KeralaLatest NewsIndia

മാവോയിസ്‌റ്റുകള്‍ തിരിച്ചടിക്ക്‌ ഒരുങ്ങിയേക്കും, വനം വകുപ്പിനും പോലീസിനും ജാഗ്രതാ നിർദ്ദേശം

പോലീസ്‌, വനംവകുപ്പ്‌ ഓഫീസുകളിലും സായുധജാഗ്രത പുലര്‍ത്തണമെന്നു വയനാട്‌ ജില്ലാ പോലീസ്‌ മേധാവി നിര്‍ദേശിച്ചു. ഉദ്യോഗസ്‌ഥര്‍ രാത്രി ഒറ്റയ്‌ക്കു സഞ്ചരിക്കരുത്‌.

കല്‍പ്പറ്റ : വിവിധ ഏറ്റുമുട്ടലുകളില്‍ ഏഴു പ്രവര്‍ത്തകരെ കേരളാ പോലീസ്‌ വധിച്ച സാഹചര്യത്തില്‍ മാവോയിസ്‌റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി സൂചന. പോലീസിനും വനംവകുപ്പിനും ആഭ്യന്തരവകുപ്പിന്റെ ജാഗ്രതാനിര്‍ദേശം. വനമേഖലയിലും വനാതിര്‍ത്തികളിലുള്ള പോലീസ്‌, വനംവകുപ്പ്‌ ഓഫീസുകളിലും സായുധജാഗ്രത പുലര്‍ത്തണമെന്നു വയനാട്‌ ജില്ലാ പോലീസ്‌ മേധാവി നിര്‍ദേശിച്ചു. ഉദ്യോഗസ്‌ഥര്‍ രാത്രി ഒറ്റയ്‌ക്കു സഞ്ചരിക്കരുത്‌.

വനമേഖല കൂടുതലുള്ളതും മാവോയിസ്‌റ്റുകള്‍ക്കു സ്വാധീനമുള്ളതുമായ വയനാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അതീവ ജാഗ്രതാനിര്‍ദേശമുണ്ട്‌.മാവോയിസ്‌റ്റ്‌ ആക്രമണസാധ്യതയുള്ള തിരുനെല്ലി, തലപ്പുഴ, പുല്‍പ്പള്ളി, വെള്ളമുണ്ട, മേപ്പാടി പോലീസ്‌ സ്‌റ്റേഷനുകളില്‍ കൂടുതല്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകളെ നിയോഗിച്ചു. കുപ്പു ദേവരാജന്‍, അജിത, സി.പി. ജലീല്‍ എന്നിവരാണ്‌ ഇതിനു മുമ്പ് പോലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്‌റ്റുകള്‍. മുതിര്‍ന്നനേതാക്കളായ കുപ്പുദേവരാജനും അജിതയും നിലമ്പൂര്‍ കരുളായി വനത്തില്‍ വധിക്കപ്പെട്ടത് സി.പി.ഐ. (മാവോയിസ്‌റ്റ്‌) പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നു പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നിലപാടെടുത്തെങ്കിലും കേന്ദ്രനേതൃത്വം അനുമതി നല്‍കിയില്ല. എന്നാല്‍, തുടര്‍ന്ന്‌ രണ്ട്‌ ഏറ്റുമുട്ടലുകളിലായി നാലു പ്രവര്‍ത്തകര്‍കൂടി മരിച്ചതോടെ തിരിച്ചടിക്കു നേതൃത്വത്തിനുമേല്‍ സമ്മര്‍ദമേറിയെന്നാണു രഹസ്യാന്വേഷണവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാവോയിസ്‌റ്റ്‌ ഗറില്ലാ ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതു മലബാറിലെ വനമേഖലകളിലാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button