Nattuvartha

സ്ത്രീ മുന്നേറ്റത്തിന് ‘സമ’ പദ്ധതിയുമായി സാക്ഷരതാ മിഷന്‍

പത്താംതരം-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യതാ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിന് ‘സമ’ പദ്ധതി. സാക്ഷരതാ മിഷനാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും 50 സ്ത്രീകള്‍ പഠിതാക്കളായുള്ള ഓരോ പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി തുല്യത ബാച്ചുകള്‍ ആരംഭിക്കാനാകും. സാമ്പത്തിക പരാധീനതയും ഇതര സാമൂഹ്യ-കുടുംബ സാഹചര്യങ്ങളും കാരണം സ്‌കൂള്‍ പഠനം മുടങ്ങിപ്പോയ ഒരു ലക്ഷത്തോളം സ്ത്രീകള്‍ക്ക് തുടര്‍ന്നു പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. കുടുംബശ്രീ, സാക്ഷരതാമിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ‘സമ’ പദ്ധതി നടപ്പാക്കുക. പത്താം ക്ലാസ് വിജയിക്കാത്തവരും ഹയര്‍സെക്കന്‍ഡറി വിജയിക്കാത്തവരുമായ 50 പേരെ വീതം ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിലും പഠിപ്പിക്കുന്നതിന് ആവശ്യമായ കോഴ്സ് ഫീസും പരീക്ഷാഫീസും മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ മതിയാകും. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകള്‍ സാക്ഷരതാമിഷനാണ് നടത്തുക. പത്താംതരം തുല്യതാ കോഴ്‌സിന്റെ പൊതുപരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നത് സംസ്ഥാന പൊതുപരീക്ഷാ ബോര്‍ഡാണ്. ഈ കോഴ്സ് പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ പൊതുപരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ്. ഈ രണ്ടു കോഴ്സുകളും വിജയിക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിന് അര്‍ഹതയുണ്ട്. യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, തുല്യതാ അധ്യാപകര്‍ എന്നിവരായി തെരഞ്ഞെടുക്കും. ‘സമ’ പദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും അതുമുഖേന മെച്ചപ്പെട്ട തൊഴിലും ലക്ഷ്യമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button