KeralaLatest News

ഹരിപ്പാട് കൊലപാതകം : കൊല്ലപ്പെട്ടയാളെ സീറ്റ് ബെല്‍റ്റ് ഇട്ട് കാറില്‍ ഇരുത്തി മൃതദേഹം മറവു ചെയ്യാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചു : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍

ആലപ്പുഴ : ഹരിപ്പാട് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പുറത്തുവരുന്നത് ആരെയും ഭീതിയിലാഴ്ത്തുന്ന വിവരങ്ങള്‍. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, കൊലയാളികള്‍ മൃതദേഹത്തെ കാറില്‍ സീറ്റ് ബെല്‍റ്റിട്ട് ഇരുത്തി നഗരം മുഴുവനും റോന്ത് ചുറ്റി. കൊല്ലപ്പെട്ടയാളെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ കുഴിച്ചുമൂടാനായിരുന്നു പ്രതികളുടെ പദ്ധതി.

പള്ളിപ്പാട് നീണ്ടൂര്‍ മുറിയില്‍ കൊണ്ടൂരേത്ത് പടീറ്റതില്‍ രാജനെ (75) തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തി കുഴിച്ചു മൂടിയത് . ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു കൊലയും മറവും ചെയ്യലും. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവര്‍ ഒരാഴ്ചകള്‍ക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാ രംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു.

വണ്ടി ഇടിച്ച് കൊല്ലാനും, ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജന്‍ ക്ലോറോഫാം തട്ടി മാറ്റി. തുടര്‍ന്നാണു പിന്നില്‍ നിന്നു വയറും തോര്‍ത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെല്‍റ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിന്‍സീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു.

രാത്രിയോടെ കുരീക്കാട് ജംക്ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാല്‍ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്നതിനാല്‍ ഉപേക്ഷിച്ചു. തുടര്‍ന്നു പാടത്തിനു സമീപത്തെ ആള്‍ താമസമില്ലാത്ത മതില്‍കെട്ടുള്ള വീട് തിരഞ്ഞെടുത്തു.

മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളില്‍ കൂടി പറമ്പിലേക്കിട്ടു.തുടര്‍ന്നു കുഴിയെടുത്തു മൂടി മുകളില്‍ ഹോളോബ്രിക്‌സ് കട്ടകള്‍ വച്ചു. ഇവിടെ നികത്താനായി വീട്ടുകാര്‍ ഗ്രാവല്‍ ഇറക്കിയിരുന്നു. ഗ്രാവല്‍ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്.രാജനു ഫോണ്‍ ചെയ്ത ശേഷം രാജേഷ് ഫോണ്‍ വീട്ടില്‍ തന്നെ വെച്ചാണു പുറപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.

പിന്നീടു വിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലില്‍ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികള്‍ സിസിടിവി ദൃശ്യത്തിലെ കാര്‍ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയില്‍ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button