KeralaMollywoodLatest News

രാമായണക്കാറ്റും ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ’ ഗാനവും- വര്‍ണ്ണാഭമായ നൃത്തരംഗങ്ങളെ കുറിച്ച് ഹരിമേനോന്‍ എഴുതുന്നു

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച അഭിമന്യു എന്ന ചിത്രത്തിലെ രാമായണക്കാറ്റേ എന്നുതുടങ്ങുന്ന സൂപ്പര്‍ഹിറ്റ്ഗാനം ഇന്നും മലയാളസിനിമാപ്രേക്ഷകരുടെ മനസിലെ ഹിറ്റ് ചാര്‍ട്ടില്‍ ഒരു ലഹരിപോലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
എവിടെ ഏതുസമയത്തും രാമായണക്കാറ്റേ കേട്ടാല്‍ നാമറിയാതെ ഒപ്പം പാടുകയും മനസുകൊണ്ട് ചുവടുകള്‍ വയ്ക്കുകയും ചെയ്യും. അത്ര മനോഹരമായ നൃത്തരംഗങ്ങളാലും ചടുലമായ ഗാനാവതരണത്താലും ഈ പാട്ട് എന്നെന്നും നമ്മുടെ ഇഷ്ടഗാനമായി തുടരുകതന്നെ ചെയ്യും.

അതിനുശേഷവും സമാനരീതിയില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളസിനിമയില്‍ അവതരിപ്പിക്കപ്പെട്ടു, വേല്‍മുരുകാ, പഴനിമലമുരുകനു തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടിലിടം പിടിക്കുകയും ചെയ്തു. പാട്ടിന്റെ ശ്രവണസുന്ദരമായ ചടുലതയും അതിനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വര്‍ണ്ണാഭമായ നൃത്തരംഗങ്ങളുടെയും അതിസുന്ദരമായ സങ്കലനം പ്രേക്ഷകര്‍ക്ക് അത്രമേല്‍ ആനന്ദം നല്‍കുന്നുണ്ട്.

ഈ സീരീസിലേയ്ക്ക് രാമായണക്കാറ്റിനെക്കാള്‍ ചടുലവും നൃത്തമനോഹരവുമായൊരു സിനിമാഗാനം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഈ ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മ രചിച്ച് എം ജയചന്ദ്രന്‍ സംഗീതമേകിയിരിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവ് ദിനേഷ് കുമാര്‍ ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങള്‍ ഈ ഗാനവുമായി ഇഴചേരുമ്പോള്‍ അത് വേറിട്ടൊരു ദൃശ്യശ്രാവ്യ അനുഭവമായി മാറുകയാണ്.

(പോക്കിരി, അയന്‍ എന്നീ തമിഴ് ചിത്രങ്ങളിലെ വിജയിന്റെ നൃത്തരംഗങ്ങള്‍ ചിട്ടപ്പെടുത്തിയതിനു സംസ്ഥാന അവാര്‍ഡുകളും ആടുകളത്തിലെ കോറിയോഗ്രാഫിക്ക് നാഷണല്‍ അവാര്‍ഡും കരസ്ഥമാക്കിയ മിടുക്കനാണ് ദിനേഷ് കുമാര്‍)
കണ്ണിനും കാതിനും അപൂര്‍വ്വസുന്ദര അനുഭൂതി നല്‍കുന്ന ഈ ഗാനരംഗം ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിലൂടെ ഗാനാസ്വാദകമനസുകള്‍ കീഴടക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button