തൃശൂര്‍: റഷ്യന്‍ വിപ്ലവത്തിന് ശേഷമാണ് ലോകത്തെ മറ്റ് പ്രമുഖ രാഷ്ട്രങ്ങളിലെല്ലാം സ്ത്രീകള്‍ക്ക് തുല്യതയും വോട്ടവകാശവും കിട്ടിയതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കൊളോണിയലിസമില്ലാതെ സ്വന്തം കാലില്‍നിന്ന് തീര്‍ത്ത സാമ്പത്തികമാതൃകയിലും വന്‍ മുന്നേറ്റമുണ്ടായി. എന്നാല്‍ ലെനിന്റെ പിന്‍മുറക്കാര്‍ ചെയ്ത സൈദ്ധാന്തികമായ വലിയ അബദ്ധങ്ങള്‍ തകര്‍ച്ചയ്ക്ക് വഴിതുറന്നു. ശരിയാണെന്ന ധാരണയില്‍ നിഷ്‌കളങ്കമായി സ്വീകരിച്ച നടപടികള്‍ അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ‘മുകളില്‍ നിന്നുള്ള വിപ്ലവം— സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍നാടകങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ബേബി.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്ന കാലത്തും അവിടെ സ്ത്രീകള്‍ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നില്ല. ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ ലഭിച്ചത് റഷ്യന്‍ വിപ്ലവത്തിനുശേഷമാണ്.
സോവിയറ്റ് യൂണിയനില്‍ 83 ശതമാനം സ്ത്രീകളും പ്രതിഫലം കിട്ടുന്ന ജോലി ചെയ്തിരുന്നു. അമേരിക്കയില്‍ ഇത് 55 ശതമാനം മാത്രമായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന്റേയും അവകാശങ്ങളുടേയും കാര്യത്തില്‍ സോവിയറ്റ് യൂണിയന്‍ ലക്ഷ്യം നേടിയെന്നതിന് തെളിവാണിത്. വൈദ്യശാസ്ത്രതരംഗത്ത് റഷ്യന്‍ വളര്‍ച്ച ഏറെ മികവുറ്റതാണ്. കുട്ടികളുടെ സംരക്ഷണത്തിലും മാതൃകയായി.
ബ്രിട്ടന്റേയും അമേരിക്കയുടേയും യൂറോപ്യന്‍ രാജ്യങ്ങളുടേയും വളര്‍ച്ചയുടെ അടിസ്ഥാനം കൊളോണിയന്‍ ചൂഷണമായിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ വളര്‍ച്ച സ്വന്തം കാലില്‍ നിന്നാണ്. ഇന്ത്യയില്‍ അടിസ്ഥാന വ്യവസായങ്ങള്‍ വളരുന്നതിന് അടിത്തറ സോവിയറ്റ് യൂണിയനായിരുന്നു. രാജ്യ വളര്‍ച്ചയ്ക്ക് അത്താണിയായ പഞ്ചവത്സര പദ്ധതിയും സോവിയറ്റ് യൂണിയന്‍ വിഭാവനം ചെയ്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments