Election NewsConstituencyElection 2019

എറണാകുളം; മൂന്നില്‍ ആര് ജനപ്രിയ നായകന്‍

വൈവിധ്യങ്ങളായ സംസ്‌കാരങ്ങളും പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് എറണാകുളം. വ്യാവസായികപരവും സാംസ്‌കാരികപരവുമായൊക്കെയുള്ള വികസന കാര്യങ്ങളില്‍ ഏറെ മുന്നിലാണ് ഈ ജില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് എറണാകുളം ലോക്സഭാ മണ്ഡലമിപ്പോള്‍. മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ ലക്ഷ്യം വെച്ചിരിക്കുന്ന മണ്ഡലം എന്നുകൂടി നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പറയേണ്ടിവരും.

പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തറ, തൃക്കാക്കര, കളമശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. 1957 മുതല്‍ 2014 വരെയുള്ള വിവിധ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ വിജയചരിത്രം പരിശോധിച്ചാല്‍
വലതുപക്ഷത്തിന് മുന്‍തൂക്കമുളള മണ്ഡലമാണ് എറണാകുളം എന്നു വ്യക്തം. ചുരുങ്ങിയ വര്‍ഷങ്ങളില്‍ മാത്രമാണ് മണ്ഡലം യുഡിഎഫിന് എതിരെ വിധി എഴുതിയത്.

എറണാകുളത്ത് ഇക്കുറി മല്‍സരം ഇത്തിരി സീരിയസാണ്. യുഡിഎഫ് കോട്ട കാത്തു സൂക്ഷിക്കാന്‍ യുവനിരയില്‍ നിന്നൊരു ജനപ്രിയ നായകന്‍, ഹൈബി ഈഡന്‍ എംഎല്‍എ. യുഡിഎഫിന്റെ വിജയപ്രതീക്ഷ തകര്‍ക്കാന്‍ സിപിഎമ്മിന് അവതരിപ്പിക്കാവുന്ന ഏറ്റവും ജനകീയ മുഖം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്. സിവില്‍ സര്‍വീസിലും രാഷ്ട്രീയത്തിലും പേരെടുത്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്‍ഡിഎയുടെ മുഖവുമായി. മൂവരും ചേര്‍ന്നതോടെ എറണാകുളം ചൂടുപിടിക്കാന്‍ തുടങ്ങി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ 2014ലെ കണക്കനുസരിച്ച് 11,30,040 ആണ് വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 5,77,286 പേര്‍ വനിതകളും 5,52,754 പേര്‍ പുരുഷന്മാരുമാണ്. കോണ്‍ഗ്രസിലെ പ്രഫ. കെ.വി. തോമസാണ് നിലവിലെ എം.പി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തേരോട്ടത്തില്‍ യു.ഡി.എഫ്. കോട്ടകള്‍ പലതും ഇളകിവീണെങ്കിലും എറണാകുളം ലോക്സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും കോണ്‍ഗ്രസിനെ തുണച്ചു. ഇതാണു യു.ഡി.എഫിന്റെ പ്രതീക്ഷയും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മറ്റു കോര്‍പറേഷനുകളില്‍നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടപ്പോള്‍ കൊച്ചി കോര്‍പറേഷനില്‍ കൂടുതല്‍ സീറ്റ് നേടി യു.ഡി.എഫ്. ശക്തി തെളിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രവും യു.ഡി.എഫിനാണ് മുന്‍തൂക്കം നല്‍കുന്നത്. ലത്തീന്‍ സമുദായം നിര്‍ണായക ഘടകമായ മണ്ഡലത്തില്‍ 1951 മുതലുള്ള തെരഞ്ഞെടുപ്പില്‍ 1967 ല്‍ ഒഴികെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ക്രൈസ്തവ സമുദായക്കാരാണ്. വി.വി. മേനോനാണ് 1967 ല്‍ വിജയിച്ചത്. ഇക്കുറിയും യു.ഡി.എഫ്. പട്ടികയിലുള്ളവര്‍ ലത്തീന്‍കാര്‍ തന്നെ.

ഉപതെരഞ്ഞെടുപ്പടക്കം 17 തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഞ്ചുതവണ മാത്രമാണ് എല്‍.ഡി.എഫിനൊപ്പം മണ്ഡലം നിന്നത്. എറണാകുളത്തെ പ്രതിനിധീകരിച്ച് അഞ്ചു തവണ കെ.വി. തോമസ് പാര്‍ലമെന്റിലെത്തി. 1984 മുതല്‍ മല്‍സരരംഗത്തുള്ള കെ.വി. തോമസ് 1996ല്‍ ഇടതിന്റെ സേവ്യര്‍ അറയ്ക്കലിന് മുന്നില്‍ തോല്‍വി സമ്മതിച്ചു. പിന്നീട് 2009ല്‍ മടങ്ങിയെത്തി തുടര്‍ച്ചയായി രണ്ടുവട്ടം എറണാകുളത്ത് യു.ഡി.എഫ്. മേല്‍ക്കൈ അരക്കിട്ടുറപ്പിച്ചു.

കെ.വി. തോമസിനെ പോലൊരു നേതാവിനെ തോല്‍പ്പിക്കാന്‍ ചരടില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ കൊണ്ടാവില്ലെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതോടെയാണ് ഇക്കുറി കലാലയകാലം മുതല്‍ കൊച്ചിക്കാരനായ പി. രാജീവിനെ രംഗത്തിറക്കുന്നത്.

ഏതു മല്‍സരത്തിലും വിജയി ഒന്നേയുള്ളു. അതിനപ്പുറത്തേക്കു പ്രസക്തിയില്ല. വിജയിയുടെ കസേരയിലേക്കു നടന്നുകയറാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിക്കുന്നു. നഗരകേന്ദ്രവും കടല്‍ത്തീരവും ഉള്‍പ്രദേശങ്ങളും ഒരുപോലെ സ്ഥാനാര്‍ഥികളെ ഉഷ്ണിപ്പിക്കുന്നു. സര്‍വസ്വീകാര്യരെന്ന ലേബല്‍ 3 പേര്‍ക്കുമുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാവും എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗവുമായ ഹൈബി ഈഡന് വോട്ടര്‍മാര്‍ക്കിടയില്‍ യുവത്വത്തിന്റെ പ്രസരിപ്പ് എന്ന ഇമേജ് തന്നെയാണ് മുതല്‍ക്കൂട്ട്.

മികച്ച പാര്‍ലമെന്റേറിയന്‍ ഇമേജ് രാജീവിനും പ്രശസ്തിനേടികൊടുക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നയാള്‍ എന്ന പേര് അല്‍ഫോന്‍സ് കണ്ണന്താനവും കാത്തുസൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ 10% വോട്ട് വ്യത്യാസമുണ്ട്.

എന്നാല്‍ 2009 ല്‍ ഇതു വെറും 2 % മാത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും വോട്ടു വിഹിതത്തില്‍ ഉണ്ടാവുന്ന ക്രമാനുഗത വര്‍ധനയിലാണു ബിജെപിയുടെ പ്രതീക്ഷ. പൊതുതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button