Latest NewsKuwaitGulf

പാരമ്പര്യ പ്രൗഢിയോടെ ഉള്‍ക്കടലിലേക്ക്; സാല്‍മിയ കടല്‍തീരം സാക്ഷ്യം വഹിച്ചത് ചരിത്ര ദൗത്യത്തിന്

കുവൈത്ത് സിറ്റി: കടലലകളെ വകഞ്ഞുമാറ്റി 13 പായക്കപ്പലുകള്‍ കുതിച്ചു. പായക്കപ്പലുകളില്‍ യാത്രയായ 195 പേര്‍ ഇനി കടലാഴങ്ങളില്‍ മുങ്ങിത്തപ്പി മുത്തുച്ചിപ്പികളുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 1) തിരിച്ചെത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന ചരിത്ര ദൗത്യത്തിന് സാല്‍മിയ കടല്‍തീരം വ്യാഴാഴ്ച വീണ്ടും സാക്ഷ്യംവഹിച്ചു. കുവൈത്ത് സീ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 31-ാമത് മുത്തുതേടിയുള്ള യാത്രയ്ക്ക് പാരമ്പര്യത്തിന്റെ പ്രൗഢി നിറഞ്ഞ തുടക്കം.

പഴയകാലത്ത് ജീവനോപാധിയായി പൂര്‍വീകര്‍ സ്വീകരിച്ച മാര്‍ഗമാണ് മുത്തുവാരല്‍. പൂര്‍വികരുടെ വഴികള്‍ മറക്കരുതെന്ന ലക്ഷ്യവുമായി സീ ക്ലബ് 1986ലാണ് മുത്തുതേടിയുള്ള യാത്രയ്ക്ക് തുടക്കമിട്ടത്. വാര്‍ത്താവിതരണ മന്ത്രാലയം പായക്കപ്പലുകളുമായായിരുന്നു തുടക്കം. യാത്രയുടെ പ്രാധാന്യം പരിഗണിച്ച് അടുത്തവര്‍ഷം അന്നത്തെ അമീര്‍ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഏഴു പായക്കപ്പലുകള്‍ കൂടി നല്‍കി.

യുദ്ധകാലത്ത് നിലച്ചുപോയതൊഴിച്ചാല്‍ എല്ലാവര്‍ഷവും യാത്രയൊരുക്കാന്‍ ക്ലബ് രംഗത്തുണ്ടായിരുന്നു. മാസങ്ങളോളം കടലില്‍ കഴിഞ്ഞ കടലിന്റെ അടിത്തട്ടില്‍ മുങ്ങിയെടുക്കുന്ന ചിപ്പികളിലെ മുത്തുകള്‍ ഇന്ത്യയിലും ബ്രിട്ടനിലുമൊക്കെ എത്തിച്ച് ജീവിക്കാനുള്ള വക കണ്ടെത്തിയവരായിരുന്നു പൂര്‍വികര്‍. മുത്തും മത്സ്യവും ജീവിത വഴിയായിക്കണ്ട രാജ്യത്ത് എണ്ണഖനനം പാരമ്പര്യ വരുമാന സ്രോതസിനെ വിസ്മൃതിയിലാക്കിയതായിരുന്നു.

യുവസമൂഹമാണ് ഇപ്പോള്‍ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. അമീര്‍ ഷെയ്ഖ് സബാഹ് അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്നു. കുവൈത്തിന്റെ പൈതൃകമാണ് മുത്തുവാരല്‍. അതിന്റെ പ്രാധാന്യം നിലനിര്‍ത്തുക എന്നതിനര്‍ഥം ചരിത്രം നിലനിര്‍ത്തുക എന്നതുകൂടിയാണ്. വെറുമൊരു ഉല്ലാസ യാത്രയല്ല മുത്തുതേടിയുള്ള യാത്ര. ഒരുക്കങ്ങള്‍ തൊട്ട് തിരിച്ചുവരവ് വരെ എല്ലാം പഴയതു പോലെ സംഘടിപ്പിക്കുന്നുവെന്നതിലാണ് യാത്രയുടെ പ്രത്യേകത. യാത്രക്കൊരുങ്ങുന്നവര്‍ക്ക് ആഴ്ചകള്‍ നീളുന്ന പരിശീലനമുണ്ട്. പരിശീലനത്തിനായി ഇത്തവണയും ചെറുപ്പക്കാരുടെ ബാഹുല്യമുണ്ടായിരുന്നു. പായക്കപ്പലുകളുടെ അറ്റകുറ്റപ്പണികളും യാത്രയയപ്പും വരവേല്‍പുമെല്ലാം പഴയ രീതിയില്‍ തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button