IndiaNews

കര്‍ണാടകത്തില്‍ 14 മണ്ഡലത്തില്‍ നാളെ പ്രചാരണം അവസാനിക്കും

 

ബംഗളൂരു: കോണ്‍ഗ്രസിനും സഖ്യകക്ഷിയായ ജനതാദള്‍ സെക്കുലറിനും നിര്‍ണായകമായ കര്‍ണാടകയിലെ 14 മണ്ഡലത്തിലെ പ്രചാരണത്തിന് ചൊവ്വാഴ്ച തിരശ്ശീലവീഴും. തെക്കന്‍ കര്‍ണാടകത്തിലെയും ബംഗളൂരു മെട്രോ നഗരത്തിലെയും 14 മണ്ഡലത്തിലാണ് 18ന് തെരഞ്ഞെടുപ്പ്. സംസ്ഥാനഭരണം നിയന്ത്രിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഈ മണ്ഡലങ്ങള്‍.

മുന്‍കാലങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു ഈ മണ്ഡലങ്ങള്‍ വേദിയായത്. ഇക്കുറി കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യവും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഭൂരിഭാഗം മണ്ഡലങ്ങളിലും. പരസ്പര വിശ്വാസമില്ലായ്മ സഖ്യത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് അവസാന ദിവസങ്ങളിലും. ശേഷിക്കുന്ന 14 മണ്ഡലത്തില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്. ജാതിസമുദായ സമവാക്യങ്ങളും കര്‍ഷകവോട്ടുകളുമാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. ദളിത്, പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും പല മണ്ഡലങ്ങളിലും നിര്‍ണായകമാണ്. കര്‍ഷക ആത്മഹത്യയും പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല.

മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ ദേവഗൗഡ മത്സരിക്കുന്ന തുംകൂറും ചെറുമക്കളായ നിഖില്‍ ഗൗഡയും പ്രജ്വല്‍ രേവണ്ണയും മത്സരിക്കുന്ന മാണ്ഡ്യയും ഹസനുമാണ് ജനതാദളിനെ സംബന്ധിച്ച് സുപ്രധാനം. ജെഡിഎസ് നേതൃത്വത്തിലെ തലമുറമാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.
മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സുമലതയെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളുമാണ് സുമലതയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഹസനില്‍ കോണ്‍ഗ്രസ് നേതാവായ കെ മഞ്ജു ബിജെപി സ്ഥാനാര്‍ഥിയായി. ഭൂരിപക്ഷം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും മഞ്ജുവിനുവേണ്ടി രംഗത്തുണ്ട്.

ദേവഗൗഡ മത്സരിക്കുന്ന തുംകൂറിലാണ് വാശിയേറിയ പോരാട്ടം. ജി എസ് ബസവ രാജാണ് ബിജെപി സ്ഥാനാര്‍ഥി. സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ മുദ്ദ ഹനുമ ഗൗഡ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്കാണ് ദേവഗൗഡയുടെ പ്രചാരണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button