Latest NewsArticle

കണി കണ്ട് കണ്ണടയ്ക്കരുത് , കാണണം ഇല്ലാതാകുന്ന നന്‍മക്കാഴ്ച്ചകള്‍ കൂടി

രതി നാരായണന്‍

വിഷുപ്പുലരിയില്‍ തുറക്കുന്ന കണ്ണുകള്‍ കണി കണ്ടു കഴിയുമ്പോള്‍ താനേ അടഞ്ഞുപോകുന്നതിനെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍ ഓട്ടുതളികയില്‍ പൂത്തുലഞ്ഞുകിടക്കുന്ന കൊന്നപ്പൂക്കളെ ഇത്തവണ ഒന്നു കൂടി നോക്കണം. പറയാനുണ്ടാകും ഒരുപാട് സങ്കടക്കഥകള്‍. വെട്ടിയരിഞ്ഞിടുന്ന ചില്ലകള്‍ക്കിടയില്‍ തായ്ത്തടി ആകാശം നോക്കി കരയുന്നതും അവസാനവെട്ടിന്റെ മുറിവ് താങ്ങാതെ അമ്മമരങ്ങള്‍ അറ്റുവീഴുന്നതും കൊന്നപ്പെണ്ണിന്റെ കണ്‍മുന്നിലായിരുന്നു.

കുരുവിക്കൂട്ടില്‍ വിരിയാനിരുന്ന ജീവന്‍ തിരിച്ചുപോയി. അണ്ണാന്‍ കുഞ്ഞും അടയ്ക്കാകുരുവിയും പേടിച്ചരണ്ട് തിളക്കുന്ന ചൂടിലേക്ക് എടുത്തുചാടി. പച്ചപ്പ് മായാത്ത മരക്കുറ്റി ഒരു തണലിനായി തപസ് ചെയ്തു മരിച്ചു. ഒക്കെ കണ്ട് കരളുരുകി നില്‍ക്കുമ്പോഴാണ് കണിക്കൊന്നക്ക് പൂക്കേണ്ടി വന്നത്. ആകാശത്തിലേക്ക് നീണ്ടുപോയ ശിരസുയര്‍ത്തി നാലുപാടും നോക്കുമ്പോള്‍ ആകാശവും ഭൂമിയും തിളച്ചുമറിയുന്നു. എന്നോ നനഞ്ഞ മണ്ണിലേക്ക് വേരുകളെ പറഞ്ഞയച്ചാണ് ഓരോ കൊമ്പിലും പൂമൊട്ട് നിറച്ചത്. ഇനി എത്രനാളിങ്ങനെ എന്നാണ് ഓട്ടുതളികയില്‍ വാടിച്ചരുങ്ങുന്ന കണിക്കൊന്നപ്പൂക്കള്‍ വിളിച്ചു ചോദിക്കുന്നത്. മാഞ്ഞുപോകുന്ന പച്ചപ്പുകളില്‍ ആയുസെത്ര എന്ന് തിട്ടമില്ലാതെ, പിന്നെയും പൂക്കുമെന്ന് ഉറപ്പില്ലാതെഓരോ കണിക്കൊന്നയും പൂനിറച്ച ചില്ലകള്‍ താഴ്ത്തി നിശബ്ദരാകുന്നു.

മനുഷ്യന്‍ പക്ഷേ മരങ്ങളെപ്പോലെയല്ല. വരുംകൊല്ലത്തിലും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന നല്ല നാളുകള്‍ അവന്റെ ചിന്തകളിലേ ഇല്ല. വിഷുത്തലേന്ന് മാത്രം കണിക്കൊന്നയെ ഓര്‍ക്കും. വിഷുവല്ലെങ്കില്‍ വെട്ടിനിരത്തി വികസനം വരുത്തും. അതറിയാം കണിക്കൊന്നക്ക്. അതുകൊണ്ടാണ് ജലം തേടി പാഞ്ഞുപോകുന്ന വേരുകളിലൊന്നിനെ ഒളിപ്പിച്ച് വച്ച് അവള്‍ മരിക്കാനൊരുങ്ങുന്നത്. വെട്ടിയറുത്തുമാറ്റിയാലും ഒരിളംതൈ ചുറ്റുവട്ടത്ത് തലപൊക്കുന്നത് കാണാറില്ലേ. മനുഷ്യരെപ്പോലെയല്ല മരങ്ങള്‍. അവര്‍ക്ക് നാളെകളെക്കുറിച്ച് ആശങ്കയുണ്ട്. തണല്‍ വിരിയിക്കാനും കൂടൊരുക്കാനും മരമില്ലാതായാല്‍ ഭൂമി വെന്തുമരിക്കുമെന്ന ആധിയില്‍ ഉരുകി ജീവിക്കുകയാണ് ഓരോ മരജീവനും.

