MollywoodNews

മലയാളികളെ പൊട്ടിചിരിപ്പിച്ച “ചാളമേരി”യുടെ ചിരി മായരുത്; നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടിയുടെ പിഎ ഇവരുടെ വീട്ടിലെത്തി സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മോളിയെ ഉടൻ അങ്ങോട്ട് മാറ്റണമെന്നും അറിയിച്ചിട്ടുണ്ട്

കൊച്ചി: മലയാള സിനിമാ-സീരിയൽ താരം മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. എല്ലാവരെയും പൊട്ടിചിരിപ്പിച്ച “ചാളമേരി” ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വലയുന്ന വാർത്ത കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം. മോളി കണ്ണമാലി എന്ന പേരിനേക്കാളും ചാളമേരി എന്ന പേരിലാണ് മലയാളികൾക്ക് സുപരിചിതയായത്. സ്ത്രീധനം എന്ന പരമ്പരയിലൂടെ മോളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ താരമായി. മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ബിഗ് സ്ക്രീനിലും എത്തി.

രണ്ട് അറ്റാക്ക് കഴിഞ്ഞും പണമില്ലാതെ ചികിത്സ വഴിമുട്ടി നിൽക്കുകയായിരുന്നു മോളി. മമ്മൂട്ടിയുടെ പിഎ ഇവരുടെ വീട്ടിലെത്തി സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മോളിയെ ഉടൻ അങ്ങോട്ട് മാറ്റണമെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ മോളിയെ തിരുവനന്തപുരത്തേക്ക് മാറ്റും. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ സഹായമൊന്നും കിട്ടിയിരുന്നില്ല.

നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്തിൽ ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു പലരുടെയും പ്രതികരണം. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയിൽ വിശദീകരിച്ചു.

അടിയന്തരമായി സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അടുത്തിടെ ഒരു സ്റ്റേജ് ഷോയ്ക്കെത്തിയ മോളിയെ കടുത്ത നെഞ്ചുവേദനയെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ ആരോഗ്യനില മോശമാണെന്ന് ഡോക്ടർമാരും അറിയിച്ചിരുന്നു. സിനിമയിൽ നിന്നും സീരിയലിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇത്രയും നാളും മോളി കഴിഞ്ഞുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button