KeralaLatest News

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ; ഐ.പി.എല്‍. മാതൃകയില്‍ വള്ളംകളി നടത്താൻ തീരുമാനം

പൊന്നാനി: ഐ.പി.എല്‍. മാതൃകയില്‍ വള്ളംകളി നടത്താൻ സർക്കാർ തീരുമാനം. ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി സർക്കാർ മേൽനോട്ടത്തിലുള്ള കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജന്‍സിയെ തിരഞ്ഞെടുക്കാന്‍ ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി രൂപവത്‌കരിക്കുകയും കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവിലുള്ള ചുണ്ടന്‍ വള്ളംകളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്. വിനോദസഞ്ചാര വകുപ്പിന് നേരിട്ട് കാര്യങ്ങളിൽ ഇടപെടാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് പുതിയ കമ്പനി രൂപീകരിച്ചത്.ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.ടി.ഐ.എല്‍. ചെയര്‍മാന്‍ എന്നിവരാണ് കമ്ബനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

മൂന്നുമാസം നീളുന്ന സി.ബി.എല്ലില്‍ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളില്‍ 12 വേദികളിലായി 12 മത്സരങ്ങളാണ് സി.ബി.എല്ലില്‍ ഉണ്ടാകുന്നത്. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നുവരെയാണ് മത്സരങ്ങള്‍.

ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യമത്സരം തുടങ്ങുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ കൊല്ലത്തു നടക്കുന്ന പ്രസിഡന്‍റ്‌സ് ബോട്ട് റെയ്‌സിനൊപ്പം സി.ബി.എല്‍ സമാപിക്കും.ഉച്ചതിരിഞ്ഞ് 2.30 മുതല്‍ അഞ്ചുമണിവരെയാണ് എല്ലാമത്സരങ്ങളും നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപവീതം സമ്മാനമായി ലഭിക്കും.

ഇതിനിടെ വരുന്ന വാരാന്ത്യങ്ങളിലാണ് ബാക്കി മത്സരങ്ങള്‍. പുളിങ്കുന്ന്-ആലപ്പുഴ (ഓഗസ്റ്റ്-17), താഴത്തങ്ങാടി-കോട്ടയം (ഓഗസ്റ്റ്-24), പിറവം- എറണാകുളം (ഓഗസ്റ്റ്-31), മറൈന്‍ഡ്രൈവ്- എറണാകുളം (സെപ്റ്റംബര്‍-7), കോട്ടപ്പുറം-തൃശ്ശൂര്‍ (സെപ്റ്റംബര്‍-21), പൊന്നാനി-മലപ്പുറം (സെപ്റ്റംബര്‍-28), കൈനകരി-ആലപ്പുഴ (ഒക്ടോബര്‍-5), കരുവാറ്റ-ആലപ്പുഴ (ഒക്ടോബര്‍-12), കായംകുളം-ആലപ്പുഴ (ഒക്ടോബര്‍-19), കല്ലട-കൊല്ലം (ഒക്ടോബര്‍-26) എന്നിങ്ങനെയാണ് മത്സര തീയതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button