Latest NewsElection NewsIndia

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സംഘര്‍ഷം ആളിക്കത്തുന്നു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബംഗാളിലും പഞ്ചാബിലും സംഘര്‍ഷം മുറുകുകയാണ്.  ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. വോട്ടു രേഖപ്പെടുത്തി മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. ബാസിര്‍ഹട്ടില്‍ തൃണമൂല്‍ ബൂത്തു പിടിച്ചതായി ബിജെപി ആരോപിച്ചു.

ബിജെപി സ്ഥാനാര്‍ഥി സായന്തന്‍ ബസുവാണ് നൂറിലധികം ബിജെപി പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന ആരോപണം ഉയര്‍ത്തിയത്. ബംഗാളിലെ ബര്‍സാത്തില്‍ ബിജെപി ഓഫിസുകള്‍ അക്രമികള്‍ വ്യാപകമായി തീയിട്ടു നശിപ്പിക്കുകയും ചെയ്തു. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിജെപി സ്ഥാനാര്‍ഥി രാഹുല്‍ സിന്‍ഹ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു.

പഞ്ചാബില്‍ ഖാദൂര്‍ സാഹിബ് മണ്ഡലത്തിലും വ്യാപക അക്രമം ഉണ്ടായി. കോണ്‍ഗ്രസ് അകാലിദള്‍ പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പരസ്പരം ഏറ്റുമുട്ടി. വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. ഏഴാംഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 25.47 ശതമാനം പോളിങ് രേഖപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പട്‌ന രാജ്ഭവന്‍ സ്‌കൂളിലെ ബൂത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പട്‌ന വുമന്‍സ് കോളജിലെ ബൂത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വോട്ടുചെയ്തു. ബിഹാറിലെ പട്‌നാസാഹിബ് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് അല്‍പനേരം പോളിങ് തടസപ്പെട്ടു. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെയും 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും ഇന്നാണു വോട്ടെടുപ്പ്.

shortlink

Post Your Comments


Back to top button