KeralaLatest News

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു : മരണസംഖ്യ ഉയരുന്നു : അഞ്ച് ഡാമുകള്‍ തുറന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം

 

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ഇതോടെ അഞ്ച് ഡാമുകള്‍ തുറന്നു :. ഇതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. മഴയിലും കാറ്റിലും സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ തോട്ടില്‍വീണ് കെ.പത്മനാഭന്‍, അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളര്‍ന്നുവീണ് പനമരത്ത് മുത്തു, എന്നിവരാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനുമുകളില്‍ മണ്ണിടിഞ്ഞ് കുഞ്ഞു മരിച്ചു. രാജശേഖരന്‍ നിത്യ ദമ്പതികളുടെ ഒരുവയസായ മകളാണ് മരിച്ചത്. മലബാര്‍ ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ മഴക്കെടുതി രൂക്ഷമാണ്

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍, മാങ്കുളം, മറയൂര്‍ എന്നിവിടങ്ങള്‍ ഒറ്റപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മുക്കം, മാവൂര്‍ , നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തില്‍ മുങ്ങി. ഭൂതത്താന്‍കെട്ട്, മലങ്കര, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മംഗലം ഡാമുകള്‍ തുറന്നു. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ഇതുവരെ ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും. നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേന പുറപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്ടില്‍ ആണ്.

മാനന്തവാടിയില്‍ 25.9 സെന്റീമീറ്ററും വൈത്തിരിയില്‍ 24.4 സെന്റീമീറ്ററും മഴ ലഭിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മിന്നല്‍പ്രളയത്തിന്റെ നടുക്കത്തിലാണ് നിലമ്പൂര്‍. ചാലിയാര്‍ കരവിഞ്ഞതോടെ ടൗണിലെ കടകളിലും വീടുകളിലും വെളളം കയറി . ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. എടവണ്ണപ്പാറ, അരീക്കോട് ,വാഴക്കാട് മേഖലകളിലും വീടുകളില്‍ വെളളം കയറി. കരുവാരക്കുണ്ടില്‍ ഉരുള്‍പൊട്ടലുമുണ്ടായി.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 7ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്‌സ് വെള്ളം തുറന്നുവിടാനാണ് ആലോചന. ആങ്ങമുഴി, സീതത്തോട് തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയരും

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button