IndiaDevotional

ലോകത്തിന് വിസ്മയമായി സമുദ്രത്തിനടിയിലെ ഈ ശിവ ക്ഷേത്രം : ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ച

എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ കടല്‍ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്.

ലോകത്തിന് അത്ഭുതമായി സമുദ്രത്തിനടിയിലെ ഒരു ശിവ ക്ഷേത്രം . ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചയ്ക്കാണ് ഇവിടെ സാക്ഷ്യം വഹിയ്ക്കുന്നത്. കടല്‍ത്തിര പിന്‍വാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം നടന്ന് ഭക്തര്‍ ഇഷ്ടദൈവത്തെ പ്രാര്‍ത്ഥിക്കാനെത്തുന്നു. എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ കടല്‍ മാറിക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്. ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറിനിന്ന്‌കൊടുത്ത് ഭക്തര്‍ക്ക് ശിവാരാധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

ക്ഷേത്രപരിസരത്തുള്ള പാണ്ഡവക്കുളത്തില്‍ കൈകാലുകള്‍ ശുദ്ധിയാക്കിയിട്ടാണ് ഭക്തര്‍ ആരാധന നടത്തുക. രാത്രിയില്‍ വീണ്ടും ക്ഷേത്രം കടലിനടിയിലാകും. ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ ഭവനഗറിലുള്ള കോലിയക്ക് എന്ന സ്ഥലത്താണ്. പഞ്ചപാണ്ഡവര്‍ ആരാധിച്ചിരുന്നതെന്നു കരുതുന്ന സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളാണ് ഇവിടെ പ്രാര്‍ത്ഥനാമൂര്‍ത്തികള്‍. അതോടൊപ്പം ഓരോ ലിംഗത്തിനു മുന്‍പിലും ഓരോ നന്ദിയുമുണ്ട്. ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെയാണ്.

മഹാഭാരതയുദ്ധം ജയിച്ച പാണ്ഡവര്‍ക്ക് അഗാധമായ ദുഃഖമുണ്ടായി സ്വന്തം ബന്ധു മിത്രങ്ങളെ അവരുടെ തെറ്റുകൊണ്ടാണെങ്കില്‍പ്പോലും കൊല്ലേണ്ടിവന്നില്ലേ, ഈ പാപത്തിനെന്തുണ്ട് പരിഹാരം. എല്ലാ ദുഖത്തിനും പരിഹാരമായ കൃഷ്ണനെത്തന്നെ അവരഭയം പ്രാപിച്ചു. ശ്രീ കൃഷ്ണന്‍ അവര്‍ക്കൊരു കറുത്ത കൊടിയും കറുത്ത പശുവിനെയും കൊടുത്തു. ഈകൊടിയുമേന്തി കറുത്ത പശുവിനെ പിന്തുടരാന്‍ നിര്‍ദേശിച്ചു. എപ്പോഴാണോ ഇവ രണ്ടും വെളുപ്പുനിറമാകുന്നത് അപ്പോള്‍ അവരുടെ കളങ്കങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും അവിടെ ശിവന്റെ സാന്നിധ്യമുണ്ടെന്നും അവിടെ ശിവനെ തപസ്സു ചെയ്യുന്നത് ഉത്തമമാണെന്നും ഉപദേശിച്ചു.

പഞ്ചപാണ്ഡവര്‍ ഈ നിര്‍ദ്ദേശം ശിരസ്സാവഹിച്ചു ദിനരാത്രങ്ങളലഞ്ഞു. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. പക്ഷെ പശുവും കൊടിയും കറുത്തുതന്നെ. യാത്രാമധ്യേ അവര്‍ കോളിയാക്കിലെ കടല്‍തീരത്തെത്തി. അപ്പോഴതാ കൂടെയുള്ളത് വെളുത്തപശു, കൈയിലെ കൊടി വെളുപ്പ്. ശ്രാവണമാസത്തിലെ അമാവാസി ദിവസമായിരുന്നു അത് എന്ന് വിശ്വസിക്കപ്പെടുന്നു. പാണ്ഡവര്‍ അവിടെ തപസ്സാരംഭിച്ചു. അവരില്‍ സംപ്രീതനായ ശിവന്‍ അവരോരോരുത്തരുടെ മുന്‍പിലും പ്രത്യേക ശിവലിംഗമായി പ്രത്യക്ഷമായി.

ശിവപ്രീതിയില്‍ സന്തോഷിച്ച അവര്‍ ശിവലിംഗങ്ങളെ അത്യധികം ഭക്തിയോടെആരാധിച്ചു മടങ്ങിപ്പോയി. പഞ്ചപാണ്ഡവരെ കളങ്ക വിമുക്തരാക്കിയ മഹാദേവനെ നിഷ്‌കളങ്ക മഹാദേവനായി ആരാധിച്ചുതുടങ്ങി. അമാവാസി ദിവസങ്ങളില്‍ ഇവിടെ പ്രത്യക ആരാധനകളുണ്ട്. ഇവിടെ ചിതാഭസ്മം നിമഞ്ജനം ചെയ്താല്‍ പരേതാത്മാക്കള്‍ക്കു മോക്ഷപ്രാപ്തിയുണ്ടാകും എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിലെ കൊടിമാറ്റല്‍ വര്‍ഷത്തിലൊരിക്കലാണ് നടക്കുക. ഭവനഗര്‍ രാജവംശത്തിന്റെ അവകാശമാണത്.

ഈ മാറ്റുന്ന കൊടി അടുത്ത 364 ദിവസവും നിലനിന്നു പോരുന്നു ആഞ്ഞടിക്കുന്ന തിരകളോ, ആയിരങ്ങളെ സംഹരിച്ചലറിയാടിയ സുനാമിയോ ഈ കൊടിയേ വീഴ്ത്തിയിട്ടില്ല. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും അത്ഭുതം…

shortlink

Related Articles

Post Your Comments

Related Articles


Back to top button