KeralaLatest News

കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

ഫെഡറല്‍ ബാങ്കിന്റെ മൂന്നുപീടിക ശാഖയിലെ എടിഎം കൗണ്ടറിനകത്തുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് കള്ളനോട്ട് നിക്ഷേപിച്ചത്

കയ്പമംഗലം: ഒരു മാസം മുമ്പ് ഫെഡറല്‍ ബാങ്കിന്റെ കാഷ് ഡെപ്പോസിറ്റിങ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച കേസില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. വലപ്പാട് ബീച്ച് പോക്കാക്കില്ലത്ത് അബ്ദുല്‍അസീസ് (22), അറക്കല്‍ ദില്‍ഷാദ് (26), പുതിയവീട്ടില്‍ മുഹമ്മദ് റോഷന്‍ (19), തൃശ്ശൂര്‍ കല്ലൂര്‍ സ്വദേശികളായ മേലേപ്പുരയില്‍ ഇബ്രാഹിംകുട്ടി (26), കളംപാട്ട് ജിസ്ബിന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കയ്പമംഗലം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫെഡറല്‍ ബാങ്കിന്റെ മൂന്നുപീടിക ശാഖയിലെ എടിഎം കൗണ്ടറിനകത്തുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് കള്ളനോട്ട് നിക്ഷേപിച്ചത്. എടതിരിഞ്ഞി സ്വദേശി അരുണ്‍ എന്നയാള്‍ മെഷീനില്‍ നിക്ഷേപിച്ച 14,000 രൂപയില്‍ 2000-ന്റെ ഒരു നോട്ടും 500-ന്റെ ഏഴ് നോട്ടുകളുമാണ് കള്ളനോട്ടായി രേഖപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അരുണ്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും അക്കൗണ്ടില്‍ എത്തിയിരുന്നില്ല.

അരുണിന്റെ പരാതിയെ തുടര്‍ന്ന് ബാക്കി പണം ബാങ്ക് അരുണിന് കൈമാറി. എന്നാല്‍ ഇതിനു ശേഷം മെഷീന്‍ പരിശോധിച്ച ബാങ്ക് അധികൃതര്‍ സ്പെഷ്യല്‍ ട്രേയില്‍നിന്ന് കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിപ്രകാരം അന്വേഷണം നടത്തിയപ്പോഴാണ് അഞ്ചുപേര്‍ അറസ്റ്റിലായത്. പിടിയിലായ അസീസും മറ്റുള്ളവരും ചേര്‍ന്നാണ് അരുണിന് പണം നല്‍കിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button