Latest NewsKeralaIndia

പി എസ് സി പരീക്ഷാ തട്ടിപ്പ്: പ്രതികൾക്ക് ഉത്തരം അയച്ചത് എസ്.എ.പി കോണ്‍സ്റ്റബിള്‍ : ശരിയുത്തരം എഴുതിയ ചോദ്യങ്ങൾ വീണ്ടും ചോദിച്ചപ്പോൾ ഒന്നിനുപോലും ഉത്തരമില്ലാതെ പ്രതികൾ

പ്രണവും സഫീറും ഗോകുലും പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയ കല്ലറയിലെ സെന്ററും സംശയനിഴലിലാണ്.

തിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ‘റാങ്കുകാരായ’ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി അയച്ച രണ്ടാമന്‍ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന്‍ വി.എം.ഗോകുലാണെന്ന് കണ്ടെത്തി.പ്രണവും സഫീറും ഗോകുലും പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയ കല്ലറയിലെ സെന്ററും സംശയനിഴലിലാണ്.

പ്രണവും ശിവരഞ്ജിത്തും ഒരേ സമയത്താണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും കണ്ടെത്തി. പുലര്‍ച്ചെ രണ്ട് മണി 13മിനിറ്റ് 44സെക്കന്‍ഡിലാണ് ഇരുവരുടെയും അപേക്ഷ പി.എസ്.സിയുടെ സെര്‍വറിലെത്തിയത്. രണ്ട് മൊബൈലുകളില്‍ അപേക്ഷ തയ്യാറാക്കി ഒരേസമയം അയയ്ക്കുകയായിരുന്നു. ഒരേ പരീക്ഷാകേന്ദ്രവും അടുത്തടുത്ത രജിസ്റ്റര്‍ നമ്പറും കിട്ടാനായിരുന്നു ഇത്. രണ്ടുപേരുടെയും അപേക്ഷ അയച്ചത് പ്രണവാണ്.പരീക്ഷാദിവസം ഉച്ചയ്ക്ക് 1.32മുതല്‍ 2.02വരെ 29എസ്.എം.എസുകളാണ് ഗോകുലിന്റെ മൊബൈലില്‍ നിന്ന് രണ്ടാംറാങ്കുകാരനായ പ്രണവിന് ലഭിച്ചത്.

29 സന്ദേശങ്ങളിലായി എത്ര ഉത്തരങ്ങള്‍ കൈമാറിയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണം. പ്രണവിന്റെ അയല്‍ക്കാരനാണ് ഗോകുല്‍. 2015സെപ്തംബറിലെ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ 199-ാം റാങ്കുകാരനായിരുന്ന ഗോകുലിന് 2017ഫെബ്രുവരിയിലാണ് പരിശീലനം തുടങ്ങിയത്. ഒന്‍പത് മാസത്തെ പരിശീലനത്തിനുശേഷം എസ്.എ.പി ക്യാമ്പിൽ കോണ്‍സ്റ്റബിളായി. അവിടെ ഓഫീസിലെ അക്കൗണ്ട് റൈറ്ററുടെ ചുമതല ലഭിച്ചു. ഏറ്റവും സ്വാധീനമുള്ളവര്‍ക്ക് ലഭിക്കുന്ന ചുമതലയാണിത്.

ഒന്നാംറാങ്കുകാരന്‍ ശിവരഞ്ജിത്തിന് 96ഉം രണ്ടാംറാങ്കുകാരന്‍ പ്രണവിന്78ഉം സന്ദേശങ്ങളയച്ച നെടുമങ്ങാട് കല്ലറ വട്ടക്കരിക്കകം പറിങ്കിമാംവിള വീട്ടില്‍ ദാവീദിന്റെ മകന്‍ ഡി.സഫീറിന് പാങ്ങോട് പൊലീസ് സ്റ്റേഷന്‍ വഴി പി.എസ്.സി സമന്‍സ് നല്‍കിയെങ്കിലും അയാള്‍ ഇന്നലെ ഹാജരായില്ല. വി.എസ്.എസ്.സിയിലെ കരാര്‍ ജീവനക്കാരനാണ് സഫീര്‍. ഇയാള്‍ ഉള്‍പ്പെട്ട, ഫയര്‍മാന്‍ അടക്കം മൂന്ന് റാങ്കുലിസ്റ്റുകള്‍ പി.എസ്.സി പുനഃപരിശോധിക്കും. പ്രണവിന്റെ ഉറ്റസുഹൃത്താണ് സഫീറും. ഇവര്‍ക്ക് പുറമെ ഒരു യുവതിയുടെ മൊബൈലില്‍ നിന്ന് ‘റാങ്കുകാരുടെ’ മൊബൈലിലേക്ക് സന്ദേശങ്ങളെത്തിയിട്ടുണ്ട്.

28-ാം റാങ്കുകാരനായ നസീം രണ്ട് പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്തെന്നും ഇതിലൊന്നു മാത്രമാണ് സെര്‍വറിലേക്ക് അയച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നസീമിന്റെ പ്രൊഫൈലിലുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസുകള്‍ എത്തിയിട്ടില്ല. ഇയാള്‍ വേറെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചെന്നാണ് സംശയം. നാസിമിന് കല്ലറയില്‍ ബന്ധുവീടുകളുണ്ട്.പ്രണവിനെ കഴിഞ്ഞയാഴ്ച പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യംചയ്തു.

എല്ലാ ചോദ്യങ്ങളുടെയും ഉത്തരം അറിയാമായിരുന്നെന്ന് പറഞ്ഞ പ്രണവിനോട് പി.എസ്.സിയിലെ പൊലീസ് സൂപ്രണ്ട്, കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശരിയുത്തരമെഴുതിയ 15 ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നിനുപോലും ശരിയുത്തരം പറഞ്ഞില്ല. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസില്‍ ഒളിവിലായ പ്രണവിനെതിരെ കന്റോണ്‍മെന്റ് പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കെയാണ്, അയാളെ പി.എസ്.സി വിളിച്ചുവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button