Latest NewsIndia

എവിടെ – ഫിലിം റിവ്യൂ – ഋഷി രാജ് സിംഗ്

ഋഷി രാജ് സിംഗ്

അമേരിക്കയിലെ ഒരു സർവേ പറയുന്നത് 11 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം 6 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ അമ്മമാരുടെ മാനസിക സമ്മർദ്ദത്തേക്കാൾ ഇരട്ടിയിൽ അധികമാണ്. സോഷ്യൽ മീഡിയ, ടിവി, കംപ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം മൂലം വളരെ ചെറിയ പ്രായത്തിൽ തന്നെ ആവശ്യത്തിൽ അധികം കഴിവും പക്വതയും ലഭിക്കുന്നുണ്ട്, കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചാൽ ചില സന്ദർഭങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടാൻ ഉളള സാധ്യത കൂടുതലാണ് എന്ന കാര്യം ഈ സിനിമയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

ലഹരിയുടെ ഉപയോഗമാണ് യുവ തലമുറയെ ബാധിക്കുന്ന പ്രധാന പ്രശ്നം, എന്നാൽ ഒന്നും ചെയ്യാതെ ഇരുന്നിട്ട് കാര്യമില്ല, ചെയ്യുന്ന കാര്യം ശരിയല്ല എന്ന് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി ഡീ-അഡിക്ഷൻ സെൻററിൽ‌ കൊണ്ടു പോയി രക്ഷിക്കാൻ സാധിക്കും.

അറിയപ്പെടുന്ന ഒരു സ്റ്റേജ് ആർടിസ്റ്റിനെ കാണാതാകുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിനുളള ശ്രമങ്ങളോടുകൂടി സിനിമ പുരോഗമിക്കുന്നു. അദ്ദേഹത്തെ കണ്ടെത്തുബോൾ കാരണം നമ്മെ ഞെട്ടിക്കും

ഒരിക്കലും അമ്മമാരുടെ സ്വഭാവം കുട്ടികൾ കണ്ടു പടിക്കാറില്ല, എന്നാൽ അച്ഛന്റെ മോശം സ്വഭാവം കുട്ടികൾ അതുപോലെ തന്നെ ആവർത്തിക്കുന്നത് നമുക്ക് ഈ സിനിമയിലൂടെ കാണാൻ കഴിയും.

ഹോസ്റ്റലിൽ വച്ച് ലഹരിക്ക് അടിമപ്പെട്ടുപോയ കുട്ടിയുടെ അമ്മയായി(ജെസി)മികച്ച പ്രകടനമാണ് ആശ ശരത് കാഴ്ച വയ്ക്കുന്നത്. ദൃശ്യം എന്ന സിനിമയിൽ അവർ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റെ അന്വേഷണബുദ്ധിയുടെ പ്രതിഫലനം ഈ സിനിമയിലും കാണാൻ കഴിയും. കുട്ടിയുടെ അച്ഛനായി മനോജ് കെ ജയൻ (സക്കറിയ) മികച്ച പ്രകടനം കാഴ്ച വെച്ചു. സ്ഥലത്തെ സബ് ഇൻസ്പെക്ടർ ആയി ബൈജു സ്വതസിദ്ധമായ ശൈലിയിൽ സാധാരണ ഒരു എസ്സ്.ഐ യുടെ എല്ലാ ഭാവങ്ങളോടുകൂടിയും അഭിനയിച്ചിട്ടുണ്ട്.

സക്കറിയയുടെ മകനായി (ഷെബിൻ ബെൻസൺ) നല്ല പ്രകടനം നടത്തി. ലഹരിയ്ക്ക് അടിമപ്പെടുന്ന കുട്ടിയായും തിരികെ നല്ല ജീവിതത്തിലേക്ക് വരുന്നതായും തന്മയത്തോടെ അഭിനയിച്ചിട്ടുണ്ട്.

ഒരു കുടുംബത്തെ മുഴുവൻ അനാധമാക്കിയ മകന്റെ (സക്കറിയ) അച്ഛനായി പ്രേം പ്രകാശിന് തന്റെ ദയനീയ ദശ മികച്ച രീതിയിൽ കാണിക്കാൻ‌ സാധിച്ചു.

ഒരു നല്ല മനസ്സുളള ടാക്സി ഡ്രൈവറായി സുരാജ് തിളങ്ങിനിൽക്കുന്നു. കോമഡി മാത്രമല്ല ക്യാരക്ടർ റോളുകളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തൂലികയിൽ പിറന്ന കഥ എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. അവസാന നിമിഷം വരെ ശ്വാസം പിടിച്ച് ഇരുന്ന് പോകും.

ചിത്രത്തിന്റെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പിന്തുണ നൽകുന്നുണ്ട്. ഈ സിനിമയിലെ വികാരങ്ങൾ പങ്കു വയ്ക്കാൻ ഔസേപ്പച്ചൻ്റെ സംഗീതത്തിനും പാട്ടുകൾക്കും കഴിഞ്ഞിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം യുവതലമുറയെ എങ്ങനെ ബാധിക്കും എന്ന് ഈ സിനിമ നമുക്ക്‌ കാണിച്ചു തരുന്നു. സംവിധായകൻ രാജീവ് ഇത് വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കൾ കുടുംബവുമൊത്ത് കാണേണ്ട ഒരു ചിത്രം കൂടിയാണ് എവിടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button