Latest NewsIndia

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് അടങ്ങാത്ത പകയായിരുന്നുവെന്ന് ഉലകനായകന്‍ കമലഹാസന്‍ : കമലഹാസന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് തമിഴ് രാഷ്ട്രീയവും സിനിമാലോകവും

ചെന്നൈ : കമലഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ടത്ര വിജയം കണ്ടില്ല.  പാര്‍ട്ടിയുടെ മറപിടിച്ച് പലര്‍ക്കും നേരെ ഒളിയമ്പുകള്‍ എയ്തുവെങ്കിലും തമിഴ് മക്കള്‍ അതിനൊന്നും ചെവികൊടുത്തില്ല. ഇപ്പോള്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് തന്നോട് അടങ്ങാത്ത പകയായിരുന്നുവെന്നാണ് ഉലകനായകന്‍ കമലഹാസന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കമലഹാസന്റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്തിരിക്കുകയാണ് തമിഴ് രാഷ്ട്രീയവും സിനിമാലോകവും .

മാധ്യമപ്രവര്‍ത്തക സോണിയ സിങ്ങിന്റെ ‘ഡിഫൈനിങ് ഇന്ത്യ ത്രൂ ദേര്‍ ഐയ്‌സ്’ എന്ന പുസ്തകത്തില്‍ കമല്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ തമിഴ് രാഷ്ട്രീയ ലോകത്തും സിനിമാ ലോകത്തും ചര്‍ച്ചാവിഷയം.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി, കമല്‍ ‘മഹാറാണി’ എന്നുവിളിക്കുന്ന ജയലളിതമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ കഥകളാണ് സോണിയ സിങ്ങുമായുള്ള അഭിമുഖത്തില്‍ കമല്‍ ഹാസന്‍ തുറന്നുപറഞ്ഞത്. 2013-ല്‍ കമല്‍ സംവിധാനം ചെയ്ത്, മുഖ്യ വേഷത്തിലെത്തിയ ‘വിശ്വരൂപം’ സിനിമയുമായി ബന്ധപ്പെട്ടാണ് കമലും അന്നു മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം.<

കമല്‍ ഹാസന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം :

വിശ്വരൂപം, ഒരര്‍ഥത്തില്‍ സങ്കീര്‍ണമായിരുന്നു. ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി സിനിമയുടെ പകര്‍പ്പാവകാശത്തിനായി എന്നെ സമീപിച്ചു. എനിക്ക് നിരസിക്കാന്‍ സാധിക്കാത്ത ഒരു വാഗ്ദാനമായിരുന്നു അവരുടേത്, അതും മുഖ്യമന്ത്രിയുമായി നേരിട്ട്. എന്നാല്‍ അതുമായി മുന്‍പോട്ട് പോകാന്‍ സാധിച്ചില്ല. കാരണം, അനധികൃതമായി പണം നല്‍കാമെന്ന വാഗ്ദാനമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എല്ലാവര്‍ക്കും അറിയാവുന്നതു പോലെ കള്ളപ്പണം ഞാന്‍ കൈകൊണ്ടു തൊടില്ല. അതുകൊണ്ടു തന്നെ വാഗ്ദാനം നിരസിക്കേണ്ടിവന്നു. അത് ഒരിക്കലും വ്യക്തിപരമായ വിരോധമായിരുന്നില്ല. ഒരുപക്ഷേ അവര്‍ എന്നെക്കുറിച്ചു തെറ്റായി ധരിച്ചതാകാം.

ഇതിനു ശേഷം സിനിമ കാണുന്നതിനായി രണ്ടു പേരെ അയച്ചു. ഒരാള്‍, സംസ്ഥാന പൊലീസ് മേധാവിയും മറ്റൊരാള്‍ ജയാ ടിവിയുടെ തലവനും. പിന്നീട് സംഭവിച്ചതെല്ലാം ജനാധിപത്യ വിരുദ്ധമായിരുന്നു. എന്റെ സിനിമ പ്രശ്‌നം സൃഷ്ടിപ്പിക്കുമെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി. ഡിജിപി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു. എങ്കിലും അവസാനം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി റിലീസിങ്ങിന് ഒരുങ്ങിയപ്പോഴാണ് ചിത്രം ക്രമസമാധാനത്തെ ബാധിക്കുമെന്ന് പറഞ്ഞ് വിലക്കിയത്. ഇതെല്ലാം ചെയ്താല്‍ ഞാന്‍ പോയി കാലുപിടിക്കുമെന്നാണ് അവര്‍ കരുതിയത്.

വിലക്കുകള്‍ കോടതി വഴി നീക്കിയ ശേഷം ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ലൊസാഞ്ചലസില്‍ നടത്താന്‍ തീരുമാനിച്ചു. ലൊസാഞ്ചലസിലേക്കുള്ള യാത്രക്കായി വിമാനത്തിലിരിക്കുമ്പോഴാണ് ചിത്രം വീണ്ടും വിലക്കിയതായി അറിയിപ്പ് കിട്ടുന്നത്. ഞാന്‍ വിമാനത്തില്‍ കയറിക്കഴിഞ്ഞു തീരുമാനമെടുക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നുവെന്നു തോന്നുന്നു. ഇതോടെ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച തീരുമാനം ഞാനെടുത്തു. ചിത്രം ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാന്‍ ഉറച്ചു.

അങ്ങനെ ഞാന്‍ ചിത്രം ലൊസൊഞ്ചലസില്‍ റിലീസ് ചെയ്തു. തമിഴ്‌നാട് ഒഴികെ ഇന്ത്യയിലെ മറ്റുചില സംസ്ഥാനങ്ങളിലും റിലീസ് ചെയ്തു. എന്നാല്‍ തമിഴ്‌നാട്ടിലെ വിലക്കു മൂലം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ മലേഷ്യ, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴും മുഖ്യമന്ത്രിയോടു മാപ്പ് പറയാന്‍ ആയിരുന്നു എനിക്ക് കിട്ടിയ ഉപദേശം. എന്നാല്‍ അത് അനുസരിക്കാന്‍ ഞാന്‍ തയാറായില്ല.

അപ്പോഴാണ് മറ്റൊരു തിരിച്ചടി, ചിത്രത്തിന്റെ നിര്‍മാതാവ് മുടക്കുമുതല്‍ ആവശ്യപ്പെട്ടുകൊണ്ടു എന്നെ സമീപിച്ചു. എന്നാല്‍ സിനിമ അപ്പോഴും വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ എന്റെ സ്വത്തുക്കള്‍ ജപ്തിചെയ്യുമെന്ന ഉപാധിയോടെ അദ്ദേഹം എന്നെക്കൊണ്ടു കരാര്‍ എഴുതിവാങ്ങിച്ചു. എന്നാല്‍ കോടതി വിധി എനിക്ക് അനുകൂലമായിരുന്നു. സിനിമയുടെ വിലക്ക് നീങ്ങി, നിര്‍മാതാവിന് പണവും നല്‍കി.

എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച സമയമായിരുന്നു അത്. ഒരുഘട്ടത്തില്‍ എം.എഫ് ഹുസൈന്‍ ചെയ്തതു പോലെ രാജ്യംവിടേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്, ‘ഹുസൈനു ശേഷം ഹാസന്‍’. – അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close