KeralaLatest News

എറണാകുളം ഉപതെരഞ്ഞെടുപ്പ്; ഈ നേതാക്കള്‍ കളത്തിലിറങ്ങാന്‍ സാധ്യത

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ വിജയിച്ചതോടെ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടെ ഈ സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ നേതാക്കളുടെ നീണ്ട നിര തന്നെയാണുള്ളത്. ലോക്‌സഭാ സീറ്റ് നഷ്ടമായ കെ. വി തോമസ് മുതല്‍ പുതുതലമുറയിലെ നേതാക്കള്‍ വരെ സീറ്റ് പിടിക്കാന്‍ ഇറങ്ങുമെന്നാണ് സൂചനകള്‍. ആരു തന്നെയായാലും ജയസാധ്യതയ്ക്കാവും മുന്‍ഗണനയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

യുഡിഎഫിന്റെ കുത്തക സീറ്റെന്നത് മാത്രമല്ല, ലോക്‌സഭാ തരെഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഹൈബിക്ക് കിട്ടിയ 31000 വോട്ടിന്റെ വമ്പന്‍ ലീഡും സ്ഥാനാര്‍ഥിത്വം മോഹിക്കുന്നവരുടെ ഉറക്കം കെടുത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമായ കെ വി തോമസ് നിയമസഭാ സീറ്റിനായി അവകാശവാദം ഉന്നയിക്കാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ തന്റെ ഇഷ്ടക്കാര്‍ക്ക് സീറ്റ് വേണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. കെ. വി തോമസിന്റെ ആശീര്‍വാദത്തോടെ കളത്തിലിറങ്ങാമെന്ന പ്രതീക്ഷയിലാണ് മുന്‍ മേയര്‍ ടോണി ചമ്മിണി. ലത്തീന്‍ സമുദായംഗമാണെന്നതാണ് ഇദ്ദേഹം ഉയര്‍ത്തിക്കാട്ടുന്ന ഒരു പ്രധാന കാര്യം. ഡി സി സി പ്രസിഡന്റും ഡപ്യൂട്ടി മേയറുമായ ടി ജെ വിനോദാണ് കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള മറ്റൊരു പ്രമുഖന്‍. സാമുദായിക ഘടകങ്ങളും ടി ജെ വിനോദിന് അനുകൂലമാണ്.

കൊച്ചി മേയര്‍ സൗമിനി ജയിന്റെ പേരും ചര്‍ച്ചയില്‍ ഉയര്‍ന്നേക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. പുതിയ മേയര്‍ക്കായി നീക്കം നടത്തുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ഇത് സൗകര്യമാകും. സാമുദായിക പരിഗണനകള്‍ക്ക് പ്രാധാന്യമുളള മണ്ഡലത്തില്‍ മുന്‍ എം എല്‍ എ ഡോമിനിക് പ്രസന്റേഷനും മത്സരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എറണാകുളത്ത് ജയസാധ്യത ഉറപ്പു വരുത്തുന്ന സ്ഥാനാര്‍ത്ഥിക്കാണ് പ്രഥമപരിഗണനയെന്നും എല്ലാം കെപിസിസി തീരുമാനിക്കുമെന്നുമാണ് ഡിസിസിയുടെ ഔദ്യോഗിക നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button