NewsIndia

വായുമലിനീകരണം മൂലം ആളുകള്‍ മരിച്ചെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്രമന്ത്രി

 

ദില്ലി: വായു മലിനീകരണം കാരണം ഒരു മില്യണിലധികം ആളുകള്‍ ഇന്ത്യയില്‍ മരിച്ചുവെന്ന ആഗോള റിപ്പോര്‍ട്ട് നിഷേധിച്ചു കൊണ്ട് കേന്ദ്ര മന്തി ഹര്‍ഷ് വര്‍ധന്‍ രംഗത്ത്. ഇത്തരം പഠനങ്ങള്‍ ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ മാത്രമേ ഇടയാക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണ പ്രശ്‌നത്തെ നേരിടാന്‍ തന്റെ സര്‍ക്കാര്‍ കഠിനമായി അധ്വാനിക്കുന്നതായും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാറിനെ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര പരിസ്ഥിതി മന്ത്രിയായ അദ്ദേഹം രാജ്യ തലസ്ഥാനത്തെ മണ്ഡലമായ ചാന്ദ്‌നി ചൗക്കില്‍ നിന്നുമാണ് ഇത്തവണ മത്സരിക്കുന്നത്. ‘വായു മലിനീകരണം കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു, നല്ല ദിവസങ്ങള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകുകയും മോശം ദിവസങ്ങള്‍ ഓരോ ദിവസവും താഴേക്ക് പോകുകയുമാണ്’, അദ്ദേഹം പറഞ്ഞു.

അസുഖങ്ങള്‍ക്കും മറ്റു ബുദ്ധിമുട്ടുകള്‍ക്കും മലിനീകരണം കാരണമാകുമെന്ന് വിശ്വസിക്കാനാകില്ല. മലിനീകരണം ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നം തന്നെയാണ്. എന്നാല്‍ അത് കാരണം ദശലക്ഷ കണക്കിന് ആളുകള്‍ മരിച്ചെന്ന വാദം അംഗീകരിക്കാനാകില്ല. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

പരിസ്ഥിതി എന്‍ജിഒ ഗ്രീന്‍പീസ് അടുത്തിടെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ലോകത്തെ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി ഒന്നാമതാണെന്ന് പറയുന്നു. വായുമലിനീകരണം മൂലം 2017 ല്‍ ഇന്ത്യയില്‍ 1.2 മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തു വിട്ട റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു.

മലിനീകരണ പ്രശ്‌നം നേരിടാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 60 സംഘങ്ങളെ രാജ്യതലസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. 2016, 2017, 2018 എന്നീ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ഫലം കാണാന്‍ കഴിയുമെന്നും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതല കൂടിയുള്ള ഹര്‍ഷ വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

മലിനീകരണ നിയന്ത്രണത്തിന് തടയിടാന്‍ സാധ്യമായ എല്ലാ കാര്യങ്ങളിലും അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ സഹായിച്ചതായി മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button