News

‘പച്ചത്തുരുത്ത്’പദ്ധതിക്ക് ലോക പരിസ്ഥിതിദിനത്തില്‍ തുടക്കമാവും

എറണാകുളം: തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് അടുത്തമാസം അഞ്ചിന് തുടക്കമാവും.ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. ആദ്യഘട്ടത്തില്‍ എല്ലാജില്ലകളിലുമായി ആയിരം പച്ചത്തുരുത്തുകളുടെ നിര്‍മ്മാണം ആരംഭിക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തിസ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത്‌ സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്. സ്വകാര്യവ്യക്തികള്‍ ഉള്‍പ്പെടെനിരവധി സംരംഭകര്‍ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എല്ലാജില്ലകളിലുമായി വിവിധ പഞ്ചായത്തുകള്‍ ഒരേക്കറും അതിലധികം വിസ്തൃതിയുമുള്ള സ്ഥലങ്ങള്‍ ഇതിനായികണ്ടെത്തി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ജില്ലയില്‍ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കണ്ടെത്തിയ 250 ഏക്കറോളം ഭൂമിയില്‍ പച്ചത്തുരുത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജൈവവൈവിധ്യ ബോര്‍ഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധിതൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെസാമൂഹ്യവനവത്ക്കരണവിഭാഗം, പരിസ്ഥിതിസംഘടനകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത്‌ സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി പരിസ്ഥിതി പ്രവര്‍ത്തകര്‍,ജൈവവൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്ക്കരണരംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശികസാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതലസാങ്കേതിക സമിതികളുണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പച്ചത്തുരുത്ത് നിര്‍മ്മിതിക്കാവശ്യമായ സാങ്കേതികസഹായങ്ങള്‍ഈ സമിതികളാണ്‌ നല്‍കുന്നത്.

ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യംകൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക്‌ വലിയ പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച്‌ സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശികജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button