KeralaLatest News

ഐ.എസ് റിക്രൂട്ട്‌മെന്റ് മുന്നറിയിപ്പു ലഭിച്ചു; സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച

കൊല്ലം: ഭീകരസംഘടനയായ ഐഎസിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്യുന്നതു തടയാന്‍ ലക്ഷ്യമിട്ടു രഹസ്യാന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിയതായി ആരോപണം. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിനു സംസ്ഥാനത്തു ശക്തമായ കണ്ണികളുണ്ടെന്ന വിവരങ്ങള്‍ക്കു പിന്നാലെയാണു, മാസങ്ങള്‍ക്കു മുന്‍പ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗ നല്‍കിയ റിപ്പോര്‍ട്ട് പുറത്തായത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും അവഗണിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണിലും അതിനു മുന്‍പുമായി കാസര്‍കോട്ടെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 10 പേര്‍ യെമനിലേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണു സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചത്. കാസര്‍കോട് കുമ്പള സ്വദേശിയും കുടുംബവും മംഗളൂരുവില്‍ നിന്നു ദുബായ് വഴിയും ബൈക്കൂര്‍ സ്വദേശിയും കുടുംബവും കൊച്ചിയില്‍ നിന്ന് ഒമാന്‍ വഴിയും യെമനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘത്തില്‍ 3 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു.

ഐഎസില്‍ ആകൃഷ്ടരാകുന്നവര്‍ യെമനിലാണ് ആദ്യം എത്തുകയെന്നു വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അവിടേക്ക് പോകാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും ശുപാര്‍ശ ചെയ്തിരുന്നു. യെമനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികള്‍, ഗ്രൂപ്പുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. യെമനിലേക്ക് ആളെ കടത്തുന്ന പശ്ചാത്തലത്തില്‍, ഇതിനെതിരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം കര്‍ശന നടപടി ശുപാര്‍ശ ചെയ്തു കേന്ദ്ര സര്‍ക്കാര്‍ 2017 സെപ്റ്റംബറില്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു.

യെമനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ അസാധുവാക്കുകയോ ചെയ്യണമെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ടായിരുന്നു.ആളുകളെ കടത്തി എന്നു തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ കേസെടുക്കണം. ഇത്തരക്കാരെ സഹായിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാക്കെതിരെ കേസെടുക്കണം. ഇന്ത്യക്കാരെ യെമനിലേക്കു കടത്തുന്ന വിദേശ കപ്പല്‍ കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഭാവിയില്‍ അവര്‍ക്ക് ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എല്ലാവിധ മുന്നറിയിപ്പുകളും അവഗണിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button