KeralaLatest News

ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളം കുടിയ്ക്കല്‍ : കേരളത്തിലെ ഒരു ക്ഷേത്രത്തിലെ ആചാരത്തിനെതിരെ ശക്തമായ പ്രതിഷേധം

പാലക്കാട്: ,ഷൊര്‍ണൂരിലെ ഒരു ക്ഷേത്രത്തിലെ ആചാരത്തിനെതിരെ ശക്തമായ പ്രതിഷേധം. ബ്രാഹ്മണരുടെ കാല്‍ കഴുകിയ വെള്ളം തീര്‍ത്ഥമായി മറ്റു ജാതിയ്ക്കാര്‍ കുടിയ്ക്കുന്നതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. പ്രാകൃതമായ ക്ഷേത്രാചാരം സാക്ഷര കേരളത്തിലും. ഒറ്റപ്പാലം കണ്ണിയംപുറം കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ടല്‍ ചടങ്ങ് നടക്കുന്നത്. അതേസമയം ക്ഷേത്രാചാരത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങാണെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് ഭാരവാഹികളുടെ നിലപാട്.

ജൂണ്‍ രണ്ടു മുതല്‍ നാല് വരെ നടക്കുന്ന ഉത്സവത്തിന്റെ നോട്ടീസിലാണ് കാല്‍ കഴുകല്‍ ചടങ്ങ് നടക്കുന്നതായി പറയുന്നത്. ജൂണ്‍ 3ന് നടക്കുന്ന ചടങ്ങിന്റെ നോട്ടീസ് വീടുകളിലെത്തിയതോടെ വിവാദമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.
കര്‍ണ്ണാടകത്തിലെ മഡൈ സ്‌നാനത്തിന് തുല്യമായ ആചാരങ്ങള്‍ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കുമെന്ന് പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികള്‍ പറഞ്ഞു. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിന്റെ കാലത്തേക്ക് നടത്തുകയാണ് കാല്‍ കഴുകല്‍ ആചാരത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം ആരോപിച്ചു.

അതേസമയം ഇത്തരമൊരു ആചാരം നടത്തണമെന്ന് തങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. ചടങ്ങ് നടത്താന്‍ താല്‍പര്യമുള്ളവര്‍ ഉള്ളതുകൊണ്ടാണ് നോട്ടീസ് അടിച്ചതെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button