KeralaLatest News

‘മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക് അഡ്മിഷനുള്ള കടലാസ് ഒപ്പിട്ട് കൊടുത്തോ മാഡം?’ – മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് ഡോ. ഷിംന

എംബിബിഎസ് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളെ കുറിച്ച് എഴുതുകയാണ് ഡോ. ഷിംന. കോഴ്സിന് ചേരുംമുന്നേ ചില വാക്സിനുകളെടുത്ത് സ്വയം സുരക്ഷിതരായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നേടിയാലേ അവര്‍ക്ക് കോഴ്സിന് ചേരാനാവൂയെന്നും രണ്ട് ഭാവി ഡോക്ടര്‍മാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഒപ്പിട്ട് കൊടുത്ത് തന്നോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോദിച്ച ചോദ്യത്തെ കുറിച്ചും ഡോ. ഷിംന പറയുന്നു. നസ്സില്‍ ഡോക്ടറാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മാത്രമിങ്ങ് വന്നേക്കുക. അച്ഛന്റെയോ അമ്മയുടെയോ ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ മതില്‍ക്കെട്ടിനകത്ത് വന്ന് കയറിയാല്‍ ഇത് നരകമാണ്. അതല്ലെങ്കില്‍, കുറച്ച് കഷ്ടപ്പെട്ടാലും ജീവിതം പഠിക്കാന്‍ ആശുപത്രിയോളം നല്ലൊരിടമില്ലെന്നും ഡോ. ഷിംന കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എംബിബിഎസിന്‌ ജോയിൻ ചെയ്യാനുള്ള കുട്ടികളുടെ തിരക്കായിരുന്നു ഓപിയിൽ. കോഴ്‌സിന്‌ ചേരുംമുന്നേ ചില വാക്‌സിനുകളെടുത്ത്‌ സ്വയം സുരക്ഷിതരായി ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റും നേടിയാലേ അവർക്ക്‌ കോഴ്‌സിന്‌ ചേരാനാവൂ. കൂടെയുള്ള രണ്ട്‌ ഹൗസ്‌ സർജൻമാരും പേവിഷബാധക്കുള്ള കുത്തിവെപ്പ്‌ എഴുതുന്നതിന്റേയും കാഷ്വാലിറ്റിയിലേക്കും തിരിച്ചുമുള്ള ഓട്ടത്തിന്റെയും തിരക്കിലാണ്‌. ഉച്ചയായപ്പോഴേക്കും അവർ ശരിക്കും മടുത്തു, ഞാനും.

ഒരാഴ്‌ചയാണ്‌ അവരോടൊപ്പം ഓപിയിലിരിക്കേണ്ടത്‌. പിന്നെ, അവരുടെ ഡ്യൂട്ടി മറ്റൊരിടത്താകും. ഇന്ന്‌ ഏഴാംദിനമായത്‌ കൊണ്ടും സാമാന്യം നന്നായി പണിയെടുത്ത്‌ മുഷിഞ്ഞത്‌ കൊണ്ടും പുറത്ത്‌ പോയി കഴിക്കാമെന്ന്‌ ഒരാൾ പറഞ്ഞു. രണ്ടാമൻ പതിനൊന്നരക്ക്‌ ലോക്കൽ ഓപിയിലെ പനിരോഗികളെ നോക്കി അവിടുത്തെ ഡ്യൂട്ടി ഡോക്‌ടറെ സഹായിക്കാൻ പോയിരുന്നു. ഒന്നരക്ക്‌ അവസാനം വന്ന രണ്ട്‌ പേരുടെ സർട്ടിഫിക്കറ്റ് ഒപ്പിടാനിരുന്ന്‌ അവളെ അവനെ കൂട്ടാൻ പനിക്ലിനിക്കിലേക്ക്‌ പറഞ്ഞ്‌ വിട്ടു.

രണ്ട്‌ ഭാവി ഡോക്‌ടർമാരുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് കൂടി ഒപ്പിട്ട്‌ കൊടുത്ത്‌ വിശന്നിറങ്ങി വരുമ്പോൾ ഇവര്‌ രണ്ട്‌ പേരും സെക്യൂരിറ്റി ചേച്ചിയോട്‌ കാര്യമായ വർത്തമാനത്തിലാണ്‌. എന്നെ കണ്ടതും അവർ ചേച്ചിയോട്‌ യാത്ര പറഞ്ഞ്‌ അടുത്തേക്ക്‌ വന്ന്‌ ”മുങ്ങാൻ പോകുന്ന കപ്പലിലേക്ക്‌ അഡ്‌മിഷനുള്ള കടലാസ്‌ ഒപ്പിട്ട്‌ കൊടുത്തോ മാഡം? അഞ്ചരകൊല്ലവും ബാക്കിയും പഠിച്ചാലും വല്ലവന്റേം തല്ല്‌ കൊള്ളാനും ജീവിതത്തിലെ അനിശ്‌ചിതത്വത്തിനുമല്ലേ ഈ കോഴ്‌സ്‌?” എന്ന്‌ ചോദിച്ചു. അവനോട്‌ ചിരിച്ചു കൊണ്ട്‌ അടുത്തുള്ള ഓട്ടോ സ്‌റ്റാന്റിലേക്ക്‌ നടന്നു. ഇന്ന്‌ കൂടിയേ ഒന്നിച്ചുള്ളൂ എന്നത്‌ കൊണ്ടാകാം, രണ്ടാളും ചറപറ സംസാരിക്കുന്നുണ്ട്‌. ഉള്ളത്‌ പറഞ്ഞാൽ അവരെ പിരിയുന്നതിൽ സങ്കടം തോന്നി. ലേശം അറ്റാച്ച്‌മെന്റിന്റെ അസുഖമുണ്ടേ.

