Life Style

കുഴഞ്ഞുവീണു മരണങ്ങളും കാരണങ്ങളും : എല്ലാവരും സൂക്ഷിയ്ക്കുക ഈ കാരണങ്ങളെ

കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ ബാധിയ്ക്കുന്ന ഒന്നാണ് കുഴഞ്ഞുവീണുള്ള മരണങ്ങള്‍. നിന്ന നില്‍പ്പിലോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ എന്നു വേണ്ട എന്തുകാര്യം ചെയ്യുന്നതിനിടയിലും ആണ്‍-പെണ്‍ ഭേദമെന്യെ ആരെയും കുഴഞ്ഞുവീണുള്ള മരണങ്ങള്‍ പിടികൂടാം. ഹൃദയത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായും ഇത്തരം മരണങ്ങള്‍ക്കു പിന്നില്‍. ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുക, ഹൃദയത്തിന്റെ മസിലുകള്‍ക്ക് ബലക്ഷയമുണ്ടാകുക (കാര്‍ഡിയോ മയോപ്പതി), ജന്‍മനാതന്നെ ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്നു നിന്നു പോകുക, നെഞ്ചിടിപ്പിന്റെ താളം തെറ്റുക എന്നിവയാണ് ഹൃദയത്തെ ബാധിക്കാവുന്ന പ്രധാന പ്രശ്‌നങ്ങള്‍. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതിനു മുന്‍പ് ചില രോഗലക്ഷണങ്ങള്‍ കണ്ടെന്നിരിക്കാം. എന്നാല്‍ ഇവ പലരും നിസ്സാരമായി അവഗണിക്കുന്നതാണ് മരണത്തിലേക്കു നയിക്കുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ചികില്‍സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത 60 മുതല്‍ 70 ശതമാനം വരെ ആണ്.

ഹൃദയതാളം തെറ്റുക (കാര്‍ഡിയാക് അരത്മിയാസ്) ഹൃദയാഘാതത്തിലേക്കു നയിക്കുന്നതില്‍ പ്രധാന കാരണമാണ്. ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യപ്പെടുന്നത്. ഈ പമ്പിങ്ങിന്റെ താളം തെറ്റുമ്പോഴാണ് ഹൃദയതാളം തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നത്. ഹൃദയത്തില്‍ കുറച്ച് ഇലക്ട്രിസിറ്റി ഉല്‍പാദിപ്പിക്കുന്നുണ്ട്. ആ ഇലക്ട്രിസിറ്റി ഇടത് വെന്‍ട്രിക്കിളിലേക്ക് എത്തും. ആ എനര്‍ജി ഉപയോഗിച്ചാണ് വെന്‍ട്രിക്കിള്‍ മിടിക്കുന്നത്. ഈ ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റിക്ക് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ ഹൃദയത്തിന്റെ താളം തെറ്റും. ഹൃദയത്തിന്റെ മസിലുകള്‍ക്ക് വലുപ്പം കൂടുന്നത് ഇതിലേക്കു നയിക്കാം. പ്രധാനമായും അത്ലീറ്റുകളുടെ കുഴഞ്ഞുവീണു മരണത്തിനു പിന്നില്‍ കാര്‍ഡിയോ മയോപ്പതി എന്ന ഈ അവസ്ഥയാകാം. ശക്തമായ ഹൃദയാഘാതം വരുമ്പോള്‍ ഹൃദയതാളം തെറ്റാം.

ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് അതായത് സോഡിയം, പൊട്ടാസ്യം എന്നീ ലവണങ്ങളുടെ അസന്തുലിതാവസ്ഥ ഉണ്ടായി കുഴഞ്ഞുവീഴാം. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുമ്പോള്‍ നിര്‍ജലീകരണം സംഭവിക്കുക, വേനല്‍ക്കാലത്ത് വിയര്‍പ്പു കൂടി ഡിഹൈഡ്രേഷന്‍ സംഭവിക്കുക ഇങ്ങനെ വരുമ്പോള്‍ സോഡിയം, പൊട്ടാസ്യം ലവണങ്ങളുടെ അളവില്‍ വ്യത്യാസം വരാം. പൊട്ടാസ്യം കൂടിയാല്‍ ഹൃദയം പെട്ടെന്നു നിന്നുപോകും.

