KeralaLatest News

രണ്ടാമതും പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന ജനതക്ക് കഴിവുകെട്ട സര്‍ക്കാരിനോട് ചോദിക്കാനും പറയനുമുള്ളത്- ജിതിന്‍ കെ ജേക്കബ്

ജിതിന്‍ കെ ജേക്കബ്

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കണോ വേണ്ടയോ എന്നതിനെ ചൊല്ലി കേരളത്തിലെ സ്വയം പ്രഖ്യാപിത പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ അങ്കം വെട്ടുകയാണ്.

ALSO READ: രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് നാടിന്റെ നാനാഭാഗത്തു നിന്നും സഹായം

അതവിടെ നിൽക്കട്ടെ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചൊന്നും പറയാനുള്ള വിവരം എനിക്കില്ലാത്തത് കൊണ്ട് അതിനെക്കുറിച്ചു മിണ്ടുന്നില്ല. പക്ഷെ രണ്ട് പ്രളയ കാലത്ത് കേരളത്തിൽ ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ ചില കാര്യങ്ങൾ തുറന്നു പറയാതിരിക്കാൻ വയ്യ.

ഭരണകൂടം എന്ന നിലയിൽ നമ്മുടെ ഭരണാധികാരികൾ വലിയ പരാജയം ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്.

ജനങ്ങൾക്ക്‌ തങ്ങളുടെ ഭരണാധികാരികളിൽ അവിശ്വാസം ഉണ്ടാകുന്നത് തങ്ങളെ ഒരു ദുരിതത്തിൽ നിന്നും ഭരണകർത്താക്കൾക്ക് രക്ഷിക്കാൻ ആവുന്നില്ല എന്ന തിരിച്ചറിയൽ ഉണ്ടാകുമ്പോൾ ആണ്.

സ്റ്റേറ്റ് തങ്ങളെ രക്ഷിക്കും എന്ന വിശ്വാസം നികുതി കൊടുക്കുന്ന ജനങ്ങൾക്കില്ലാതാകുന്നു. നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണ പരാജയമാണ് ഒരിക്കൽ കൂടി മറനീക്കി പുറത്ത് വരുന്നത്.

മൂന്ന് ദിവസം തുടർച്ചയായി മഴ പെയ്താൽ ഇപ്പോൾ കേരളത്തിൽ വെള്ളപൊക്കം ഉണ്ടാകും എന്നറിയാം. ഉരുൾ പൊട്ടലുകൾ നടക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളുടെ ലിസ്റ്റ് സർക്കാരിന്റെ കൈവശം ഉണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് കൂടുതൽ കാര്യക്ഷമമാണിപ്പോൾ.

മഴ കനത്താൽ റിലീഫ് ക്യാമ്പുകൾ തുറക്കേണ്ടി വരും, അവശ്യ സാധനങ്ങൾ കൂടുതലായി വേണ്ടി വരും എന്നും അറിയാം.

എത്രയോ പഠന റിപോർട്ടുകൾ സെക്രട്ടറിയേറ്റിൽ പൊടിപിടിച്ചു കിടപ്പുണ്ട്.

ഈ പ്രളയ കാലത്തും നോക്കൂ, സർക്കാർ ചെയ്യുന്നത് സഹായം എത്തിക്കൂ എത്തിക്കൂ എന്ന മുറവിളിയാണ്. സർക്കാർ ചെയ്യേണ്ട കാര്യം ജനങ്ങളോട് പറയുന്നു ചെയ്യാൻ !

വയനാട്ടിലെയും നിലമ്പൂരിലെയും ക്യാമ്പുകളിലേക്ക് തിരുവനന്തപുരത്ത് നിന്നും പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച സാധനങ്ങൾ ആണ് എത്തിച്ചത്.

അപ്പോൾ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സർക്കാർ? സപ്ലൈ കോ, മാവേലി സ്റ്റോർ തുടങ്ങിയ സർക്കാർ അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപങ്ങളും, ഖാദി ബോർഡും ഒക്കെ ഇവിടെയുണ്ട്. ഇവിടങ്ങളിൽ ഒക്കെ അവശ്യ സാധനങ്ങൾ ഉണ്ട് താനും. ഇതൊക്കെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കു കൊടുത്തുകൂടെ?

ALSO READ: ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതം ; മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും : മുഖ്യമന്ത്രി

പൈസയുടെ കാര്യം ആണെങ്കിൽ സർക്കാർ തന്നെ പറയുന്നു കഴിഞ്ഞ പ്രളയ കാലത്ത് ജനങ്ങളിൽ നിന്നും പിരിച്ച ഏതാണ്ട്‌ 1400 കോടി രൂപ ഇപ്പോഴും ഫിക്സിഡ് ഡെപ്പോസിറ്റ് ആയി ബാങ്കിൽ ഇട്ടിരിക്കുന്നു എന്ന് !

 

എന്നിട്ടാണ് ഇവിടെയൊന്നും കിട്ടിയില്ല, പണം തരൂ, കേരളത്തെ സഹായിക്കൂ എന്ന് പറഞ്ഞു വീണ്ടും പിരിവിന് ഇറങ്ങുന്നത്.

സർക്കാരിന്റെ കയ്യിൽ പണം ഇല്ലെങ്കിൽ ഈ പിരിവ് മനസിലാക്കാം. ഇത് കയ്യിൽ പൈസ വെച്ചിട്ട് , സർക്കാർ സംവിധാനങ്ങൾ പോലും പൂർണമായും ഉപയോഗിക്കാതെ ഇപ്പോൾ തന്നെ പ്രളയ സെസ്സ് കൊടുക്കുന്ന പൊതു ജനങ്ങളിൽ നിന്നും വീണ്ടും പൈസ പിരിക്കുന്നത് എന്തൊരു ദുരന്തമാണ്?

അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസയിൽ നിന്നാണ് ജനം പണം നൽകുന്നത്, അതിന് പുറമെയാണ് നികുതിയും.

ഒരു ജനത ദുരന്തം നേരിടുമ്പോൾ ദുരന്തം നേരിടുന്ന അവരോട് തന്നെ പിരിവ് നടത്തി അവരെക്കൊണ്ട് തന്നെ ദുരിതാശ്വാസം നടത്തിക്കുന്ന ഭരണാധികാരികൾ ലോകത്ത് വേറെ എവിടെയും കാണില്ല.

ഇമോഷണൽ കഥകൾ മെനഞ്ഞുണ്ടാക്കി നടത്തുന്ന നാടകങ്ങളും പിരിവ് ഉദ്ദേശിച്ചു തന്നെയാണ്.

കഴിഞ്ഞ വർഷം പ്രളയം ഉണ്ടായി, ഈ വർഷവും ഉണ്ടായി, അടുത്ത വർഷമോ? എന്ത് സംശയം, ഇതാണ് പോക്കെങ്കിൽ അടുത്ത വർഷവും തുടർന്നുള്ള വർഷങ്ങളും ഇത് തുടരുക തന്നെ ചെയ്യും എന്നുറപ്പ്.

കാരണം ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്ത ഒരു ഭരണകൂടം ആണ് നമുക്കുള്ളത്.

ഇത് കേരളാമാണ്, സംഘപരിവാർ അജണ്ട നടപ്പാകില്ല എന്നൊക്കെ പറഞ്ഞു എത്രനാൾ ജനങ്ങളെ പറ്റിക്കും?

അടുത്ത മഴക്കാലത്തും ഇതേ ദുരന്തം ആവർത്തിക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുക്കാൻ കഴിയുമോ? ദുരന്തം അനുഭവിച്ച ജനതക്ക് കൂടുതൽ നികുതി ഭാരം നൽകിയിട്ട് , ഷേവ് കേരള എന്ന് പറഞ്ഞു ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കുടുംബസമേതം ലോകം മുഴുവൻ നടന്ന് പിരിവ് ചോദിക്കുന്ന ഭരണാധികാരിയെ അല്ല നാടിന് വേണ്ടത്.

ഒഡിഷ പോലുള്ള സംസ്ഥാനങ്ങൾ മുൻകാല അനുഭങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ലോകം കണ്ട ഏറ്റവും വലിയ കൊടും കാറ്റുകളെ പോലും സധൈര്യം നേരിടുന്നു.

കാഴ്ചപ്പാടുകൾ മാറണം. ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത്, ഇനി ഉണ്ടയാൽ തന്നെ അതിനെ ഖജനാവ് നിറയ്ക്കാനുള്ള മാർഗ്ഗമായി കണ്ടു ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം.

അടുത്ത വർഷവും ജനം ഇതുപോലുള്ള ദുരന്തം അനുഭവിക്കേണ്ടി വരില്ല, അതിനുള്ള നടപടികൾ കൈക്കൊള്ളും എന്ന് സർക്കാരിന് പറയാൻ കഴിയുമോ?

ഇനിയും മനുഷ്യ നിർമിതമായ പ്രളയത്തിന്റെ പേരിൽ നികുതി വർധിപ്പിക്കില്ല എന്ന് ഉറപ്പ് നല്കാനാകുമോ?

അടുത്ത വർഷം തൊട്ട് ഇതിന്റെ പേരിൽ പൊതുജനങ്ങളുടെ കയ്യിൽ നിന്ന് പിരിവ് നടത്തില്ല എന്നും പറയാനാകുമോ?

ഉള്ളവർ കൊടുക്കട്ടെ അതിന് നിനക്കെന്താ എന്ന് ചോദിക്കുന്നവർ ഉണ്ടാകും. ഉള്ളവർ കൊടുത്തോട്ടെ പക്ഷെ എല്ലാവരെയും അതിന് നിർബന്ധിക്കരുത്.

ഇമോഷണൽ നാടകങ്ങൾ കാണിച്ചു പാവങ്ങളെ പറ്റിക്കരുത്. ഇപ്പോൾ തന്നെ കഴിഞ്ഞ പ്രളയത്തിന്റെ പേരിൽ ജനം പ്രളയ നികുതി നൽകുന്നുണ്ട്. മദ്യത്തിന് ഇനിയും വിലകൂട്ടും എന്നറിയാം. അവിടെയും ചൂഷണം ചെയ്യുന്നത് പാവപ്പെട്ടവരെ തന്നെ.

ഭരണകൂടത്തിന്റെ കഴിവുകെടുകൊണ്ട് ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് കഷ്ടം അനുഭവിക്കുന്ന സാധാരണക്കാരെ ഇനിയും പിഴിയരുത്.

ഇനി അതല്ല എങ്കിൽ സ്റ്റേറ്റ് പൂർണമായും പരാജയം ആണ് എന്ന് തുറന്നു പറഞ്ഞിട്ട് ഇറങ്ങിപ്പോകണം. അല്ലെങ്കിൽ ജനങ്ങൾക്ക്‌ ഈ ഭരണകൂടത്തോട് ഒരു വിശ്വാസവും ഉണ്ടാകില്ല, അത് ജനങ്ങളെ നികുതി വെട്ടിപ്പിനും നിയമലംഘനങ്ങൾക്കും ഒക്കെ പ്രേരിപ്പിക്കും. അത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ തന്നെ തകർക്കുന്ന ഒന്നായി തീരും എന്ന് തീർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button