Latest NewsIndia

മഹാരാഷ്ട്ര സർക്കാരിൽ വകുപ്പുകളില്‍ തീരുമാനമായി; ആഭ്യന്തരം ശിവസേനക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ

സുപ്രധാന വകുപ്പായ ആഭ്യന്തരം ശിവസേനക്കും ധനകാര്യം എന്‍സിപിക്കും ലഭിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്

മുംബൈ: അനിശ്ചിതത്ത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്ര മന്ത്രിസഭയിലെ വകുപ്പുകളില്‍ തീരുമാനമായി. സുപ്രധാന വകുപ്പായ ആഭ്യന്തരം ശിവസേനക്കും ധനകാര്യം എന്‍സിപിക്കും ലഭിച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പ് കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്.ആഭ്യന്തരം, നഗരവികസനം, വനം, പരിസ്ഥിതി, ജലവിതരണം, ജലസംരക്ഷണം, വിനോദ സഞ്ചാരം, പൊതുമേഖലാ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ എന്നിവയുടെ ചുമതല ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

വ്യവസായം, ഉന്നത-സാങ്കേതിക വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം, ഹോര്‍ട്ടികള്‍ച്ചര്‍, ഗതാഗതം, മറാത്തി ഭാഷ, സാംസ്‌കാരിക കാര്യങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ ചുമതല ശിവസേന മന്ത്രി സുഭാഷ് ദേശായിക്ക് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് മന്ത്രി ബാലസാഹേബ് തോരട്ടിന് റവന്യൂ, ഊര്‍ജ്ജം, മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നിവയാണ് നല്‍കിയിരിക്കുന്നത്.

നിതിന്‍ റൗത്തിന് പൊതുമരാമത്ത്, ആദിവാസി ക്ഷേമം, സ്ത്രീ-ശിശുക്ഷേമം, ദുരിതാശ്വാസ പുനരധിവാസം, പട്ടികജാതി പട്ടിക വര്‍ഗം, വിജെഎന്‍ടി, പ്രത്യേക പിന്നോക്ക വിഭാഗ ക്ഷേമം എന്നിവയാണ് നല്‍കിയിരിക്കുന്നത്.എന്‍സിപി മന്ത്രി ജയന്ത് പാട്ടീലിന് ധനകാര്യ ആസൂത്രണം, ഭവന നിര്‍മ്മാണം, പൊതുജനാരോഗ്യം, സിവില്‍ സപ്ലൈസ്, തൊഴില്‍, ന്യൂനപക്ഷ ക്ഷേമം എന്നിവ നൽകി.

മറ്റൊരു എന്‍സിപി മന്ത്രിയായ ചഗന്‍ ഭുജ്ബാലിന് ജലസേചനം, ഗ്രാമവികസനം, സാമൂഹ്യനീതി, എക്‌സൈസ്, നൈപുണ്യ വികസനം എന്നിവയും നല്‍കിയിട്ടുണ്ട്.മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലാത്ത വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. ഡിസംബര്‍ 21ന് സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം അവസാനിച്ചതിനുശേഷം മന്ത്രിസഭ വിപുലീകരണം നടക്കും.

മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ശിവസേന സഖ്യത്തില്‍ അനിശ്ചിതത്ത്വം നിലനില്‍ക്കുകയായിരുന്നു. നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവരുടെ രണ്ട് വീതം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിരിക്കുന്നത്. അതേസമയം, ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ ശിവസേന ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button