Health & Fitness

അമിതഭാരവും പൊണ്ണത്തടിയും, കരുതലോടെ പൊരുതാം

ലോകജനസംഖ്യയില്‍ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. അമിത ഭാരവും പൊണ്ണത്തടിയും ഒന്നാണെന്നാണു മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. പേശികള്‍, എല്ല്, കൊഴുപ്പ്, ജലം എന്നിവയില്‍ കേന്ദ്രീകരിച്ച് ശരീരത്തിനാവശ്യമുള്ളതിലധികം ഭാരമുണ്ടാകുന്ന അവസ്ഥയാണ് അമിത വണ്ണം. എന്നാല്‍ ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടിക്ക് കാരണം. അമിത വണ്ണവും പൊണ്ണത്തടിയും പ്രമേഹം, ഹൃദ്രോഗം, വിവിധയിനം അര്‍ബുദങ്ങള്‍, തൈറോയ്ഡ്, പിസിഒഡി ഇങ്ങനെ നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു.

ഉര്‍ജസന്തുലനമില്ലായ്മയാണ് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകാനുള്ള പ്രധാന കാരണം. ഭക്ഷണത്തില്‍നിന്നും പാനീയങ്ങളില്‍നിന്നും ശരീരത്തിന് കിട്ടുന്ന കലോറിയും ദഹനം, ശ്വസനം, മറ്റ് ശാരീരികപ്രവര്‍ത്തനങ്ങള്‍ ഇവയ്ക്ക് ശരീരം ചെലവഴിക്കുന്ന കലോറിയും തമ്മിലുള്ള സന്തുലനമില്ലായ്മയാണ് പ്രശ്‌നം. ശരീരത്തില്‍ കലോറിയെത്തുന്നത് കൂടുതലും ചെലവാകുന്നത് കുറച്ചുമാകുമ്പോള്‍ അമിതഭാരവും കൊഴുപ്പിന്റെ സാന്നിധ്യവും വര്‍ധിക്കുന്നു. ഡയറ്റിങ് മാറി മാറി പരീക്ഷിച്ചും പട്ടിണി കിടന്നുമൊക്കെ ഭാരം കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവര്‍ ഏറെയാണ്. ഈ ഡയറ്റുകള്‍ എല്ലാം താല്‍ക്കാലികമായി ശരീരഭാരം കുറയ്ക്കുമെന്നേ ഉള്ളൂ. മാത്രമല്ല പല പോഷകങ്ങളുടെയും അഭാവത്തിനും ഹോര്‍മോണ്‍ അസംതുലനത്തിനും ഇവ കാരണമാകും.ഒരാളുടെ ശരീരഭാരം നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പ്രധാന പങ്കുണ്ട്. പൊണ്ണത്തടിയും അമിതഭാരവും പാരമ്പര്യമായും കണ്ടുവരുന്നു.

അച്ഛനമ്മമാരില്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കുമോ ഇവയുണ്ടെങ്കില്‍ മക്കള്‍ക്ക് ഇത് പകര്‍ന്നുകിട്ടും. ശരീരത്തില്‍ സൂക്ഷിക്കുന്ന കൊഴുപ്പിന്റെ അളവ് നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുള്ളതിനാല്‍ പൊണ്ണത്തടി ജനിതകമായി പകര്‍ന്നുകിട്ടാം. കുടുംബങ്ങള്‍ പാരമ്പര്യമായി തുടരുന്ന ഭക്ഷണശീലങ്ങളും ജീവിതചര്യയും മക്കളില്‍ പൊണ്ണത്തടി ഉണ്ടാകാന്‍ കാരണമാകും.ചില ഹോര്‍മോണ്‍ തകരാറുകളും അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകാറുണ്ട്. ഹൈപ്പോതൈറോയിഡിസം (Hypothyroidism) അതിലൊന്നാണ്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍ ശരീരത്തില്‍ ഭക്ഷണവും ഓക്‌സിജനും ഊര്‍ജമാക്കുന്ന പ്രക്രിയ മന്ദീഭവിക്കും.

കുഷിങ്‌സ് സിന്‍ഡ്രോം (Cushing’s Syndrome) ആണ് മറ്റൊന്ന്. അഡ്രീനല്‍ ഗ്രന്ഥികള്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ (Cortisol) ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ പ്രശ്‌നമാകുന്നത്. സ്ത്രീകളില്‍ ആന്‍ഡ്രൊജന്‍(Androgen) എന്ന ഹോര്‍മോണ്‍ അധികരിക്കുന്ന പി.സി.ഒ.എസ്. (Poly Cystic Ovarian Syndrome) ആണ് മറ്റൊരവസ്ഥ.

ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുക വഴി ആരോഗ്യ കരമായ ശരീരഭാരം നിലനിര്‍ത്താനും പൊണ്ണത്തടി കുറയ്ക്കാനും സാധിക്കും. ശരീരഭാരം അമിതമായി വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. കുട്ടിക്കാലത്തുതന്നെ ഇതിന്റെ സാഹചര്യങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആഹാരം നന്നായി നിയന്ത്രിച്ചു നല്‍കുക. കുട്ടികളുടെ ഭക്ഷണകാര്യങ്ങള്‍ പൂര്‍ണമായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമ്മര്‍ദങ്ങളെ അകറ്റുക, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുക ഇതെല്ലാം ശീലമാക്കിയാല്‍ ആരോഗ്യമുള്ള ശരീരവും സ്വന്തമാകും. അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ജീവിതശൈലിയാണ് ഈ രോഗങ്ങളില്‍നിന്ന് അകന്ന് നില്‍ക്കാനുള്ള ഏക പ്രതിവിധി. അവിടെയും പരാജയപ്പെടുന്ന പക്ഷം മാത്രമാണ് ഒരു മെഡിക്കല്‍ സഹായം വേണ്ടിവരുന്നത്. ഭക്ഷണക്രമത്തിനൊപ്പം ജീവിതരീതിയില്‍ വരുത്തുന്ന മാറ്റവും ആവശ്യമാണ്. ഇത്രയൊക്കെ ചെയ്തിട്ടും ശരീരഭാരം 5% പോലും കുറയാത്ത സാഹചര്യത്തിലാണ് സര്‍ജറി വേണ്ടിവരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button