Latest NewsKerala

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഡി എം ഒ

കണ്ണൂര്‍: ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ എം കെ ഷാജ്. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വയറിളക്കം, വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ, ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പൊതുജനങ്ങളും ഭക്ഷ്യവില്‍പന വിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ…

തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയോഗിക്കുക, പഴുത്തളിഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാതിരിക്കുക, ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക, ആഹാരം ചൂടാറും മുമ്പ് കഴിക്കുക, കുടിവെള്ളവും ആഹാരസാധനങ്ങളും അടച്ചു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ മണ്ണില്‍ കളിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. ശൗചത്തിനുശേഷം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് വൃത്തിയായി കഴുകണം. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കണം. ഇടയ്ക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും ഡി എം ഒ നിര്‍ദേശിച്ചു.

ഭക്ഷ്യവില്‍പന വിതരണ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ ഭക്ഷണവില്‍പന ശാലകളില്‍ നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാവൂ. വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. പഴകിയ ഭക്ഷണ സാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും പാടില്ല. ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫ്ളാഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പു വരുത്തണം. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. തൊഴിലാളികള്‍ ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്ബായി കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. കൂള്‍ബാറുകളില്‍ ഉപയോഗിക്കുന്ന വെള്ളം ഫില്‍റ്റര്‍ ചെയ്തതും ക്ലോറിനേഷന്‍ നടത്തി തണുപ്പിച്ചതോ അല്ലെങ്കില്‍ തിളപ്പിച്ചാറിയതോ ആയിരിക്കണം. വെള്ളം വാങ്ങി ഉപയോഗിക്കുന്നവരാണെങ്കില്‍ സപ്ലൈ ചെയ്യുന്ന ആളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. മാലിന്യങ്ങള്‍ അതത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യണം. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്തു കൊടുക്കാനോ വിതരണം ചെയ്യാനോ പാടില്ല എന്നും ഡി എം ഒ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button