റുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button