KeralaLatest NewsNews

ശബരിമലയിലെ തിരക്ക് നിയന്ത്രണം : പൊലീസും ദേവസ്വംബോര്‍ഡും ഇടയുന്നു : മലചവിട്ടാന്‍ ഭക്തര്‍ക്ക് പത്ത് മണിക്കൂറിലേറെ കാത്തിരിപ്പ്

ശബരിമല : ശബരിമലയിലെ തിരക്ക് നിയന്ത്രണം ,പൊലീസും ദേവസ്വംബോര്‍ഡും ഇടയുന്നു. മലചവിട്ടാന്‍ ഭക്തര്‍ക്ക് പത്ത് മണിക്കൂറിലേറെ കാത്തിരിപ്പ് . സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ ഇടത്താവളങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ തടഞ്ഞിടുന്ന പോലീസ് നടപടിയ്‌ക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്. എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂര്‍, മുണ്ടക്കയം, കുമളി എന്നിവിടങ്ങളിലാണ് പോലീസ് വണ്ടികള്‍ തടഞ്ഞിടുന്നത്. ഇതുമൂലം പത്ത് മണിക്കൂര്‍ വരെ കാത്തിരുന്നാണ് അയ്യപ്പന്മാര്‍ സന്നിധാനത്ത് എത്തുന്നത്. ഇടത്താവളങ്ങളില്‍ കനത്ത തിരക്കും നീണ്ട വാഹന കുരുക്കും ഉണ്ടെങ്കിലും സന്നിധാനത്ത് ആ തിരക്ക് ഇല്ല . പതിനെട്ടാം പടി കയറുന്നതിന് പോലും വലിയ തിരക്കില്ല. ഭക്തരെ വഴിയില്‍ തടഞ്ഞിടുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന സംയുക്ത യോഗത്തില്‍ ബോര്‍ഡ് അധികൃതര്‍ പോലീസിനെതിരെരംഗത്ത് വന്നിരുന്നു.

read also : ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് : തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അയ്യപ്പന്മാരെ ഇടത്താവളങ്ങളില്‍ മണിക്കൂറുകളോളം തടയുന്നത്. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ ബുധനാഴ്ച രാവിലെ ആറു വരെ 1.16 ലക്ഷം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് എടുത്താല്‍ ഏകദേശം നാലു ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഇത്രയധികം തിരക്ക് ഉണ്ടായിട്ടും ശബരിമലയ്ക്ക് നിയോഗിച്ച പല ഉന്നത ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയിട്ടില്ല. ശബരിമലയിലെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എ.ഡി.ജി.പി ആണ്. പിന്നെ രണ്ട് ഐ.ജിമാര്‍, മൂന്ന് ഡി.ഐ.ജിമാര്‍ അതിന് താഴെ എസ്.പിമാര്‍ എന്നിങ്ങനെയാണ് ഉള്ളത്. ഇതില്‍ എസ്.പിമാര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ എത്തിയിട്ടില്ല.

തിരക്ക് നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര പരിചയം ഇല്ലാത്ത പൊലീസുകരെയാണ് പലയിടത്തും ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.പതിനെട്ടാം പടി കയറ്റുന്നതിലും ഈ പ്രശ്നമുണ്ട്.വലിയ നടപ്പന്തല്‍ വരെ നല്ല തിരക്ക് ഉണ്ടാവുമ്പോഴും പതിനെട്ടാം പടിയിലും സോപാനത്തിന് മുകളിലെ ഫ്ലൈ ഓവറിലും വലിയ തിരക്ക് ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. വ്യാഴാഴ്ചത്തെ സൂര്യഗ്രഹണവും തങ്ക അങ്കി ഘോഷയാത്രയും പരിഗണിച്ച് തിര്‍ത്ഥാടകരെ പമ്പയില്‍ നിന്നുംകയറ്റിവിടുന്നത് താത്ക്കാലികമായി നിര്‍ത്തുമെന്ന് പോലീസ് അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ തീര്‍ഥാടകരെ കടത്തിവിടാന്‍ സാധ്യത ഇല്ല. വ്യാഴാഴ്ച തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞാല്‍ മാത്രമേ ഇനി തീര്‍ഥാടകരെ പമ്പയിലേക്ക് വിടൂ എന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button