Latest NewsFootballSports

സ്പാനിഷ് ലീഗ്;റയലിന് നാണംകെട്ട തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണിലെ അവസാന മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് സ്വന്തം മൈതാനത്ത് നാണംകെട്ട തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളിന് റയല്‍ ബെറ്റിസാണ് സ്പാനിഷ് വമ്പന്മാരെ തകര്‍ത്തത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഈ സീസണിലെ റയലിന്റെ 12-ാം തോല്‍വിയാണ് കുറിക്കപ്പെട്ടത്. തോല്‍വിയോടെ സമീപകാലത്തെ ഏറ്റവും മോശം സീസണിനാണ് റയല്‍ അവസാനം കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടമണിഞ്ഞ ടീമാണ് ഈ നിലയില്‍ തകര്‍ന്നതെന്നതാണ് ഏറെ ശ്രദ്ധേയം. പരിശീലകരുടെ മാറ്റവും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതും റയല്‍ മാഡ്രിഡിനെ അടിമുടി ഉലച്ചിരുന്നു.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 61-ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75-ാം മിനിറ്റില്‍ ഹെസെയുമാണ് ബെറ്റിസിനായി ഗോളടിച്ചത്. ഗോള്‍ പോസ്റ്റില്‍ കെയ്‌ലര്‍ നവാസ് നടത്തിയ മികച്ച സേവുകളാണ് റയലിനെ കൂടുതല്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. തോല്‍വിയോടെ ഈ സീസണില്‍ മൂന്നാമതായാണ് റയല്‍ കളി അവസാനിപ്പിച്ചത്. സീസണില്‍ 38 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റ് നേടിയ ബാഴ്സലോണ നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ടാം സ്ഥാനത്ത് 76 പോയിന്റാണ് നേടാനായത്. 68 പോയിന്റാണ് റയല്‍ നേടിയത്. 2001- 02 സീസണിനു ശേഷം ഇതാദ്യമായാണ് റയല്‍ 70-ല്‍ താഴെ പോയന്റില്‍ ഒതുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button