Latest NewsInternational

പാകിസ്ഥാന്‍ മുന്‍ പ്രസി‍ഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ

കള്ളപ്പണ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ സ്വന്തം കമ്പനിയിലേക്ക് നിക്ഷേപം നടത്തിയതിനും ആസിഫിനെതിരെ കേസുണ്ട്.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ പാക്ക് അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്ന് പുറത്തേക്ക് പണം കൈമാറ്റം ചെയ്തുവെന്ന കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കേസ്. പത്തുമാസത്തിനിടെ 29 വ്യാജ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാടാണ് ആസിഫ് സർദാരി നടത്തിയത്.

കള്ളപ്പണ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ സ്വന്തം കമ്പനിയിലേക്ക് നിക്ഷേപം നടത്തിയതിനും ആസിഫിനെതിരെ കേസുണ്ട്. കേസിൽ സർദാരിയുടെ അടുപ്പക്കാരനും സമ്മിറ്റ് ബാങ്ക് വൈസ് ചെയർമാനുമായ ഹുസൈന്‍ ലവായിയെ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.ഇസ്ലാമാബാദിലെ എഫ് 8 സെക്ടറിലെ വസതിയില്‍ നിന്നുമാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

ഇതേതുടര്‍ന്നാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.കേസിൽ ആസിഫ് അടക്കം 20 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്.പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് കൂടിയായ ആസിഫ് അലി സര്‍ദാരി 2008ല്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് പത്ത് വര്‍ഷത്തോളം അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button