Latest NewsKeralaNews

പോലീസിന് മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്; പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി

കാക്കനാട്: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലുന്ന സംഭവങ്ങള്‍ കേരളത്തിന്റെ സാമൂഹിക സ്ഥിതിയിലുണ്ടായ മാറ്റമാണെന്നും പരിഷ്‌കൃത സമൂഹത്തിന് ഇത് അംഗീകരിക്കാനാവില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം കാക്കനാടില്‍ പതിനേഴുകാരിയെ പെട്രോളോഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരികരിക്കുകയായിരുന്നു ഡിജിപി.

കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ തടയാന്‍ പോലീസ് മാത്രം വിചാരിച്ചാല്‍ സാധിക്കില്ലെന്നും സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടപെടല്‍ അത്യാവശ്യമണെന്നും ലോകത്ത് എവിടെ വേണമെങ്കിലും ഇത്തരം കൊലപാതകങ്ങള്‍ നടക്കാമെങ്കിലും നമ്മുടേത് നല്ലൊരു സമൂഹമാണെന്നും അതുകൊണ്ട് ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാക്കനാടില്‍ ഉണ്ടായ സംഭവം വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഞ്ചു നിമിഷത്തെ ആവേശത്തില്‍ നഷ്ടമായത് രണ്ട് ചെറുപ്പക്കാരുടെ ജീവനാണ്. ഇത് വളരെയധികം വിഷമുണ്ടാക്കുന്നതാണ്. ഇതൊന്നുമല്ല ജീവിതത്തിന്റെ അവസാനം. ജീവന്‍ വളരെ വിലപ്പെട്ടതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അന്വേഷണത്തിനാവശ്യമായതെല്ലാം ചെയ്യും. എന്നാല്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കാതിരിക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഡിജിപി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കാക്കാനാട് അതിദാരുണമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി പറവൂര്‍ പല്ലംതുരുത്തി സ്വദേശി മിഥുന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദേവിക സംഭവസ്ഥലത്തു തന്നെ മരിച്ചു.

സാരമായി പൊള്ളലേറ്റ മിഥുനിനെ (27) കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ അച്ഛനും ആശുപത്രിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button