റെസ്‌റ്ററന്റിൽ നിന്ന്‌ കാര്യമായൊന്നും കഴിച്ചില്ല. പക്ഷേ, ആ ഇത്തിരി നേരം വല്ലാത്ത സന്തോഷമായിരുന്നു. കഴിച്ച്‌ കൈകഴുകി വന്നിരിക്കുന്നേരം അവൻ ബെയറർ ചേട്ടനോട്‌ ”ഫിഷ്‌ഫ്രൈ പൊളിയായിരുന്നു കേട്ടോ, താങ്ക്‌ യൂ” എന്ന്‌ പറയുന്നത്‌ കേട്ടു. അവളും ചിരിയോടെയെന്തോ പറയുന്നുണ്ടായിരുന്നു. ജീവിതം തേടി കേരളത്തിൽ വന്ന ആ അയൽസംസ്ഥാനക്കാരന്റെ മുഖത്ത്‌ നിറഞ്ഞ പ്രസാദം കണ്ട്‌ ഡോക്‌ടർപയ്യനെ നോക്കിയപ്പോൾ “ഇത്രേം തിരക്കുള്ള ഹോട്ടലിൽ അയാൾക്ക്‌ ടിപ്പൊക്കെ ഇഷ്‌ടം പോലെ കിട്ടില്ലേ മാഡം, നമുക്ക്‌ നഷ്‌ടമൊന്നുമില്ലല്ലോ. ഇരിക്കട്ടെ അയാൾക്കുമൊരു നല്ല വാക്ക്‌.” അതിശയത്തോടെ അവരുടെ മുഖത്തേക്ക്‌ വീണ്ടും നോക്കി.

ഇവനല്ലേ കുറച്ച്‌ നേരം മുന്നേ കപ്പൽ മുങ്ങാൻ പോണെന്ന്‌ പറഞ്ഞത്‌? ഇവളല്ലേ അതിന്‌ സമ്മതം മൂളി തലയാട്ടിയത്‌? എംബിബിഎസ്‌ പഠിക്കാൻ ചേർന്ന നാൾ മുതൽ ഇവരെപ്പോലെ എത്രയേറെ പേരെ ചുറ്റും കണ്ടിരിക്കുന്നു. ആതുരശുശ്രൂഷയെ ഹൃദയത്തിലേറ്റിയ ഒരുപാട് അധ്യാപകരേയും കണ്ടു, കണ്ടു കൊണ്ടേയിരിക്കുന്നു. മെഡിക്കൽ കോളേജിൽ കയറാൻ പോകുന്ന ഓരോ കുട്ടിയുടേയും മുഖത്തുള്ള പ്രതീക്ഷകൾ, ആശകൾ… ഇവരൊക്കെയുള്ളപ്പോൾ ഈ കപ്പൽ ഇനിയുമെത്ര കടൽ താണ്ടാനും കരകൾ കീഴടക്കാനുമിരിക്കുന്നു.

ഈയിടം കൊതിക്കുന്നവരോട്‌ ഒന്നേ പറയാനുള്ളൂ, മനസ്സിൽ ഡോക്‌ടറാകണമെന്ന്‌ ആഗ്രഹമുണ്ടെങ്കിൽ മാത്രമിങ്ങ്‌ വന്നേക്കുക. അച്‌ഛന്റെയോ അമ്മയുടെയോ ആഗ്രഹപൂർത്തീകരണത്തിന്‌ ഈ മതിൽക്കെട്ടിനകത്ത്‌ വന്ന്‌ കയറിയാൽ ഇത്‌ നരകമാണ്‌. അതല്ലെങ്കിൽ, കുറച്ച്‌ കഷ്‌ടപ്പെട്ടാലും ജീവിതം പഠിക്കാൻ ആശുപത്രിയോളം നല്ലൊരിടമില്ല.

വെറുതേ പറയുന്നതല്ല, കണ്ടത്‌ പറയുന്നതാണ്‌. ഇത്രയുമെഴുതാൻ പ്രചോദനം തന്ന എന്നും കാണുന്ന പ്രിയപ്പെട്ട മെഡിക്കൽ വിദ്യാർത്‌ഥികൾക്കും കൊച്ചുഡോക്‌ടർമാർക്കും ഇനി ഈ ലോകത്തിന്റെ ഭാഗമാകാൻ പോകുന്നവർക്കും ഹൃദ്യമായ വിജയാശംസകളോടെ..

https://www.facebook.com/shimnazeez/posts/10157618773732755

shortlink

Related Articles

Post Your Comments

Related Articles


Back to top button