KeralaLatest News

കോഴിക്കോട് ഉരുൾപൊട്ടൽ: തഹസിൽദാറും, ഉദ്യോഗസ്ഥരും തലനാരിഴക്ക് രക്ഷപ്പെട്ടു

കോഴിക്കോട്: ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്.

മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ മഴ കനത്തതോടെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസിൽദാർ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സും പൂനൂർ ഹെൽത്ത് കെയറിലെ സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു.

രക്ഷാപ്രവർത്തനെത്തിയ സംഘം ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോൾ ഓടിമാറിയതു കൊണ്ടാണ് അപകടമൊഴിവായത്. മാറ്റാൻ ശ്രമിച്ച കുടുംബങ്ങൾ സുരക്ഷിതരായി അവരുടെ വീടുകളിൽ തന്നെയാണുള്ളത്. തഹസിൽദാറെ കൂടാതെ ഡെപ്യൂട്ടി തഹസിൽദാർ വി ശ്രീധരൻ, വിഎഫ്എ എം ശിഹാബ്, ഡ്രൈവർ അബ്ദുൾ റഷീദ് എന്നിവരായിരുന്നു റവന്യൂ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. ഇടുക്കി ജില്ലയിൽ മാത്രം 4 പേരാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒരു വയസുള്ള കുട്ടി മരിച്ചു. കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് മരിച്ച മറ്റൊരാൾ. മറയൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button