KeralaLatest News

വയോധിക വീണ് നട്ടെല്ല് പൊട്ടി വേദനതിന്ന് കഴിഞ്ഞത് അഞ്ച് ദിവസം : അറിഞ്ഞിട്ടും മകന്‍ തിരിഞ്ഞ്‌നോക്കിയില്ല

അഞ്ചാലുംമൂട് : വയോധിക വീണ് നട്ടെല്ല് പൊട്ടി വേദനതിന്ന് കഴിഞ്ഞത് അഞ്ച് ദിവസം, വേദനകൊണ്ട് കരയുമ്പോഴും ഒരേവീട്ടില്‍ കഴിയുന്ന മകന്‍ തിരിഞ്ഞു നോക്കിയില്ല . സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഏക മകനും ഭാര്യയും ഒപ്പം താമസിക്കുന്നുണ്ടെങ്കിലും കണ്ട ഭാവം നടിച്ചിട്ടില്ല. അമ്മയെ നാട്ടുകാരും ജനമൈത്രി പൊലീസും ജില്ലാ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും സഹായത്തിന് ആളില്ലാത്തതിനാല്‍ വീണ്ടും അവര്‍ തിരികെ ഒറ്റമുറിയിലെ ദുരിതത്തിലേക്ക്..

കടവൂര്‍ പള്ളിക്കു സമീപം കായല്‍തീരത്തു ബോസ് ഭവനില്‍ പ്രസ്റ്റീന (68)യാണു രോഗദുരിതത്തില്‍ വീട്ടില്‍ കഴിച്ചുകൂട്ടുന്നത്. ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചു. 5 ദിവസം മുന്‍പ് മകന്റെ കണ്‍മുന്നിലാണു പ്രസ്റ്റീന മറിഞ്ഞു വീണത്. തുടര്‍ന്നു നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇവരെ വീട്ടിനുള്ളില്‍ എത്തിച്ചത്. അന്നുമുതല്‍ ഇന്നലെ രാവിലെ വരെ ഇവര്‍ വീട്ടിലെ മുറിക്കുള്ളില്‍ കഴിഞ്ഞു കൂടുകയായിരുന്നു.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചാലുംമൂട്ടില്‍നിന്നു ജനമൈത്രി പൊലീസെത്തി മകനുമായി സംസാരിച്ചെങ്കിലും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. തുടര്‍ന്നു ജനമൈത്രി പൊലീസ് സിആര്‍ഒ: എസ്‌ഐ രാധാകൃഷ്ണപിള്ള, റെജിമോന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയന്‍ ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രസ്റ്റീനയെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നട്ടെല്ലിനു പൊട്ടലേറ്റെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അറിയുന്നത്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്നു മകനുമായും മരുമകളുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രസ്റ്റീനയെ വീണ്ടും വീട്ടിലേക്കെത്തിക്കുകയേ ഒപ്പം പോയവര്‍ക്കു നിര്‍വാഹമുണ്ടായിരുന്നുള്ളൂ. 5 ദിവസം രോഗ ദുരിതത്തില്‍ കഴിഞ്ഞ ആ അമ്മയ്ക്കു അസഹ്യമായ വേദന മാത്രമാണു കൂട്ട്. മകനും മരുമകളും ഇന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button