അരോട്ടിക് സ്റ്റെനോസിസ് എന്ന പ്രശ്‌നമുള്ളവരിലും കുഴഞ്ഞുവീണു മരണം സംഭവിക്കാം. മഹാധമനിക്കു ചുവട്ടിലുള്ള അരോട്ടിക് വാല്‍വിനു ചുരുക്കമുണ്ടായി ഹൃദയത്തിലേക്ക് ആവശ്യത്തിനു രക്തം എത്താതെ വരുകയും കുഴഞ്ഞുവീണു മരിക്കുകയും ചെയ്യാം. ഹൃദയമിടിപ്പ് ഹൃദയാരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. മിടിപ്പിലെ വ്യത്യാസം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യപാനം, ഡ്രഗുകളുടെ അമിതോപയോഗം എന്നിവ ഹൃദയമിടിപ്പില്‍ വ്യത്യാസം വരുത്തുന്ന കാര്യങ്ങളാണ്.

മസ്തിഷ്‌കാഘാത സംബന്ധമായ കാര്യങ്ങള്‍, ഷുഗര്‍ കുറഞ്ഞു ബോധം കെട്ടു വീഴുന്നവര്‍, അപസ്മാര സംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് മൂലം വരുന്ന പാരലൈസിസ് കാരണമുള്ള വീഴ്ച, ചെവിയുടെ ബാലന്‍സ് തെറ്റി തലകറക്കം എന്നിയുമൊക്കെ പെട്ടെന്നുള്ള കുഴഞ്ഞുവീഴലില്‍ വരുന്നതാണ്.

പ്രമേഹരോഗികള്‍, കൊളസ്‌ട്രോള്‍ ഉള്ളവര്‍, തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ ഒക്കെ നടക്കുമ്പോള്‍ നെഞ്ചുവേദന, ശ്വാസംമുട്ട്, ക്ഷീണം, നെഞ്ചിടിപ്പ് കൂടുക ഇങ്ങനെയൊക്കെ കണ്ടാല്‍ എത്രയും പെട്ടെന്നു ചികില്‍സ തേടണം. ഹൃദയസംബന്ധമായ രോഗങ്ങളെ സംബന്ധിച്ച് എത്രയും പെട്ടെന്നു ചികില്‍സ തേടുന്നുവോ അത്രയും റിസ്‌ക് കുറഞ്ഞിരിക്കും.

വോട്ടു ചെയ്യാന്‍ ക്യൂ നിന്നവര്‍ കുഴഞ്ഞു വീണു മരിക്കുന്നതും വാര്‍ത്തകളില്‍ കാണാറുണ്ട്. ഇതിനു പിന്നിലെ കാരണം കാലുകളിലെ രക്തയോട്ടം പ്രശ്‌നമാകുന്നതാണ്. ഗ്രാവിറ്റിക്ക് വിപരീതമായി കാലുകളില്‍ മുകളിലോട്ട് രക്തം പമ്പു ചെയ്യണം. നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ കാലിലെ പേശികള്‍ സാധാരണ ഒരു പമ്പു പോലെ പ്രവര്‍ത്തിക്കും. എന്നാല്‍ ഒരേ നില്‍പ്പ് മണിക്കൂറുകളോളം നില്‍ക്കുമ്പോള്‍ കാലിലെ അശുദ്ധരക്തം അവിടെ കെട്ടിക്കിടക്കുകയും അതു മുകളിലേക്കു പമ്പ് ചെയ്യാതെ വരികയും ചെയ്യും. ഇവിടെ ഓക്‌സിജനേഷന്‍ വളരെ കുറച്ചേ നടക്കൂ. ഓക്‌സിജന്‍ കുറഞ്ഞ അളവിലുള്ള രക്തമേ ഇത്തരം സാഹചര്യങ്ങളില്‍ തലച്ചോറിലേക്ക് എത്തുകയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button