കണി കാണാന്‍ മാത്രം തുറന്ന കണ്ണുകള്‍ അടയ്ക്കുന്നതിന് മുമ്പ് ഒന്നുകൂടി നോക്കണം കണിത്തട്ടിലേക്ക്. കണിവെള്ളരിക്കൊരു വാട്ടമുണ്ടാകും. മണിക്കൂറുകളോളം മൂടിക്കെട്ടിയ ലോറിയില്‍ അടുങ്ങിക്കിടന്നെത്തിയതിന്റെ ക്ഷീണമാണത്. മലയാളക്കരയില്‍ കണിവെള്ളരിത്തണ്ടിന് നന്നായൊന്ന് പടര്‍ന്ന് പൂക്കാന്‍ നിലമില്ലാതായിട്ട് കാലങ്ങളായി. ദേശവും ഭാഷയും കടന്നെത്തുന്ന വെള്ളരി വിഷുക്കണിയിലെ കാഴ്ച്ചക്കാരനാണിപ്പോള്‍. അറിയാത്ത ദേശത്തെ മനസിലാകാത്ത സംസ്‌കാരത്തില്‍ അന്യനെപ്പോലെ ഒരുകോണിലിരിക്കുക. എങ്കിലും വെള്ളരിക്കും പറയാനുണ്ട് കടന്നു വന്ന വഴിയിലെ കാഴ്ച്ചകളെക്കുറിച്ച്. എന്തിനാണ് കുന്നുകളും മലകളും ഇടിച്ചുനിരത്തി വഴിയൊരുക്കുന്നതെന്ന് വെള്ളരിക്ക് മനസിലാകുന്നതേയില്ല. ആ കുന്നിലൊരുകോണില്‍ വിത്തുകള്‍ വാരിവിതറുന്നതും അവ മുളച്ച് പടര്‍ന്ന് മൊട്ടിട്ട് പൂത്ത് കായ്ച്ചുമറിയുന്നതുമാണ് വെള്ളരിയുടെ സ്പ്നം. മണ്ണും വെള്ളവും സ്വപ്നം കണ്ട് ഉള്ളിലുറങ്ങുന്ന വിത്തുകളോട് എന്തുപറയുമെന്നാണ് കണിവെള്ളരിയുടെ സങ്കടം. മനുഷ്യന്‍ മാത്രമല്ല മരങ്ങളും വിത്തുകളുമെല്ലാം വന്ധ്യംകരണത്തിന് വിധേയമാകുകയാണെന്ന് കണിക്കൊന്നപ്പൂക്കളാണ് വെള്ളരിക്ക് പറഞ്ഞുകൊടുത്തത്.

ഇനിയുമുണ്ട് കണിത്തട്ടില്‍ നിന്നുയരുന്ന ആവലാതികളും നെടുവീര്‍പ്പുകളും. പാതി മുറിച്ച അടയ്ക്കാത്തുണ്ടും അന്യം നിന്നുപോകുന്ന തലമുറയോര്‍ത്ത് നിശബ്ദനാണ്. കുഞ്ഞന്‍ ചക്കക്ക് നിസ്സംഗതയായിരുന്നു. ആര്‍ക്കും വേണ്ടാത്ത എനിക്കെന്ത് വേവലാതി. മൂത്തുപാകമായി താനേ പഴുത്തു കൊഴിഞ്ഞുപോകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ആര്‍ക്കും പ്രയോജനമില്ലാതെ മൂത്തിട്ടെന്തുകാര്യം. ഈ ഓട്ടുതളികയിലൊടുങ്ങട്ടെ ആയുസെന്ന് ആത്മഗതം ചെയ്യുകയാണ് കുഞ്ഞന്‍ ചക്ക. അങ്ങനെ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മയില്‍ കണികാണാന്‍ നിരത്തുന്ന ഓരോ വിഭവത്തിനും ആശങ്കയുണ്ട് ഇനി എത്രനാളെന്ന്..ഇത്തവണ കണി കണ്ട് പുറത്തിറങ്ങുമ്പോള്‍ കണ്ണ് ശരിക്കും തുറന്ന് ചുറ്റുമൊന്ന് നോക്കണം. അപ്പോള്‍ കാണാം ചുട്ടുപൊള്ളുന്ന മണ്ണിനേയും മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയേയും. ആഘോഷങ്ങള്‍ ആഡംബരമായി മാറുമ്പോള്‍ നിസംഗരാകുകയല്ല വേണ്ടത് നഷ്ടമാകുന്നവ തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞയാണ് വിഷുപോലുള്ള സുദിനങ്ങളില്‍ സ്വീകരിക്കേണ്ടത്. തൊണ്ട വരണ്ടുണങ്ങി നാളെ മരിക്കാന്‍ പോകുന്നത് ഏതോ തലമുറയല്ല. നമ്മുടെ ചോരയുടെ ചോരയാണ്. അവര്‍ക്കായി ഒന്നും കരുതാതെ ഭൂമിയെ മുച്ചൂടും നശിപ്പിക്കുന്നതു കണ്ട് കയ്യും കെട്ടി നില്‍ക്കുകയാണ് ഓരോരുത്തരുമെന്ന് ഈ വിഷുദിനത്തിലെങ്കിലും ഓര്‍ക്കുക.

