News

ലോക്സഭാ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ണം

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ണ സജ്ജമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ്. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 23ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആറു നിയസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് എട്ടിന് ആരംഭിക്കുക. ഒരു നിയസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങി അര മണിക്കൂറിനുശേഷമാണ് തുടങ്ങുക. ഇതിനുമുന്നോടിയായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍, തത്സമയ ഫലസൂചനകള്‍ എന്നിവ അറിയുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ട്രെന്‍ഡ് എന്നീ വെബ്സൈറ്റുകള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സജ്ജമാക്കയിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നലെ രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടന്നു.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. കൗണ്ടിംഗ് ഹാളിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഇരു വശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെടസ്ട്രിയന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചാല്‍ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക റൂം ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല.

കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ നടുമുറ്റത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഏഴ് വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് നടക്കുന്നത്. കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹാളില്‍ ഏഴ് എണ്ണല്‍ ടേബിളുകളും ഒരു വരണാധികാരിയുടെ ടേബിളും ക്രമീകരിച്ചിട്ടുണ്ട്. ഇറ്റിപിബിഎസ് ക്യു ആര്‍ കോഡ് സ്‌ക്യാനിംഗ് 14 മേശകളിലുമായി നടക്കും. തപാല്‍ വോട്ടുകളും ഇ.റ്റി.പി.ബി.എസ് വോട്ടുകളും എണ്ണി തീരുന്നതുവരെ ഇ.വി.എം വോട്ടുകളുടെ അവസാന റൗണ്ട് പ്രഖ്യാപിക്കാതെ നിലനിര്‍ത്തും. ഇ.വി.എം വോട്ടുകള്‍ എണ്ണുന്നതിനായി ഓരോ അസംബ്ലി മണ്ഡലത്തിനും 14 കൗണ്ടിംഗ് മേശകളും ഒരു എ.ആര്‍.ഒ. മേശയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് ഏജന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ ഉണ്ടായിരിക്കും. നിയമാസഭാ മണ്ഡല അടിസ്ഥാനത്തില്‍ എ.ആര്‍.ഒ.മാര്‍ കൗണ്ടിംഗിന് നേതൃത്വം നല്‍കും. ഒരേ സമയം പതിനാല് മേശകളില്‍ വോട്ടെണ്ണല്‍ നടക്കും. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടര്‍ന്ന്, കണ്‍ട്രോള്‍ യൂണിറ്റിന്റെ റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ അതിന്റെ ഡിസ്‌പ്ലേയില്‍ കാണാം. ഇത് ഫോം 17സിയുടെ പാര്‍ട്ട് രണ്ടില്‍ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യും. ഓരോ മേശയിലും ഒരു ബൂത്ത് എണ്ണിക്കഴിയുമ്പോള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകും. ഇത്തരത്തില്‍ ഓരോ റൗണ്ട് പൂര്‍ത്തികരിക്കുമ്പോള്‍ ലീഡ്നില പുറത്തുവിടും.

ഇവിംഎം കൗണ്ടിംഗ് കഴിഞ്ഞാലുടന്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് സംബന്ധിച്ച് നറുക്കെടുത്ത് തീരുമാനിക്കും. പത്ത് കോളങ്ങളുളള ബോക്സുകളിലാണ് വിവിപാറ്റ് രസീതുകള്‍ നിക്ഷേപിക്കുക. എട്ട് സ്ഥാനാര്‍ഥികള്‍, നോട്ട, വി.വി.പാറ്റ്, പേപ്പര്‍, ടെസ്റ്റ് സ്ലിപ്പ് എന്നിവ അടങ്ങുന്നതാണ് പത്തു കോളങ്ങള്‍. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വി.വി.പാറ്റിലെയും കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ വീണ്ടും എണ്ണും.

