KeralaLatest News

സ്വര്‍ണവ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍; സൂത്രധാരനാരെന്ന് വ്യക്തമാക്കി പൊലീസ്

തിരുവനന്തപുരം : സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്ത തൃശൂര്‍ സംഘത്തെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.20ന് ശ്രീവരാഹത്തിന് സമീപം ജൂവലറി ഉടമയും സ്വര്‍ണ വ്യാപാരിയുമായ ബിജുവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍ സ്വദേശികളായ കടങ്ങോട്, കടങ്ങോട് വീട്ടില്‍ അനില്‍കുമാര്‍ (42), ഒല്ലൂക്കര മണ്ണൂത്തി മംഗലശ്ശേരി വീട്ടില്‍ റിയാസ് (36), വെള്ളിയാലിക്കല്‍ കണിമംഗലം തോട്ടുങ്കല്‍ വീട്ടില്‍ നവീന്‍ (29), ആലപ്പറ കണ്ണറ പയ്യംകൂട്ടില്‍ സതീഷ് (40), പേരാമംഗലം ആലം പാണ്ടിയത്ത് വീട്ടില്‍ മനു എന്ന സനോജ് (21) എന്നിവരാണ് പിടിയിലായത്.

ഫോര്‍ട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വര്‍ഷങ്ങളായി ബിജുവിന്റെ ജീവനക്കാരനായിരുന്ന അനില്‍കുമാര്‍ നല്‍കിയ വിവരമനുസരിച്ചാണ് തൃശൂര്‍ സംഘം പദ്ധതി ആസൂത്രണം ചെയ്തത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ബിജുവിനെ രണ്ടു കാറുകളിലായി സംഘം പിന്തുടര്‍ന്നു തലസ്ഥാനത്ത് എത്തി. അനില്‍കുമാര്‍ നല്‍കിയ വിവരമനുസരിച്ച് തമ്പാനൂര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബിജു കാര്‍ എടുക്കാന്‍ വരുമ്പോള്‍ ആക്രമിച്ച് സ്വര്‍ണം കവരാനായിരുന്നു പദ്ധതി. എന്നാല്‍ ആ സമയത്ത് പാര്‍ക്കിങ് ഗ്രൗണ്ടിലെ തിരക്കുമൂലം പദ്ധതി മാറ്റി. തമ്പാനൂരില്‍നിന്നും ബിജു കാറുമായി വീട്ടിലേക്ക് പോകവെ സംഘം കാറുകളില്‍ പിന്തുടര്‍ന്നു.

ശ്രീവരാഹത്തിന് സമീപം വാഹനം തടഞ്ഞ് ചില്ലുകള്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് തകര്‍ത്തു. വാഹനത്തിലേക്ക് കയറിയ സംഘം മുളകുപൊടി ബിജുവിന് നേര്‍ക്ക് എറിഞ്ഞു. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗുമായി മടങ്ങി. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം മനസിലാക്കി പൊലീസ് പിടികൂടുമെന്നു തിരിച്ചറിഞ്ഞ് കാര്‍ നിംസ് ആശുപത്രിയില്‍ ഉപേക്ഷിച്ചു.
തൃശൂരില്‍നിന്നും കച്ചവടത്തിനായി ബിജു കൊണ്ടു വന്ന സ്വര്‍ണമാണ് സംഘം കവര്‍ന്നത്. പത്യേക ഷാഡോ സംഘം രഹസ്യമായി നടത്തിയ നീക്കമാണ് പ്രതികളെ വലയിലാക്കിയത്. കവര്‍ച്ചസംഘത്തിലെ അവശേഷിക്കുന്നവരും ഉടന്‍ പിടിയിലാകുമെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button