KeralaLatest NewsIndiaNews

നബിദിനത്തില്‍ കണ്ട ചില കാഴ്ചകള്‍ ഏതൊരു മനുഷ്യ സ്‌നേഹിയുടേയും കണ്ണു നിറക്കുന്നത്; മതമൈത്രിയുടെ ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം

ഇന്ത്യ എന്റെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്‍മാര്‍ ആണെന്നും പ്രതിജ്ഞ എടുക്കാത്തവരായി ആരും കാണില്ല. എന്നാല്‍ പ്രവൃത്തികളില്‍ മിക്കവരും ഇത് മറന്നുപോകുന്നു. അതൊരുപക്ഷേ കൊടിയുടേയോ നിറത്തിന്റേയോ മതത്തിന്റേയോ ഒക്കെ പേരിലാവാം. എന്നാല്‍ രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും നാം ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങണം. സാംസ്‌കാരിക പൈതൃകം തകര്‍ക്കപ്പെടാതെ സൂക്ഷിക്കേണ്ടവര്‍ നമ്മളാണ്. രാജ്യത്തെ മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ പേരില്‍ വേര്‍തിരിക്കാതെ സര്‍വ്വമതസ്വാതത്ര്യവും മനുഷ്യ ജീവന് വിലകൊടുക്കുന്നതിനുമായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.

ഇത്തരത്തില്‍ നബിദിനത്തില്‍ കണ്ട ഒരു കാഴ്ച നാം മാതൃകയാക്കണം. കോരിച്ചൊരിഞ്ഞ മഴയിലും നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്ര നടകളില്‍ നല്‍കിയ സ്വീകരണം മതസാഹോദര്യ മഹിമ വിളിച്ചോതുന്നതാണ്. മാവേലിക്കര മാന്നാറില്‍ ആണ് പുത്തന്‍ പള്ളിയില്‍നിന്ന് ആരംഭിച്ച നബിദിന റാലിക്കു കുരട്ടിശേരിയിലമ്മ ഭഗവതിക്ഷേത്ര നടയില്‍ ക്ഷേത്ര ഭരണ സമിതിയും തൃക്കുരട്ടി മഹാദേവ ക്ഷേത്ര ജങ്ഷനില്‍ ക്ഷേത്രോപദേശക സമിതിയും മഹാദേവ സേവാസമിതിയും ഭക്തജനങ്ങളും നല്‍കിയ സ്വീകരണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയതും മതമൈത്രി ഒന്നുകൊണ്ടു മാത്രമാണ്.

മനുഷ്യ നന്മയ്ക്കും സാഹോദര്യത്തിനും ഇന്നും പ്രധാന്യം നിലനില്‍ക്കുന്ന കാഴ്ച തന്നെയായിരുന്നു ഇത്. ക്ഷേത്രനടകളില്‍ നിലവിളക്കുകളും മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. ബൊക്ക നല്‍കിയും ഷാള്‍ അണിയിച്ചുമാണ് ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചത്. പുത്തന്‍പള്ളിയില്‍നിന്നും ആരംഭിച്ച ഘോഷയാത്ര ദഫ്മുട്ട്, കോല്‍കളി എന്നിവയുടെ അകമ്പടിയോടെ പന്നായി കടവിലെത്തി തിരികെ എത്തിയപ്പോഴാണു ക്ഷേത്ര നടകളില്‍ സ്വീകരണം നല്‍കിയത്.

കോഴിക്കോട് പേരാമ്പ്രയിലും ഇത്തരത്തിലൊരു മാതൃകാപരിപാടി നടന്നു. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ മംഗളമാക്കാന്‍ നബിദിനാഘോഷ പരിപാടികള്‍ മാറ്റിവെക്കുകയായിരുന്നു പള്ളി കമ്മിറ്റി. പേരാമ്പ്ര പാലേരിയിലെ ഇടിവെട്ടിയില്‍ പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് നബിദിനാഘോഷം മാറ്റിവെച്ച് കൊണ്ട് ഒരു മാതൃക പരമായ തീരുമാനം പള്ളിക്കമ്മറ്റിയെടുത്തത്. ആഘോഷ പരിപാടികള്‍ മാറ്റിവെച്ചെന്ന് മാത്രമല്ല വിവാഹ വീട്ടിലേക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനും മഹല്ല് കമ്മിറ്റി അംഗങ്ങള്‍ എത്തിയിരുന്നു. എല്ലാ വര്‍ഷവും കെങ്കേമമായി നടത്താറുള്ള നബി ദിന ആഘോഷം ഒരാഴ്ചത്തേക്കാണ് മാറ്റി വെച്ചത്. അടുത്ത ഞായാറാഴ്ച നബി ദിനം ആഘോഷിക്കാനാണ് ഇവരുടെ തീരുമാനം. കെളച്ചപറമ്പില്‍ നാരായണന്‍ നമ്പ്യാരുടേയും അനിതയുടേയും മകള്‍ പ്രത്യൂഷയുടേയും കന്നാട്ടി സ്വദേശി ബിനുരാജുവും തമ്മിലായിരുന്നു വിവാഹം. മകളുടെ വിവാഹ ചടങ്ങുകള്‍ കേമമാക്കി നടത്താന്‍ പള്ളിക്കമ്മിറ്റി ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ പ്രത്യുഷയുടെ കുടുംബം ഏറെ സന്തോഷത്തിലാണ്.