തപാല്‍ വോട്ടുകള്‍ എണ്ണുന്ന ഓരോ മേശയിലും ഒരു എആര്‍ഒ, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ ഉണ്ടായിരിക്കും. കൂടാതെ ഒരു മൈക്രോ ഒബ്സര്‍വറും ഉണ്ടാകും. തപാല്‍ വോട്ട് പരിഗണിക്കുമ്പോള്‍ വോട്ട് അടയാളപ്പെടുത്തുന്നതിന് പ്രത്യേക അടയാളം നിശ്ചയിച്ചിട്ടില്ല. എന്നാല്‍, സമ്മതിദായകനെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ഒരു അടയാളവും ഉണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലാണ് തപാല്‍ വോട്ടുകള്‍ എണ്ണുക. വോട്ടണ്ണല്‍ ദിവസം രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍വോട്ടുകള്‍ എണ്ണും. ശേഷംവരുന്നവ അസാധുവായി പരിഗണിക്കും. ഇതുവരെ 1452 പോസ്റ്റല്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ഇത്തവണ പോസ്റ്റല്‍ ബാലറ്റുകള്‍ കൂടാതെ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനവും ഉണ്ട്. സര്‍വീസ് വോട്ടുകള്‍ അയയ്ക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. ഇറ്റിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം മുഖേന സര്‍വീസ് വോട്ടര്‍മാര്‍ക്ക് അയച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകളില്‍ തിരികെ ലഭിച്ചിട്ടുളള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് മുമ്പായി വോട്ടെണ്ണല്‍ ദിനത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ കവറുകളിലെയും ഡിക്ലറേഷനിലെയും ക്യുആര്‍ കോഡ് പരിശോധന, വോട്ട് വ്യാജമല്ലെന്ന് ഉറപ്പുവരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കും. 13- എ, ബി, സി എന്നിങ്ങനെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 13- എ വോട്ടര്‍ ഡിക്ലറേഷനും, 13- ബി, സി എന്നിവ പോസ്റ്റല്‍ ബാലറ്റ് കവറുകളുമാണ്. സി എ ബി അഥവാ ക്യാബ് എന്ന ക്രമത്തിലാണ് നാല് ക്യുആര്‍കോഡ് റീഡ് ചെയ്യേണ്ടത്. ജില്ലയില്‍ 4156 സര്‍വീസ് വോട്ടുകള്‍ക്ക് അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതു വരെ 2609 സര്‍വീസ് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

കൗണ്ടിംഗ് ദിവസത്തേക്ക് 1200 റോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 500 ഓളം രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരെയും നിയോഗിച്ചിട്ടിണ്ട് .ഒരു നിയോജക മണ്ഡലത്തിലേക്ക് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 15 കൗണ്ടിംഗ് ഏജന്റുമാരെ നിയോഗിക്കാവുന്നതാണ്. കൂടാതെ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഹാളില്‍ എട്ട് പേരെയും സര്‍വീസ് വോട്ട് എണ്ണുന്ന ഇടിപിബിഎസ്് ഹാളില്‍ 14 പേരെയും നിയമിക്കാവുന്നതാണ്. കൂടാതെ സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ ചീഫ് കൗണ്ടിംഗ് ഏജന്റിനും എല്ലാ കൗണ്ടിംഗ് ഹാളിലും പ്രവേശിക്കാവുന്നതാണ്. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്്. ഈ ഏജന്റുമാരെ അവരവരുടെ ഇരിപ്പിടം വിട്ട് സഞ്ചരിക്കുവാന്‍ അനുവദിക്കുന്നതല്ല. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല. മൊബൈല്‍ ഫോണ്‍ വയ്ക്കുന്നതിന് പ്രത്യേക മുറി ക്രമീകരിച്ചിട്ടുളളതാണ്. ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായി ധരിച്ചിരിക്കണം.

കൗണ്ടിംഗ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ നല്‍കാനായി മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ ഫലം തല്‍സമയം അറിയുന്നതിന് മീഡിയാ റൂം, പൊതു അനൗണ്‍സ്മെന്റ്, ഇലക്ഷന്‍ വെബ്‌സൈറ്റായ www.eci.gov.in എന്നീ സംവിധാനങ്ങള്‍ ലഭ്യമാണ്. ഓരോ ബൂത്തിലെയും മെഷീനുകള്‍ എണ്ണുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലീഡ് നില പുറത്തുവിടും. പൊതുജനങ്ങള്‍ക്ക് ഫലം അറിയുന്നതിനായി വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിനു പുറത്ത് പ്രത്യേക എല്‍ഇഡി ഡിസ്‌പ്ലെ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എഡിഎം ക്ലമന്റ് ലോപസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button