Latest NewsGulfQatar

ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് രണ്ട് വര്‍ഷം

ദോഹ : ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. കര,വ്യോമ,നാവിക പാതകളെല്ലാം അടച്ചുകൊണ്ടുള്ള ഉപരോധം രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇതിനെയെല്ലാം അതിജീവിച്ച് ഖത്തര്‍ ഇന്നും സാധാരണ ജീവിതം നയിക്കുന്നു. ഉപരോധം ഏര്‍പ്പെടുത്തിയിട്ട് രണ്ട് വര്‍ഷമായിട്ടും ഇതുവരെ ജിസിസി രാഷ്ട്രങ്ങള്‍ ഖത്തറിനോടുള്ള നിലപാടില്‍ അയവ് വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ദിവസം നടന്ന ജി.സി.സി യോഗത്തില്‍ സൌദി രാജാവിന്റെ ക്ഷണമനുസരിച്ച് ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തെങ്കിലും ഉപരോധ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല.

ഉപരോധം പിന്‍വലിക്കാന്‍ പതിമൂന്ന് നിബന്ധനകളായിരുന്നു സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ചത്. ഭീകരവാദ സംഘടനകള്‍ക്കുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുക, അല്‍ജസീറയുടെ സംപ്രേക്ഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അത്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ഖത്തര്‍ ഒരു ഉപാധികളും അംഗീകരിക്കാന്‍ തയ്യാറായില്ല. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിന്നതോടെ ഖത്തര്‍ മറ്റു വഴികള്‍ തേടി. പെട്ടെന്നുണ്ടായ പ്രതിസന്ധി മാസങ്ങള്‍ കൊണ്ട് തന്നെ ഖത്തര്‍ മറികടന്നു.

കാര്യമായും ഇറക്കുമതി ചെയ്തിരുന്ന പാലിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. തകര്‍ച്ച നേരിട്ട സമ്പദ് രംഗവും തിരിച്ചുവന്നു. ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങളും തടസ്സങ്ങളേതുമില്ലാതെ പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ ബജറ്റിലും മൂല്യവര്‍ധിത നികുതിയോ വരുമാനനികുതിയോ നടപ്പാക്കാതെ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആശ്വാസം പകര്‍ന്നു. തര്‍ക്കം തീര്‍ക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ഒടുവില്‍ ഇക്കഴിഞ്ഞ മാസം നടന്ന ജിസിസി യോഗത്തിലേക്ക് സൌദി രാജാവിന്റെ ക്ഷണമനുസരിച്ച് ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തെങ്കിലും ഉപരോധ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button