Latest NewsKeralaNews

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഇടപെടലുകള്‍ ഫലം കണ്ടു; രോഗികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം• കേരളത്തിന് ഏറെ ആശ്വാസമേകി ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ പുതുക്കിയ വിലവിവര പട്ടികയില്‍ 21 ജീവന്‍ രക്ഷാ മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ അവസരോചിതമായ ഇടപെടല്‍ കൂടിയാണ് ഈ ഉത്തരവിന് പിന്നില്‍. ഈ നടപടിയിലൂടെ എലിപ്പനി, കുഷ്ഠരോഗം, മലേറിയ, എയ്ഡ്‌സ് രോഗികള്‍ക്കുണ്ടാകുന്ന അണുബാധകള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം ചുരുങ്ങിയ ചിലവില്‍ ഫലവത്തായയ ചികിത്സ ലഭ്യമാക്കാന്‍ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയുന്നതാണ്.

പുതുക്കിയ വിലവിവര പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ രണ്ടു വര്‍ഷകാലമായി കെ.എം.എസ്.സി.എല്‍. വഴി ആവര്‍ത്തിച്ച് ദര്‍ഘാസ് ക്ഷണിച്ചിട്ടും വിതരണക്കാരെ കിട്ടാത്തവയാണ്. ബദല്‍ മരുന്നുകള്‍ ലഭ്യമല്ലാത്ത ഈ മരുന്നുകള്‍ പലതരത്തിലുള്ള രോഗ ചികിത്സയ്ക്കും ഒഴുവാക്കാന്‍ കഴിയാത്തതുമാണ്. ചില മരുന്ന് കമ്പനികളുടെ പെട്ടെന്നുള്ള പിന്മാറ്റവും ചികിത്സാമേഖലയില്‍ ആകമാനം പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായി. വിപണിയില്‍ നിന്നും പല കാരണങ്ങളാല്‍ പിന്‍വലിക്കപ്പെട്ട പല മരുന്നുകളും ഉപയോഗിച്ച് ചികിത്സിക്കേണ്ട രോഗാവസ്ഥ, ലഭ്യമായ മറ്റ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കേണ്ടി വരുന്നതുമൂലം പ്രതിശീര്‍ഷ ചെലവിലും ഭയാനകമായ വര്‍ധനവ് ഉണ്ടായി. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെയും മന്ത്രാലയത്തെയും ഈ വസ്തുതകള്‍ ധരിപ്പിച്ചു. നാഷണല്‍ ഫര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ചെയര്‍മാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴും മന്ത്രി ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് ഫലം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button