ഏതൊരു മനുഷ്യ സ്‌നേഹിയുടേയും കണ്ണു നിറക്കുന്ന ഈ കാഴ്ചകള്‍ നമുക്കും പിന്തുടരാവുന്നതാണ്. രാജ്യത്തിന് ആവശ്യമാണ് ഈ മതമൈത്രി.
മനുഷ്യത്വ ബോധമുള്ളവന് എങ്ങിനെയാണ് മറ്റൊരു മനുഷ്യനെ കണ്ടില്ലെന്ന് നടിക്കാനാവുക. വര്‍ണ്ണ വര്‍ഗ്ഗ വിവേചനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തി ജനങ്ങളെ ബോധവല്‍ക്കരിച്ച ചരിത്രം നമുക്കുണ്ട്. ജാതി മത വേര്‍തിരിവിനെ നിരന്തര ബോധവല്‍ക്കരണങ്ങളിലൂടെയും സമരങ്ങളിലൂടെയും മാറ്റിയെടുത്ത നവോത്ഥാന ചരിത്ര പാരമ്പര്യവും നമുക്കുണ്ട്. ഇന്നു വിദ്യാഭ്യാസവും ചിന്താശക്തിയും വര്‍ധിക്കുകയും സമ്പത്തും സുഖ സൗകര്യങ്ങളും കൂടുകയും ചെയ്തപ്പോള്‍ മാനവ സൗഹാര്‍ദ്ദത്തിന്റെ മൂല്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരാണ് നാം. എന്നാല്‍ മതചിഹ്നങ്ങള്‍ പെരുകി വരികയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിക്കുകയും ചെയ്തുവെന്നതാണ് സത്യം. ഇതില്‍ നിന്നും മാറി സഞ്ചരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യസൗഹാര്‍ദ്ദത്തിന്റെയും മാനുഷിക മൂല്യങ്ങളെയും കുറിച്ച് വരും തലമുറയ്‌ക്കെങ്കിലും നല്ലത് പറയാനും ചെയ്യാനുമുള്ള അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടവരാണ് നാം. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതുപോലെ ആയിരം ഉദാഹരണങ്ങള്‍ അവര്‍ക്കു മുന്‍പിലേക്ക് കാണിച്ചുകൊടുക്കാന്‍ സാധിക്കണം. അത്തരത്തിലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഒരുമിച്ച് കൈകോര്‍ക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം ചരിത്രപ്രധാനമായ ഒരു വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിപ്പിച്ചത്. 134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടായിരുന്നു കോടതി വിധി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്നാണ് കോടതി വിധി. അതോടൊപ്പം, പള്ളി നിര്‍മ്മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും കോടതി വിധിച്ചു. വിധി പ്രഖ്യാപിച്ച് കഴിഞ്ഞ് രാമക്ഷേത്രം പണിയാന്‍ 5 ലക്ഷം വാഗ്ദാനം ചെയ്ത് അസം മുസ്ലീം സംഘടന രംഗത്തെത്തിയത് രാജ്യത്തിന് ഉത്തമമാതൃകയാക്കാന്‍ പ്രവൃത്തിയായിരുന്നു. അസമിലെ 21 പ്രാദേശിക മുസ്ലീം സമുദായങ്ങളെ പ്രതിനിധീകരിച്ചുള്ള ജനഗോസ്തിയ സമന്വയ പരിഷത്ത് എന്ന സംഘടനയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി 5 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. കോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ നല്‍കുമെന്നും സംഘടനയുടെ ചീഫ് കണ്‍വീനറും അസം ന്യൂനപക്ഷ വികസന ബോര്‍ഡ് ചെയര്‍മാനുമായ മോമിനുല്‍ അവാല്‍ വാര്‍ത്ത സമ്മേളനത്തിനിടെ അറിയിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള മാനവ സൗഹാര്‍ദ്ദമാണ് നമുക്ക് ആവശ്യം. മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമായുള്ളതാവണം അത്. ‘ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും’ ഹൃദയത്തില്‍ നിന്നും നമുക്ക് ഇനി ഉരുവിടാം. സാഹോദര്യത്തിന്റെ പുതിയ ഒരു ഭാരതം തന്നെ സൃഷ്ടിച്ചെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button