Life StyleHome & Garden

വീട് പണിയുമ്പോള്‍ ഈ അബദ്ധങ്ങള്‍ പറ്റരുതേ…

വീട് എന്നത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാല്‍ ഇന്ന് പലരും വീട് പണിയുന്നത് തങ്ങളുടെ ആഡംബരം കാണാക്കാനാണ്. അതിനായി ലോണെടുത്തും ഉള്ളതെല്ലാം വിറ്റുപെറുക്കിയും വലിയ മാളികകള്‍ പണിയും. പക്ഷേ ഇതിനൊക്കെ മുന്‍പ് തന്നെ നാം ഒരു കാര്യം ചിന്തിക്കണം. മനോഹരമായ കെട്ടിടം പണിതിട്ട് കാര്യമില്ല, അതിനുള്ളില്‍ കഴിയുന്ന മനുഷ്യരുടെ സന്തോഷമാണ് പ്രധാനം. ഇതാ വീട് പണിയുമ്പോള്‍ നാം സ്ഥിരമായി വരുത്താറുള്ള ചില അബദ്ധങ്ങള്‍.

വീടിന് തുറന്ന റൂഫോടു കൂടിയ നടുമുറ്റം വേണമെന്നൊക്കെയുള്ള മോഹവുമായാണ് പലരും ആര്‍ക്കിടെക്ടിനെയും എന്‍ജിനീയറെയുമൊക്കെ സമീപിക്കുന്നത്. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഈ രീതി അത്ര അനുകൂലമല്ല. ശക്തമായ മഴക്കാലത്തെ ഓപ്പണായ നടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴുള്ള ദോഷങ്ങളെക്കുറിച്ചോ അവ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചോ പരിപാലിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ ഒന്നും ആലോചിക്കാതെയാണ് പലരും ഇത്തരം അബദ്ധങ്ങള്‍ ചെയ്തുകൂട്ടുന്നത്.

വീടു പണിയാനായി വാങ്ങിയ ഭൂമി അല്‍പ്പം താഴ്ന്നു പോയി, അല്ലെങ്കില്‍ ഉയരത്തിലായിപ്പോയി. എന്നൊക്കെ കാണുമ്പോള്‍ ഉടന്‍ തന്നെ പ്ലോട്ട് മണ്ണിട്ടോ മണ്ണെടുത്തോ നിരപ്പാക്കി വീടു പണിയാം എന്നു തീരുമാനിക്കുന്നവര്‍ ഉണ്ട്. അതിനു ചെലവാകുന്ന പണത്തെക്കുറിച്ച് കൃത്യമായി അന്വേഷിച്ചറിഞ്ഞിട്ടു വേണം അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍. പ്ലോട്ട് മണ്ണിട്ടു നിരപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പലരും ചിലവാക്കുന്നത് വീടുപണിക്കായി സ്വരുക്കൂട്ടിവെച്ച പണം തന്നെയായിരിക്കും. ഇതിന്റെ പേരില്‍ പിന്നീട് അവര്‍ ദുഃഖിക്കുകയും ചെയ്യും.

വീടുപണിയുടെ ബജറ്റ് കുറച്ചു കളഞ്ഞേക്കാം എന്നു കരുതി വിലകുറഞ്ഞ വസ്തുക്കള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഉണ്ട്. തല്‍ക്കാലത്തേക്കു ലാഭം കിട്ടുമെങ്കിലും വില കുറഞ്ഞ, ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാല്‍ പിന്നീട് ഇരട്ടിച്ചെലവ് വരാം. വിക്കുറവിനൊപ്പം അവയുടെ ഈടും കുറവായിരിക്കും എന്നകാര്യമോര്‍ക്കുക. വീടുപണിയില്‍ ആവശ്യങ്ങള്‍ക്കാവണം പ്രാധാന്യം നല്‍കേണ്ടത്. മുറികള്‍ക്ക് ആവശ്യത്തിലേറെ വലുപ്പം വേണമെന്നു ശഠിക്കുന്നവരും ഉണ്ട്. സത്യത്തില്‍ വലുപ്പത്തിലുള്ള കിടപ്പുമുറികള്‍ പണിയുന്നത് മണ്ടത്തരമാണ്. അധികച്ചെലവാണ് എന്ന് മാത്രമല്ല, പിന്നീട് വൃത്തിയാക്കുന്നതുള്‍പ്പെടെ നിങ്ങള്‍ തന്നെ ബുദ്ധിമുട്ടേണ്ടി വരും. അത്യാവശ്യത്തിനുമാത്രം ഭിത്തികള്‍ നല്‍കാനും ശ്രദ്ധിക്കണം. ചുരുക്കത്തില്‍ വീടുപണിയുടെ ഓരോ ഘട്ടത്തിലും വീട്ടുകാരുടെ ബുദ്ധിപൂര്‍വമായ ഇടപെടല്‍ ഉണ്ടായേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button