KeralaLatest NewsNews

‘വാതിലിന് മുകളിലൂടെ നോക്കുമ്പോളവനാ ഫാനില്‍ തൂങ്ങി നില്‍പ്പൊണ്ട്’- സുഹൃത്തിന്റെ മരണത്തെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്

”ആ നശിച്ച രാത്രിയിലെനിക്ക് ഡ്യൂട്ടിയെടുക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍… അവന്‍ പോകണ്ടാന്ന് പറഞ്ഞപ്പോഴെങ്കിലും വല്ല പനിയെന്നോ മറ്റോ കള്ളം പറഞ്ഞ് ഞാന്‍ പോകാതിരുന്നിരുന്നെങ്കില്‍.. അന്നത്തെ ആ രാത്രി ഒന്നും സംഭവിക്കാതെ കടന്നു പോയിരുന്നെങ്കില്‍.. അതുമല്ലെങ്കില്‍ കുറേ നിര്‍ബന്ധിച്ചെങ്കിലും ആ മരുന്ന് കഴിപ്പിച്ചിരുന്നെങ്കില്‍, അവനിപ്പോഴും”… സുഹൃത്തിന്റെ മരണത്തെ കുറിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട് കുറിച്ച വരികളാണ്. ലോക മാനസികാരോഗ്യ ദിനത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കിട്ടാണ് ഡോ. മനോജിന്റെ കുറിപ്പ്. ‘ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ആത്മഹത്യകളെ പ്രതിരോധിക്കാന്‍ ഒരു 40 സെക്കന്റ് വേണ്ടപ്പെട്ടവര്‍ക്കായി നീക്കി വയ്ക്കണമെന്നാണ് ഇന്നത്തെ സന്ദേശം. മിക്കവാറും ആത്മഹത്യകളും നമുക്കൊന്ന് മനസു വച്ചാല്‍ തടയാന്‍ കഴിയുന്നതാണ്. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സിക്കാന്‍ പ്രേരിപ്പിക്കണം. കൃത്യമായ ശാസ്ത്രീയമായ ചികിത്സ തന്നെ ലഭ്യമാക്കണം. ഒപ്പം, നമ്മള്‍ കൂടെയുണ്ടെന്ന കരുതലു’മെന്ന് ഡോക്ടര്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..?’

പുറത്തുപോയി ഡിന്നർ കഴിച്ച് വരുന്നവഴി അവനെന്നോട് ചോദിച്ചു. ഹൗസ് സർജൻസി കഴിഞ്ഞ് നിക്കുന്ന സമയമാണ്. ഇനി പലപ്പോഴായി ലീവെടുത്തതിന്റെ എക്സ്റ്റൻഷൻ കൂടിയേയുള്ളു. എക്സ്റ്റൻഷനില്ലാതെ കംപ്ലീറ്റ് ചെയ്തവരെല്ലാം പല വഴിക്ക് പിരിഞ്ഞു തുടങ്ങിയിരുന്നു.

എനിക്ക് ഒരാഴ്ചയും അവന് രണ്ടാഴ്ചയും എക്സ്റ്റൻഷനുണ്ടായിരുന്നു. ഒരുമിച്ച് തീർക്കാനായി ഞാനാദ്യത്തെ ആഴ്ച ഡ്യൂട്ടിയ്ക്ക് പോയില്ല. പക്ഷെ പുതിയ ബാച്ച് ഹൗസ് സർജൻസ് എത്തിയിട്ടില്ലാത്തതിനാൽ എന്നും വിളി വരും ചെല്ലാൻ. എന്നാലും പോയില്ലാ.

അവനിപ്പോ കാഴ്ചയിൽ സന്തോഷത്തിലാണെങ്കിലും, ഇപ്പോൾ ഗുളികകളൊക്കെ സ്വന്തം ഇഷ്ടപ്രകാരം നിർത്തി, ഇനിയതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് നടപ്പാണെങ്കിലും, ഞാനെപ്പോഴും കൂടെ വേണമെന്നത് എന്റെ നിർബന്ധമായിരുന്നു. രാവിലെ ഒരുമിച്ചുപോയി കഴിക്കും. ശേഷം, അവൻ ഡ്യൂട്ടിയ്ക്ക് പോകും, ഞാൻ ഹോസ്റ്റലിലേക്കും. ഉച്ചയ്ക്കവന്റെ ഡ്യൂട്ടി കഴിയും മുമ്പ് ഞാനവിടെത്തും. വീണ്ടും പോയി കഴിക്കും. പിന്നെ കറങ്ങാനോ സിനിമയ്ക്കോ പോകും. അതായിരുന്നു ദിനചര്യ.

അന്നു രാത്രിയിൽ ലേബർ റൂം ഡ്യൂട്ടിയ്ക്ക് വേറെ ഹൗസ് സർജൻസാരെയും കിട്ടാഞ്ഞിട്ടാണ് എനിക്ക് നിരന്തരം വിളി വന്നത്. ഗത്യന്തരമില്ലാതെ ഞാൻ സമ്മതിച്ചു. അവന്റെ ജീവിതത്തിലെ ഒരു നിർണായക സംഭവമുണ്ടായ ദിവസമാണതെന്ന് ഞാൻ മറന്നതല്ല. മറ്റുവഴിയില്ലായിരുന്നു. അപ്പോഴാണവൻ ചോദിച്ചത്,

‘ഇന്ന് രാത്രി നിനക്ക് ഡ്യൂട്ടിയ്ക്ക് പോകാതിരുന്നൂടേ..? രാത്രി നമുക്കെവിടേലും പോകാം..’

