KeralaLatest NewsIndia

കൂടത്തായി മരണങ്ങളില്‍ ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളിലും അന്വേഷണം, മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും

മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ 2 പേര്‍ ഛര്‍ദിക്കുകയും ഇവരുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തുകയും ചെയ്‌തെന്നാണ് പരാതി

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ ആളുകളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നോ മരിച്ച റോയിയുടെ ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോള്‍ 2 പേര്‍ ഛര്‍ദിക്കുകയും ഇവരുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തുകയും ചെയ്‌തെന്നാണ് പരാതി. കഴിഞ്ഞ വര്‍ഷമാണു സംഭവം. ഭക്ഷണമുണ്ടാക്കുന്ന സമയം ജോളി ഈ വീട്ടിലെത്തിയിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം.വീട്ടിലെത്തിയ ജോളി ഭക്ഷണം വിളമ്പും മുന്‍പേ മടങ്ങി. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുതുടങ്ങിയ ഉടന്‍ രണ്ടു പേര്‍ ഛര്‍ദിച്ചു.

ഇതോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതു നിര്‍ത്തിയ ചര്‍ദ്ദിച്ചവരെ ആശുപത്രിയിലെത്തിച്ചു. രക്തത്തില്‍ വിഷാംശം ഉണ്ടെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷണം പരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും അതിനു പൊലീസ് കേസെടുത്തതിന്റെ എഫ്‌ഐആര്‍ ആവശ്യമാണെന്നായിരുന്നു ലഭിച്ച ഉപദേശം. ഇതോടെ വേണ്ടെന്ന് വ്ച്ചു. ഇപ്പോൾ ബന്ധുക്കൾ സംശയമുന്നയിക്കുകയാണ്. ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പത്തെ ആഴ്ചയും ഇവര്‍ കോയമ്പത്തൂരില്‍ പോയതായാണ് അറിയുന്നത്.

പി എച്ച്‌ ഡി ചെയ്യാന്‍വേണ്ടിയെന്ന വ്യാജേനയായിരുന്നു ഇവരുടെ യാത്രകള്‍. കോയമ്പത്തൂരില്‍ ജോളി ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് അന്വേഷണസംഘം പരിശോധിക്കും. അതിനിടെ ജോളിയുടെ മൂന്ന് ഫോണുകള്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോണ്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞു. ജോളി മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്തുക അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്. ഫോണിനായി കഴിഞ്ഞ ദിവസം ഷാജുവിന്റെ വീട്ടീല്‍ അന്വേഷണ സംഘം എത്തിയിരുന്നു.

ഈ ഫോണുകള്‍ ജോളിയുടെ ബന്ധുക്കളുടെ കൈവശം ഉണ്ടാകാമെന്ന സൂചനയാണ് ഷാജു നല്‍കുന്നത്. ജോളി അറസ്റ്റിലാകുന്ന ദിവസം ജോളിയുടെ ബന്ധുക്കളില്‍ ചിലര്‍ പൊന്നാമറ്റത്ത് ഉണ്ടായിരുന്നതാണ് ഇതിന് കാരണം. ഇതിനിടെ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളായ ജോളി ജോസഫ്, എം എസ് മാത്യു, പ്രജികുമാര്‍എന്നിവരെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. 11 മണിയോടെ കോടതി നടപടികള്‍ ആരംഭിക്കും.വലിയ സുരക്ഷാക്രമീകരങ്ങളോടെയാണ് കേസിലെ മുഖ്യപ്രതി ജോളിയടക്കമുള്ളവരെ കോടതിയിലെത്തിക്കുക. ജില്ലാ ജയിലിലാണ് നിലവില്‍ പ്രതികള്‍ ഉള്ളത്.പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ റൂറല്‍ എസ്.പിയുടെ ഓഫീസിലേക്ക് എത്തിക്കുമെന്നാണ് സൂചന. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകുക.പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം ക്രെംബ്രാഞ്ച്‌ ആരംഭിക്കും. ഏറെ സങ്കീര്‍ണ്ണമായ കേസായതിനാല്‍അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button