KeralaLatest NewsNews

കേരളത്തെ ഭീതിയിലാഴ്ത്തിയ കൂടത്തായി കൊലപാതക പരമ്പരയ്ക്ക് മുമ്പെ കരിമ്പ കൊലപാതകം : കരിമ്പ കൊലയില്‍ ഞെട്ടിവിറച്ച് ഇപ്പോഴും കേരളം

പാലക്കാട് : കേരളത്തെ ഭീതിയിലാഴ്ത്തിയ കൂടത്തായി കൊലപാതക പരമ്പരയ്ക്ക് മുമ്പെ കരിമ്പ കൊലപാതകം , കരിമ്പ കൊലയില്‍ ഞെട്ടിവിറച്ച് ഇപ്പോഴും കേരളം. കൂടത്തായി കൂട്ടക്കൊലപാതകക്കേസ് കേരളത്തെ പിടിച്ചു കുലുക്കുമ്പോള്‍ 46 വര്‍ഷം മുന്‍പു പാലക്കാട് കരിമ്പയില്‍ നടന്ന മറ്റൊരു കൂട്ടക്കൊലപാതകം പഴയ തലമുറയുടെ ഓര്‍മയിലേക്ക് ഓടിയെത്തുന്നുണ്ടാകും. 1973 ജൂണ്‍ 7നു വൈകിട്ടാണു കരിമ്പ പുല്ലേരി ചെറുപറമ്പില്‍ ജോണിന്റെ ഭാര്യ സാറ, മക്കളായ ജോണ്‍, സാലി, തോമസ്, ബാബു എന്നിവരും വീട്ടുജോലിക്കാരനായ കുഞ്ഞേലനും അടക്കം 6 പേര്‍ വിഷം കലര്‍ന്ന മാനിറച്ചി ഉള്ളില്‍ചെന്നു മരിച്ചത്.

ആദ്യം ഭക്ഷ്യവിഷബാധയെന്ന തരത്തില്‍ കാര്യമായി അന്വേഷണം നടക്കാതിരുന്ന കേസ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അതോടെയാണു നാടിനെ നടുക്കിയ കുടിപ്പകയുടെ ചുരുളഴിഞ്ഞത്.ജോണിന്റെ കുടുംബവുമായി അസ്വാരസ്യമുണ്ടായിരുന്നയാള്‍ ഒരു സ്ത്രീയെ ഉപയോഗിച്ച്, ജോണിന്റെ വീട്ടില്‍ പാകം ചെയ്ത മാനിറച്ചിയില്‍ വിഷം ചേര്‍ത്തെന്നാണു പൊലീസ് കേസ്. ഇറച്ചിക്കറി കഴിച്ച് അവശരായവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറുപേര്‍ അപ്പോള്‍ തന്നെ മരിച്ചു. ജോണും മറ്റു കുടുംബാംഗങ്ങളും ആഴ്ചകളോളം ചികിത്സ തേടിയശേഷമാണു ജീവിതത്തിലേക്കു തിരികെയെത്തിയത്. അന്ന് ആറു മാസം മാത്രം പ്രായമുണ്ടായിരുന്ന ഇളയമകന്‍ വിഷം ചേര്‍ന്ന ഭക്ഷണം കഴിച്ച അമ്മയുടെ മുലപ്പാല്‍ കുടിച്ച് അരയ്ക്കുതാഴെ തളര്‍ന്നു ദുരന്തത്തിന്റെ സാക്ഷിയായി ഇന്നും ജീവിക്കുന്നു.പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെങ്കിലും കേസ് കോടതിയിലെത്തിയപ്പോള്‍ കുറ്റം ആരോപിക്കപ്പെട്ടവരെയെല്ലാം വിട്ടയച്ചു. എന്നാല്‍, കേസ് അവിടെ അവസാനിച്ചില്ല.

1981 ലെ ക്രിസ്മസ് രാത്രിയില്‍ വീടിനുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ജോണിനെ ഒരു സംഘം ആളുകള്‍ വെടിവച്ചു കൊന്നു. ഒപ്പം വീട്ടിലുണ്ടായിരുന്ന 3 പേര്‍ക്കു നേരെ നിറയൊഴിച്ചെങ്കിലും അവര്‍ക്കു ജീവഹാനി സംഭവിച്ചില്ല. അന്നു രാത്രി തന്നെ ജോണിന്റെ വീടിന് അക്രമികള്‍ തീകൊളുത്തി.മാനിറച്ചിയില്‍ വിഷം ചേര്‍ത്ത കേസില്‍ കോടതി വിട്ടയച്ച കരിമ്പ സ്വദേശി ചാക്കോയും മറ്റു രണ്ടു പേരുമായിരുന്നു ഈ കേസിലെയും പ്രതികള്‍. വെടിവയ്പു കേസില്‍ പ്രതികളെ സെഷന്‍സ് കോടതി വിട്ടയച്ചെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ചാക്കോ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി ശരിവച്ചതോടെ കീഴടങ്ങി.2002ല്‍ ജയിലില്‍ വച്ച് അസുഖബാധിതനായായിരുന്നു ചാക്കോയുടെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button