കണ്‍മുന്നിലാണ് മലകള്‍ ഇടിച്ചുനിരത്തപ്പെടുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്നത്. കുളങ്ങള്‍ വരണ്ടുണങ്ങുന്നത്. എന്നേക്കുമായുള്ള അപ്രതിരോധ്യമായ നഷ്ടങ്ങളല്ല ഒന്നും. മനസുവച്ചാല്‍ തിരികെ പിടിക്കാവുന്നതേയുള്ളു. ഓരോ ഗ്രാമങ്ങളിലും വിഷുദിനത്തില്‍ ഒരു പ്രതിജ്ഞയുയരണം. അടുത്ത വിഷുവിന കണി കാണാന്‍ ഇന്നാട്ടില്‍ വിളയിച്ചെടുക്കുന്ന കണിവെള്ളരിയാകും. അതിനായി തരിശുകിടക്കുന്ന ഏതെങ്കിലും നിലത്തില്‍ ഒരു ചെറിയ കാര്‍ഷിക കൂട്ടായ്മയുണ്ടാകണം. ഒന്നിച്ച് അധ്വാനിച്ച് വിളയിച്ചെടുത്ത ആ കാര്‍ഷികസമൃദ്ധിക്കായി ഒരു നീരുറവ കാത്തുസൂക്ഷിക്കാനും ആരെങ്കിലുമൊക്കെ മുന്നോട്ട് വരണം. അങ്ങനെ എല്ലാവര്‍ക്കും എന്നും കണികാണാന്‍ നിറഞ്ഞ കുളവും കാര്‍ഷിക സമൃദ്ധിയുമായി ഗ്രാമങ്ങളുണ്ടാകും. നാടുമുഴുവനുമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപടേണ്ട. പക്ഷേ സ്വന്തം ഗ്രാമത്തിലെ ഒരു കുന്നു പോലും ഇനി ജെസിബിക്ക് ഭക്ഷണമാകാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്താല്‍ മതി. ഇതൊക്കെ ഉണ്ടാകുമ്പോള്‍ മാത്രമാണ് വിഷു എന്നത് കണ്ടുമറക്കുന്ന കണിക്കാഴ്ച്ചയില്‍ നിന്ന് മനസുകളുടെ ഉത്സവമാകുന്നത്.

ഒരു മുഴുവന്‍ വര്‍ഷത്തേക്കുള്ള നന്‍മയാണ് വിഷുവിലെ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥനക്ക് ശേഷവും കണ്ണൊന്നു തുറക്കണം. പരസ്പരം പോരടിക്കാനും അവഹേളിക്കാനും മത്സരിക്കുന്നവര്‍ക്കിടയിലാണ് നന്‍മയുടെ ആഘോഷം. ആരോടൊക്കെയോ എന്തിനോടൊക്കെയോ ഉള്ള അന്ധമായ വിധേയത്വത്തില്‍ പരസ്പരബഹുമാനമില്ലാതെ അധിക്ഷേപിക്കുകയാണ്, ആക്രമിക്കുകയാണ് മനുഷ്യന്‍. ഇവര്‍ക്കിടയില്‍ നിന്നാണ് ഒരു വര്‍ഷത്തെ മുഴുവന്‍ കാഴ്ച്ചകളും നന്‍മയുടേയും പ്രതീക്ഷയുടേയും ആകണമേ എന്ന് നാം പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥിച്ചതുകൊണ്ടു മാത്രമായില്ല, നന്‍മ മനസിലുമുദിക്കണം. കാണുന്നതെല്ലാം നന്‍മയാകണേ എന്നതിനൊപ്പം നന്‍മയുള്ള മനസുണ്ടാകണേ എന്നുകൂടി പ്രാര്‍ത്ഥിക്കണം. അങ്ങനെ എല്ലാവരും നല്ലതുമാത്രം കാണട്ടെ. എല്ലാവര്‍ക്കും നല്ല ബുദ്ധിയുണ്ടാകട്ടെ. ദുര്‍ജനങ്ങളെല്ലാം സജ്ജനങ്ങളാകട്ടെ. കണിക്കൊന്ന മാത്രമല്ല സര്‍വ്വചരാചരങ്ങളും നന്‍മപൂക്കളില്‍ മൂടിനിന്ന് എന്നും വിഷുവാണെന്ന് ലോകത്തോട് വിളിച്ചുപറയട്ടെ.

Tags

Post Your Comments

Related Articles


Back to top button
Close
Close