‘വേറാരുമില്ല ഡ്യൂട്ടിയ്ക്ക്, ഇനി മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല. നീയൊരു കാര്യം ചെയ്യ് കുറച്ചു കഴിഞ്ഞങ്ങോട്ട് വാ. നമുക്കവിടെ കിടക്കാം..’

അവനതിനൊന്നും പറഞ്ഞില്ല. ഒരു നോർമൽ ഡെലിവറി കഴിഞ്ഞ് രാത്രിയേതാണ്ട് 11 മണിയോടെ ഞാനവനെ വിളിച്ചു, വരുന്നില്ലേന്ന് ചോദിക്കാൻ. ഇല്ലാ, ഞാനുറങ്ങാൻ കിടന്നുവെന്ന് പറഞ്ഞ് ഫോൺ വച്ചു. ശബ്ദത്തിൽ ഉറക്കച്ചടവും എനിക്ക് തോന്നി. പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലെത്തി നേരെയവന്റെ റൂമിൽ പോയി തട്ടി. തുറക്കുന്നില്ല. ഫോണിൽ വിളിച്ചു. ബെല്ലടിക്കുന്നൂ, എടുക്കുന്നില്ല. ഒരു കസേരയെടുത്തു കൊണ്ടുവന്ന് വാതിലിന് മുകളിലൂടെ നോക്കുമ്പോളവനാ ഫാനിൽ തൂങ്ങി നിൽപ്പൊണ്ട്.

പരിചയപ്പെടുന്നവരാരും ഒരിക്കലും മറക്കാത്ത, ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത, ജീവിതത്തെ പോസിറ്റീവായി മാത്രം കണ്ടിരുന്നൊരാൾ. കടുത്ത വിഷാദത്തിലേക്ക് പോയപ്പോൾ ഞങ്ങളൊരുപാട് പേർ അവന് പല രീതിയിലും താങ്ങാവാൻ ശ്രമിച്ചതാണ്. ഇനിയൊരു അറ്റംപ്റ്റ് കൂടിയുണ്ടാവാതിരിക്കാൻ ഒരു നിഴൽ പോലെ കൂടെക്കൊണ്ടു നടന്നതുമാണ്..

ആ നശിച്ച രാത്രിയിലെനിക്ക് ഡ്യൂട്ടിയെടുക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ… അവൻ പോകണ്ടാന്ന് പറഞ്ഞപ്പോഴെങ്കിലും വല്ല പനിയെന്നോ മറ്റോ കള്ളം പറഞ്ഞ് ഞാൻ പോകാതിരുന്നിരുന്നെങ്കിൽ.. അന്നത്തെ ആ രാത്രി ഒന്നും സംഭവിക്കാതെ കടന്നു പോയിരുന്നെങ്കിൽ.. അതുമല്ലെങ്കിൽ കുറേ നിർബന്ധിച്ചെങ്കിലും ആ മരുന്ന് കഴിപ്പിച്ചിരുന്നെങ്കിൽ, അവനിപ്പോഴും…

ഓർക്കുമ്പോളിപ്പോഴും കരച്ചിൽ വരും. ഞാൻ കാരണമാണെന്നൊക്കെ തോന്നും. ആ തോന്നൽ പൂർണമായും തെറ്റല്ലെന്ന് വാദിച്ച് ഞാനെന്നെ തന്നെ കുറ്റവാളിയാക്കും. കാരണം, എനിക്കവനെ രക്ഷിക്കാൻ കഴിയുമായിരുന്നു, എനിക്കു മാത്രം..

ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ആത്മഹത്യകളെ പ്രതിരോധിക്കാൻ ഒരു 40 സെക്കന്റ് വേണ്ടപ്പെട്ടവർക്കായി നീക്കി വയ്ക്കണമെന്നാണ് ഇന്നത്തെ സന്ദേശം. മിക്കവാറും ആത്മഹത്യകളും നമുക്കൊന്ന് മനസു വച്ചാൽ തടയാൻ കഴിയുന്നതാണ്. വിഷാദത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സിക്കാൻ പ്രേരിപ്പിക്കണം. കൃത്യമായ ശാസ്ത്രീയമായ ചികിത്സ തന്നെ ലഭ്യമാക്കണം. ഒപ്പം, നമ്മൾ കൂടെയുണ്ടെന്ന കരുതലും..

ചില കുറ്റബോധങ്ങൾ 40 വർഷം കഴിഞ്ഞാലും അറ്റുപോവില്ല. അതുകൊണ്ട് മറക്കണ്ടാ, ഒരു 40 സെക്കന്റ്!

മനോജ് വെള്ളനാട്

https://www.facebook.com/drmanoj.vellanad/posts/2893011067395381

shortlink

Related Articles

Post Your Comments

Related Articles


Back to top button