Latest NewsNewsIndia

കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിക്ക് 20000 രൂപ പിഴയിട്ട് അധ്യാപകന്‍; കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: സര്‍വലാശാല കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനാണ് അധ്യാപകന്‍ പിഴ ചുമത്തിയത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സര്‍വകലാശാലയിലെ സെന്‍ട്രല്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. എന്നാല്‍ വീട്ടില്‍നിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബര്‍ മൂന്നിന് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. ഈ വിവരം ആരോ അധികൃതരെ അറിയിച്ചതോടെയാണ് ആയുഷിനെതിരെ പിഴയീടാക്കിയത്. കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാര്‍ സിങ് ആയുഷില്‍ നിന്നും വിശദീകരണം തേടി.

ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശന്നത് കൊണ്ടാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു. ഇനി നിയമം ലംഘിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ വിശദീകരണം അധ്യാപകന്‍ ചെവികൊണ്ടില്ല. 20,000 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെടുകയും ഒരാഴ്ചയ്ക്കകം പിഴ അടച്ചില്ലെങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അധ്യാപകന്‍ ആയുഷിനോട് പറഞ്ഞു. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ആയുഷ് സിങ് കാന്റീനില്‍ പതിവായി അനധികൃതമായെത്തി ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അധ്യാപകന്‍ പറയുന്നത്. രജിസ്റ്ററില്‍ പല പേര് നല്‍കി വിദ്യാര്‍ഥി കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നെന്നും വിദ്യാര്‍ഥി കഴിച്ച ദിവസങ്ങളുടെ എണ്ണം കണക്കാക്കി 10000 രൂപ അടക്കണമെന്നും നിയമം അനുസരിക്കാത്തതിനാല്‍ ഇരട്ടിയാണ് പിഴ നിശ്ചയിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേസമയം സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button