Latest NewsNews

ഇനി വാട്‌സാപ്പിലും പരസ്യങ്ങൾ എത്തും

അടുത്ത വര്‍ഷം മുതല്‍, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ സാറ്റാറ്റസുകളിലാണ് (WhatsApp Statuses)) പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. ഇത് പല ഉപയോക്താക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറത്തായിരിക്കുമെന്ന് വാര്‍ത്തകള്‍ പറയുന്നു. ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് (Instagram Stories) സമാനമായിരിക്കും. (ഫെയ്‌സബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ഇന്‍സ്റ്റഗ്രാം.)

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് വാട്‌സാപ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ കണ്ടേക്കുമെന്നാണ് അനുമാനം. (2016ല്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കു പ്രകാരം 20 കോടി ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്.) വാട്‌സാപ് സൃഷ്ടിച്ചത് ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ്. അവര്‍ പറഞ്ഞിരുന്നത് വാട്‌സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്‌സ് വാങ്ങുമെന്നാണ്. ഇതിലൂടെ കോടിക്കണക്കിന് ഉപയോക്താക്കളുടെ ചാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ചിലവിനുള്ള പണം കണ്ടെത്താമെന്നാണ് അവര്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്, വാട്‌സാപ് വാങ്ങിയ ശേഷം പുതിയ നയങ്ങള്‍ ഇഷ്ടപ്പെടാതെ ഇരുവരും കമ്ബനി വിടുകയായിരുന്നു. സ്ഥാപകര്‍ നല്‍കിയ വാഗ്ദാനമൊക്കെ വിഴുങ്ങിയാണ് സ്‌ക്രീന്‍ മൂടുന്ന പരസ്യങ്ങളുമായി ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴിലുള്ള വാട്‌സാപ് അടുത്ത വര്‍ഷം മുതല്‍ എത്തുന്നത്. 2014ല്‍ 1900 കോടി ഡോളര്‍ നല്‍കിയാണ് വാട്‌സാപ്പിനെ ഫെയ്‌സ്ബുക് ഏറ്റെടുത്തത്. വാട്‌സാപ്പിന്റെ വാര്‍ഷിക മാര്‍ക്കറ്റിങ് മീറ്റിങ്ങിലാണ് പരസ്യങ്ങള്‍ കൊണ്ടുവരാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button